എയർ ഇന്ത്യയും ഇന്ത്യയിലേക്കുള്ള വിമാനസർവീസ് പ്രഖ്യാപിച്ചു; ആദ്യ സർവീസ് നവംബർ 15ന്

ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് എയർ ഇന്ത്യ പുനരാരംഭിക്കുന്നു. സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്കും, തിരിച്ചും ഉള്ള സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

air india

Source: Credit: AAP Image/EPA

ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്ന് മുതൽ രാജ്യാന്തര അതിർത്തി തുറക്കുകയാണ്. വിദേശത്ത് നിന്ന് എത്തുന്ന വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുന്നതോടെ ഡിസംബറിൽ രാജ്യാന്തര അതിർത്തി തുറക്കാൻ രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിട്ടുണ്ട്.

ഇതേത്തുടർന്ന് ക്വാണ്ടസ് ഇന്ത്യയിലേക്ക് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രഖ്യാപിച്ചിരുന്നു.

. സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്കാണ് ഇത്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയും വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.
സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്കുമാണ് സർവീസ്.
നവംബർ 15നാണ് ആദ്യ സർവീസ്. നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉള്ളതെന്ന് എയർ  ഇന്ത്യ അറിയിച്ചു.

ഈ സർവീസുകൾക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയും, ബുക്കിംഗ് ഓഫീസുകളോ കോൾ സെന്ററുകളോ വഴിയും, അംഗീകൃത ട്രാവൽ ഏജന്റുകൾ മുഖേനയും സീറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് മറ്റ് സർവീസുകൾ സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, 18 മാസത്തിന് ശേഷം, ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്കും ഓസ്ട്രേലിയ പിൻവലിക്കുകയാണ്. ഇതോടെ നവംബർ ഒന്ന് മുതൽ വാക്‌സിനേഷൻ പൂർത്തിയാക്കിയവർ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഇളവുകൾ തേടേണ്ടതില്ലെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
വിദേശയാത്ര പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയ രാജ്യാന്തര വാക്‌സിൻ സർട്ടിഫിക്കറ്റ് പുറത്തിറക്കിയിട്ടുണ്ട്.

രാജ്യാന്തര അതിർത്തികളിൽ ഉപയോഗിക്കാൻ വേണ്ടിയുള്ള ഈ സർട്ടിഫിക്കറ്റിൽ, QR കോഡ് ഉണ്ടാകും.

വിദേശത്തേക്ക് യാത്ര ചെയ്യുമ്പോഴും തിരികെ മടങ്ങുമ്പോഴും, രാജ്യാന്തര അതിർത്തികളിൽ ഇത് അധികൃതർ ആവശ്യപ്പെട്ടേക്കാമെന്നും, QR ഉപയോഗിച്ച് വാക്‌സിനേഷൻ സ്റ്റാറ്റസ് ഉറപ്പു വരുത്താൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കി.

MyGov ൽ നിന്ന് ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സർട്ടിഫിക്കറ്റ്, പ്രിന്റ് ഔട്ട് എടുത്തും ഉപയോഗിക്കാവുന്നതാണെന്നും ഫെഡറൽ സർക്കാർ അറിയിച്ചിട്ടണ്ട്.

Share
Published 28 October 2021 12:25pm
By SBS Malayalam
Source: SBS

Share this with family and friends