ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ യാത്രാ വിലക്ക് പിൻവലിക്കുന്നു; വാക്‌സിൻ എടുത്തവർ ഇനി ഇളവ് തേടേണ്ട

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനായി ഇളവുകൾക്കായി ആപേക്ഷിക്കേണ്ട ആവശ്യമില്ല. അതേസമയം, വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകൾ (exemption) ലഭിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

A file photo of a couple holding hands whilst wearing protective gloves and masks in the departures area at the Sydney International Airport.

A file photo of a couple holding hands whilst wearing protective gloves and masks in the departures area at the Sydney International Airport. Source: AAP

ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കുകയാണ്.

രാജ്യാന്തര അതിർത്തി തുറക്കുന്നതോടെ വിദേശത്തു നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ്, ഓസ്‌ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ ഇനി ഇളവുകൾ (exemption) തേടേണ്ടതില്ലെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചത്. 

ഇതോടെ ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള വിലക്ക് നീങ്ങുകയാണ്.

രാജ്യാന്തര അതിർത്തി അടച്ച 2020 മാർച്ച് മുതൽ, വിദേശത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്ന് മുതൽ ഇളവുകൾ ലഭിച്ചാൽ മാത്രമേ അടിയന്തര ഘട്ടങ്ങളിൽ പോലും യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു. 

ഇതിലാണ് നവംബർ ഒന്ന് മുതൽ മാറ്റം വരുന്നത്.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഓസ്‌ട്രേലിയക്കാർക്ക് ഇളവുകൾ ഇല്ലാതെ തന്നെ വിദേശത്തേക്ക് യാത്ര ചെയ്യാമെന്ന് മോറിസൺ അറിയിച്ചു.
ഓസ്‌ട്രേലിയയിൽ അംഗീകാരം ലഭിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു എന്നതിന്റെ തെളിവ് നൽകണം.

മാത്രമല്ല, യാത്ര ചെയ്യുന്നതിന് ഒരാഴ്ച മുൻപ് രണ്ടാം ഡോസും പൂർത്തിയായിരിക്കണം എന്നതാണ് നിബന്ധന. 12 വയസിന് മേൽ പ്രായമായവർക്കാണ് ഇത് ബാധകമാകുന്നത്.
അതേസമയം, വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇളവുകൾ ലഭിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.
ഡിസംബറോടെ അതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ സജ്ജമാണെന്ന് മോറിസൺ അറിയിച്ചിരുന്നു. 

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രഖ്യാപിച്ച സഹചാര്യത്തിൽ, ക്വാണ്ടസ് രാജ്യാന്തര വിമാന സർവീസുകളും പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയൻ പൗരന്മാരെയും, പെർമനന്റ് റെസിഡന്റ്സിനെയും, അവരുടെ അടുത്ത ബന്ധുക്കളെയും മാത്രമാണ് രാജ്യത്തേക്ക് ആദ്യം അനുവദിക്കുന്നത്.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വർഷാവസാനത്തോടെ സ്‌കിൽഡ് വിസയിലുള്ളവരെയും, രാജ്യാന്തര വിദ്യാർത്ഥികളെയും അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് അറിയിച്ചു.

രാജ്യാന്തര യാത്രക്ക് തയ്യാറെടുക്കുന്നവർ വാക്‌സിൻ സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഓസ്ട്രലിയക്കാർക്ക് നവംബർ എട്ട് മുതൽ ക്വാറന്റൈൻ ഇല്ലാതെ സിംഗപ്പൂർ സന്ദർശിക്കാൻ അനുവാദം ലഭിച്ചിട്ടുണ്ട്.



Share
Published 27 October 2021 3:36pm
Updated 27 October 2021 3:58pm
By SBS Malayalam
Source: SBS

Share this with family and friends