ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിനായി പൗരന്മാരുടെയും റെസിഡെൻസിന്റെയും മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
യാത്രാ ഇളവിനായുള്ള അപേക്ഷകൾ ഇന്ന് (വെള്ളിയാഴ്ച) മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്വീകരിച്ചു തുടങ്ങി. നവംബർ ഒന്ന് മുതലാണ് ഓസ്‌ട്രേലിയൻ പൗരന്മാരുടെയും റെസിഡൻസിന്റെയും മാതാപിതാക്കളെ അടുത്ത ബന്ധുക്കളായി കണക്കാക്കുന്ന മാറ്റം പ്രാബല്യത്തിൽ വരിക.
ഇളവിനായി അപേക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ബാധകമാണ്.
ഓസ്‌ട്രേലിയിലുള്ള മകന്റെയോ മകളുടെയോ പൗരത്വം അല്ലെങ്കിൽ പെർമനന്റ് റെസിഡൻസി തെളിയിക്കുന്ന രേഖയും, ഈ വ്യക്തിയുടെ മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖയും സമർപ്പിക്കേണ്ടിവരും.
ജനന സർട്ടിഫിക്കറ്റ്, അഡോപ്ഷൻ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബ സ്റ്റാറ്റസ് തെളിയിക്കുന്ന രേഖ ആവശ്യമാണ്. അപേക്ഷയിൽ അനുവദിക്കുന്ന നൽകിയിട്ടുണ്ട്.
പാസ്‌പോർട്ടും, വിസയും, വാക്‌സിനേഷൻ പൂർത്തിയാക്കിയ രേഖയും യാത്രക്ക് ആവശ്യമാണ്. എല്ലാ രാജ്യാന്തര യാത്രക്കാരും ഓരോ സംസ്ഥാനത്തിന്റെയും ടെറിട്ടറിയുടെയും ക്വാറന്റൈൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
വിദേശത്തുള്ള മാതാപിതാക്കൾക്ക് ഇതുവരെ യാത്രാ ഇളവുകൾ ബാധകമായിരുന്നില്ല.
അതിർത്തിയിൽ നൽകുന്ന ഇളവുകളിൽ കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പുതിയ മാറ്റം ഉൾപ്പെടുത്തിയത്.
മഹാമാരി മൂലം വേർപിരിഞ്ഞിരിക്കുന്ന നിരവധി കുടുംബങ്ങളെ ഈ മാറ്റം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രി കാരൻ ആൻഡ്രൂസ് പറഞ്ഞു.
വിദേശത്ത് മാതാപിതാക്കളുള്ള കുടുംബങ്ങൾക്ക് വിവാഹം, മരണാനന്തര ചടങ്ങുകൾ, കുട്ടികളുടെ ജനനം തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളിൽ പങ്ക് ചേരാൻ കഴിഞ്ഞിട്ടില്ല എന്നദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ത്യാഗത്തിനും കാത്തിരിപ്പിനും എല്ലാ കുടുംബങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
അതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ സജ്ജമെന്ന് പ്രധാനമന്ത്രി
വാക്‌സിനേഷൻ നിരക്ക് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ സജ്ജമാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
സുരക്ഷിതമായി ഓസ്‌ട്രേലിയുടെ അതിർത്തി തുറക്കുക എന്നതാണ് ദേശീയ പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യാന്തര അതിർത്തി തുറക്കുന്നതിന് ഓസ്‌ട്രേലിയ സജ്ജമായത് കൊണ്ട് ഈ വർഷം അവസാനം ഇത് സാധ്യമാകുമെന്നതിൽ ആത്‌മവിശ്വാസമുള്ളതായി പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഡിസംബറിൽ പുനരാരംഭിക്കുമെന്ന് ക്വാണ്ടസ് സി ഇ ഒ അലൻ ജോയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 21 മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് പ്രഖ്യാപിച്ചതിലും നേരത്തെ പല രാജ്യാന്തര റൂട്ടുകളിലും ക്വാണ്ടസ് സർവീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
.