രാജ്യാന്തര യാത്രക്ക് തയ്യാറായോ? വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇങ്ങനെ...

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നതിന് മുന്നോടിയായി രാജ്യാന്തര യാത്രക്ക് ആവശ്യമായ കൊവിഡ് വാക്‌സിൻ പാസ്‌പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്. ഇത് എങ്ങനെ ലഭിക്കുമെന്ന് അറിയാം.

International COVID-19 Vaccination Certificate

Source: Getty Images/ d3sign

ഓസ്ട്രേലിയയിലെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുന്നതോടെ രാജ്യാന്തര അതിർത്തി തുറക്കുമെന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് നവംബർ ഒന്നിന് രാജ്യാന്തര അതിർത്തി തുറക്കും. ഡിസംബർ 21 മുതൽ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുമെന്ന് ക്വണ്ടസും അറിയിച്ചിട്ടുണ്ട്.

ഓസ്ട്രലിയക്കാർ രാജ്യാന്തര യാത്രക്ക് തയ്യാറാവുമ്പോൾ, പാസ്പോർട്ടിനും വിസക്കും പുറമെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടി കൈവശം കരുതേണ്ടതുണ്ട്. ഇത് ചൊവ്വാഴ്ച മുതൽ സർക്കാർ ലഭ്യമാക്കി തുടങ്ങിയിട്ടുമുണ്ട്.

രാജ്യാന്തര യാത്രക്ക് ആവശ്യമായ വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കാമെന്ന് അറിയാം.

ഓസ്‌ട്രേലിയൻ പാസ്പോർട്ടോ വിസയോ ഉള്ളവർ

ഓസ്‌ട്രേലിയൻ പാസ്പോർട്ട് ഉള്ളവർക്കും, വിവിധ ഓസ്‌ട്രേലിയൻ വിസയിലുള്ളവർക്കും, myGov
വഴി വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കും.

കൂടാതെ, മെഡികെയർ എക്സ്പ്രസ്സ് ആപ്പ് വഴിയും വാക്‌സിൻ പാസ്പോർട്ട് ലഭ്യമാകും.

myGov ലൂടെയാണ് ലോഗിൻ ചെയ്യുന്നതെങ്കിൽ, Go to Medicare എന്ന
ഓപ്‌ഷൻ സെലക്ട് ചെയ്ത്, സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

നിങ്ങളുടെ പാസ്‌പോർട്ടിലെ വിവരങ്ങൾ ഇവിടെ നൽകേണ്ടതാണ്. പേരും പാസ്‌പോർട്ട് നമ്പറും നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ രാജ്യാന്തര യാത്രക്കുള്ള കൊവിഡ് വാക്‌സിൻ പാസ്പോർട്ട് ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്യുകയോ, പ്രിന്റ് എടുക്കുകയോ ചെയ്ത് കൈവശം വയ്ക്കണം.

എക്സ്പ്രസ് പ്ലസ് മെഡികെയർ ആപ്പ്

ഇനി എക്സ്പ്രസ് പ്ലസ് മെഡികെയർ മൊബൈൽ ആപ്പ് വഴിയാണ് സർട്ടിഫിക്കറ്റ് എടുക്കുന്നതെങ്കിൽ, സർവീസസ് എന്ന ഓപ്‌ഷനിൽ നിന്ന് പ്രൂഫ് ഓഫ് വാക്‌സിനേഷൻസ് സെലക്ട് ചെയ്യുക. ശേഷം സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. നിങ്ങളുടെ പേരും പാസ്‌പോർട്ടിലെ വിവരങ്ങളും നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും.

മെഡികെയർ ഇല്ലെങ്കിൽ...

മെഡികെയറിന് അർഹരല്ലാത്തവർക്കും, ഓൺലൈൻ ആയി മെഡികെയർ ഉപയോഗിക്കാൻ കഴിയാത്തവർക്കും വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭ്യമാണ്.

ഇതിനായി (AIR) വിളിക്കുകയോ, സമീപത്തുള്ള സന്ദർശിക്കുകയും ചെയ്യാം.

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിങ്ങളുടെ പേര് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അതിനും പരിഹാരമുണ്ട്. ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ ബന്ധപ്പെട്ട് പ്രശ്‍നം പരിഹരിക്കാം.

നിങ്ങൾ സ്വീകരിച്ച വാക്‌സിന്റെ വിവരങ്ങൾ വാക്‌സിനേഷൻ പ്രൊവൈഡർ ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ അറിയിക്കേണ്ടതാണ്. വാക്‌സിന്റെ ബാച്ച് നമ്പറും രാജ്യത്തിന്റെ കോഡും ഇവർ നൽകും.

ഇവ ഇല്ലാതെ നിങ്ങൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ കഴിയില്ല.

ഇനി ഈ വിവരങ്ങൾ തെറ്റായാണ് ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ നൽകിയിരിക്കുന്നതെങ്കിൽ, നിങ്ങളുടെ വാക്‌സിനേഷൻ പ്രൊവൈഡറെ ബന്ധപ്പെടുകയും, വിവരങ്ങൾ AIRന് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം.

നിങ്ങൾ വിദേശത്ത് നിന്ന് സ്വീകരിച്ച വാക്‌സിന്റെ വിവരങ്ങളാണ് AIR നു നല്കുന്നതെങ്കിലും രാജ്യത്തിൻറെ കോഡും ബാച്ച് നമ്പറും നൽകേണ്ടത് ആവശ്യമാണ്.


 

 


Share
Published 26 October 2021 1:05pm
By SBS Malayalam
Source: SBS

Share this with family and friends