Key Points
- XBB.1.5 ഒമിക്രോണിൻറെ പുതിയ വകഭേദം.
- മുൻ വകഭേദങ്ങളെയപേക്ഷിച്ച് വ്യാപന ശേഷി കൂടുതൽ
- വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് നിർദ്ദേശം
XBB.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദത്തിനെതിരെ ഓസ്ട്രേലിയക്കാർ ജാഗ്രത പാലിക്കണമെന്നാണ് വിദ്ഗ്ദരുടെ മുന്നറിയിപ്പ്.
അമേരിക്കയിൽ കണ്ടുവന്നിരുന്ന വകഭേദത്തെ ഇപ്പോൾ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചു.
BA 2 ന്റെ മറ്റൊരു വകഭേദമായ XBB.1.5 മറ്റ് ഉപ വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റോബർട്ട് ബൂയ് SBS ന്യൂസിനോട് പറഞ്ഞു.
പുതിയ ഉപവകഭേദത്തെ താൻ 'എക്സ്ട്രാ ബാഡ് ബോയ്' എന്ന് വിശേഷിപ്പിക്കുമെന്നും പ്രൊഫസർ ബൂയ് കൂട്ടിച്ചേർത്തു.
പുതിയ വകഭേദം എക്കാലത്തെയും മോശമായ വേരിയന്റ് ആണെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും ഇത് മുൻപുണ്ടായിരുന്നതിനേക്കാൾ അപകടശേഷി കുറഞ്ഞതാണെന്നാണ് പ്രൊഫസർ റോബർട്ട് ബൂയുടെ വിലയിരുത്തൽ.
വ്യാപന ശേഷി കൂടുതലാണെങ്കിലും XBB.1.5 മറ്റ് വകഭേദങ്ങളെ പോലെ കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വാക്സിനുകൾ ഫലപ്രദമോ?
XBB.1.5 നെതിരെ വാക്സിൻ ഫലപ്രദമാണോ എന്നതിൽ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.
വൈറസിൻറ രൂപമാറ്റം വളരെ വേഗത്തലായിരുന്നുവെന്നും വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെന്നും പ്രൊഫസർ ബൂയ് പറഞ്ഞു.
വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ അടുത്ത ഏതാനും ആഴ്ചകളിൽ പുറത്തുവരുമെന്നും പ്രൊഫസർ ബൂയ് വ്യക്തമാക്കി.
മറ്റ് ഒമിക്രോൺ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, XBB.1.5-ന് ഉയർന്ന പുനർവ്യാപന സാധ്യതയുണ്ടെന്ന് നവംബറിൽ WHO ചുണ്ടിക്കാട്ടിയിരുന്നു.
എങ്ങനെ സ്വയം സുരക്ഷിതരാകാം?
ഓസ്ട്രേലിയക്കാർ പ്രായോഗിക ബുദ്ധിയോടെയുള്ള സമീപനമാണ് പുതിയ വകഭേദത്തിൻറെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്ന് പ്രൊഫസർ ബൂയ് അഭിപ്രായപ്പെട്ടു.
- ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുക.
- ആരോഗ്യപരമായി ദുർബല വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ നാലാമത്തെ ഡോസ് എടുക്കുക.
- രോഗലക്ഷണങ്ങൾ ഉണ്ടായാൽ ജി.പിയുമായി സംസാരിക്കുക. കൊവിഡ് പരിശോധന നടത്തുക.
- കൊവിഡ് പൊസിറ്റീവ് ആണെങ്കിൽ, ആൻറിവൈറൽ തെറാപ്പി സ്വീകരിക്കുക.
ഓസ്‌ട്രേലിയയിൽ, കൊവിഡ് വൈറസിനെതിരെയുള്ള ഓറൽ ആൻറിവൈറൽ ചികിത്സ മരുന്നുകൾ - Paxlovid, Lagevrio - ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ് സ്കീമിൽ (PBS) ഉൾപ്പെടുത്തിയിട്ടുണ്ട്.
മെഡികെയർ കാർഡുള്ളവർക്ക് മരുന്നുകൾ സബ്‌സിഡിയോടെ ലഭ്യമാകും.