ലേബർ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഓസ്‌ട്രേലിയയുടെ പെർമനന്റ് മൈഗ്രേഷൻ പദ്ധതി വിപുലമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
2022/23 കാലയളവിൽ കൂടുതൽ പേരെ സ്‌കിൽഡ് മൈഗ്രേഷൻ പദ്ധതിയിലൂടെയും, ഫാമിലി സ്ട്രീമിലൂടെയും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയിലൂടെ വരാൻ കഴിയുന്നവരുടെ എണ്ണം സർക്കാർ കൂട്ടി. 1,60,000ൽ നിന്ന് 1,95,000 ലേക്കാണ് ഈ വിഭാഗത്തിലുള്ള വിസകളുടെ എണ്ണം ഉയർത്തിയത്.
സ്‌കിൽഡ് വിസകളുടെ എണ്ണം 79,600ൽ നിന്ന് 1,42,400ലേക്ക് ഉയർത്തുമെന്ന് ഒക്ടോബർ മാസത്തിൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കിയിരുന്നു.
താത്കാലിക സ്‌കിൽഡ് ഷോർട്ടേജ് വിസയിലുള്ളവർക്ക് (TSS സബ്ക്ലാസ്സ് 482) പെർമനന്റ് വിസക്ക് അപേക്ഷിക്കാൻ കഴിയുന്ന രീതിയിൽ ഭേദഗതി നടപ്പിലാക്കുന്നതായും സർക്കാർ അറിയിച്ചു.
457 വിസയുള്ളവരുടെ പ്രായപരിധിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു.
462 വർക്കിങ് ഹോളിഡേ മേക്കർ വിസക്കായുള്ള മാനദണ്ഡങ്ങളിൽ ഇളവ് നടപ്പിലാക്കി.
ഇത്തരത്തിൽ ഓസ്‌ട്രേലിയൻ കുടിയേറ്റ പദ്ധതിയിൽ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.
സർക്കാർ നടപ്പിലാക്കിയ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ ഇവയാണ്.
1. സ്റ്റേറ്റ്-സ്‌പോൺസർഷിപ്പ് വിസകളുടെ എണ്ണത്തിൽ വർദ്ധനവ്
ഉൾനാടൻ മേഖലകളിലേക്ക് കൂടുതൽ വിസകൾ അനുവദിക്കുന്നത് വഴി സംസ്ഥാന വിസകളുടെ നിരക്ക് ഗണ്യമായി വർദ്ധിക്കുമെന്ന് മുൻ ഇമിഗ്രേഷൻ വകുപ്പ് സെക്രട്ടറി അബുൽ റിവ്സി എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
2022/23 കാലയളവിലേക്കായി സംസ്ഥാനങ്ങൾക്കും ടെറിറ്ററികൾക്കും (സബ്ക്ലാസ്സ് 190) 31,000 വിസകൾ മാറ്റിവയ്ക്കുന്നതായാണ് കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചത്.

A breakdown of the skilled visas available in the 2022/23 budget.
ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് പദ്ധതിയിൽ (സബ്ക്ലാസ് 188) 5,000 വിസകൾ നൽകും.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങൾ വിസ മാനദണ്ഡങ്ങളിൽ ഇളവുകൾ നടപ്പിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് സ്‌കിൽഡ് ഇൻഡിപെൻഡന്റ് വിസ (സബ്ക്ലാസ്സ് 189) ലഭിക്കുന്നവരുടെ എണ്ണം കൂടുമെന്ന് കരുതുന്നതായി റിസ്‌വി പറഞ്ഞു.
2. പാർട്ണർ വിസ എളുപ്പമാക്കി
പാർട്ണർ വിസ എളുപ്പമാക്കുന്നതിനായുള്ള ഭേദഗതികൾ സർക്കാർ നടപ്പിലാക്കി.
അപേക്ഷകരുടെ എണ്ണം അനുസരിച്ച് അല്ലെങ്കിൽ ഡിമാൻഡ് അനുസരിച്ച് വിസ നൽകുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

Family reunions will be easier with no limit to partner and child visas. Source: Getty / jacoblund/iStockphoto
ചൈൽഡ് വിസകൾക്കും പരിധി ഏർപ്പെടുത്തിയിട്ടില്ല. 3,000 ചൈൽഡ് വിസകൾ ഈ സാമ്പത്തിക വർഷത്തിൽ നൽകുമെന്നാണ് കണക്ക്കൂട്ടൽ.
3. വിസ അനുവദിക്കുന്ന മുൻഗണനയിൽ മാറ്റം
ഓസ്‌ട്രേലിയൻ വിസ നൽകുന്നതിനുള്ള മുൻഗണനാക്രമം പുതുക്കി.
- ആരോഗ്യ സംരക്ഷണം, അധ്യാപന തൊഴിൽ അപേക്ഷകൾ
- എംപ്ലോയർ-സ്പോൺസേർഡ് വിസകൾക്ക് മുൻഗണന. അംഗീകൃത സ്പോൺസർ നാമനിർദ്ദേശം ചെയ്യുന്ന അപേക്ഷകർക്ക് ബാധകം.
- ഉൾനാടൻ പ്രദേശത്തിനായുള്ള വിസകൾ (ഡെസിഗനെറ്റഡ് റീജിയണൽ ഏരിയ വിസ)
- പെർമെനന്റ് വിസ, പ്രൊവിഷണൽ സബ്ക്ലാസ്സ് വിസകൾ. കുടിയേറ്റ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന സബ്ക്ലാസ്സ് 188 ഒഴിച്ചുള്ള വിസകൾ.
- മറ്റെല്ലാ വിസ അപേക്ഷകളും
4. പസിഫിക് മേഖലയിൽ നിന്നുള്ള കുടിയേറ്റം വർദ്ധിക്കും
ജൂലൈ 2023 മുതൽ പസിഫിക് മേഖലയിൽ നിന്നുള്ള കുടിയേറ്റം വർദ്ധിക്കും.
പസഫിക് എൻഗേജ്‌മെന്റ് വിസ (PEV) എന്ന പദ്ധതിയിലൂടെ 3,000 പേരെ ഓസ്‌ട്രേലിയയിലെത്തിക്കും. പസിഫിക് രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ ഓസ്‌ട്രേലിയയിലെത്തിക്കുകയാണ് ലക്ഷ്യം.

Workers from Pacific countries such as the Solomon Islands will have access to a new Australian visa from 1 July 2023. Source: AP / Mark Schiefelbein
5. ന്യൂസീലന്റുകാർക്ക് മുൻഗണന
സ്‌കിൽഡ് ഇൻഡിപെൻഡന്റ് വിസ (സബ്ക്ലാസ്സ് 189) എന്ന വിഭാഗത്തിന് മുൻഗണന നൽകുന്നത് വഴി, ന്യൂസീലന്റ് സ്ട്രീമിലൂടെ ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ന്യൂസീലന്റുകാർക്ക് വിസ ലഭിക്കാൻ എളുപ്പമാകും.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് വിസ മാനദണ്ഡങ്ങളിൽ നിരവധി ഇളവുകളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.