ഏഷ്യന്‍ സ്റ്റോറുകളിലെ ഭക്ഷണവസ്തുക്കളില്‍ അലര്‍ജിക്ക് കാരണമാകുന്ന ഘടകങ്ങളെന്ന് കണ്ടെത്തല്‍

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ അലര്‍ജിക്ക് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

A customer shops at a supermarket in Yichang city, central China's Hubei province, August 2016.

A customer shops at a supermarket in Yichang city in central China's Hubei province, August 2016. Source: AAP

മെല്‍ബണിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകരാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ വസ്തുക്കളെക്കുറിച്ച് ഈ പഠനം നടത്തിയത്.

മെല്‍ബണില്‍ ആറ് ഏഷ്യന്‍ ഗ്രോസറി കടകളില്‍ നിന്നായി 50 പാക്കറ്റ് ഭക്ഷണവസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് പരിശോധിച്ചത്.

ഇതില്‍ 46 ശതമാനം ഉത്പന്നങ്ങളിലും, പാക്കറ്റില്‍ രേഖപ്പെടുത്താത്ത അലര്‍ജി ഘടകങ്ങള്‍ ഉള്‍പ്പെടുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

18 ശതമാനം ഉത്പന്നങ്ങളില്‍ ഒന്നിലേറെ അലര്‍ജി ഘടകങ്ങളാണ് ഉള്ളത്.
മുട്ട, ഗ്ലൂട്ടന്‍, പാല്‍, കപ്പലണ്ടി തുടങ്ങിയവയുടെ അംശം പാക്കറ്റില്‍ രേഖപ്പെടുത്താത്ത നിരവധി ഉല്‍പന്നങ്ങളില്‍ കണ്ടെത്തി എന്ന് പഠനത്തില്‍ പറയുന്നു.
അലര്‍ജിക്ക് കാരണമാകുന്ന ഉത്പന്നങ്ങളുണ്ടെങ്കില്‍ അത് പാക്കറ്റില്‍ രേഖപ്പെടുത്തണം എന്നാണ് ഓസ്‌ട്രേലിയയിലെ നിയമം.
Groundnuts / Peanuts - showing seed case  (AAP/Mary Evans/Ardea/Jean-Michel Labat) | NO ARCHIVING, EDITORIAL USE ONLY
Source: AAP
സൂപ്പ്, ക്രാക്കറുകള്‍, ബിസ്‌കറ്റുകള്‍, മിഠായികള്‍ എന്നിവയിലൊക്കെ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷ്യ അലര്‍ജി ഉള്ളവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാവുന്ന സാഹചര്യമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആന്‍ഡ്രിയാസ് ലോപാറ്റ പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളിലാണ് ഇത്തരം ഘടകങ്ങള്‍ ഏറ്റവുമധികം കണ്ടെത്തിയത്. തായ്‌ലന്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ഭക്ഷ്യ ഇറക്കുമതി വര്‍ഷം 2.5 ശതമാനം വീതമാണ് കൂടുന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പ്രൊഫസര്‍ ലോപാറ്റ പറഞ്ഞു.

ഭക്ഷ്യ അലര്‍ജി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വന്‍ തോതിലാണ് രാജ്യത്ത് കൂടുന്നത്.

1997ല്‍ നിന്ന് 2005 വരെ 350 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. അടുത്ത ഏഴു വര്‍ഷം, അതായത് 2012 വരെ 150 ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി.

പലപ്പോഴും ഇത്തരം അലര്‍ജികള്‍ നിരവധി പേരുടെ മരണത്തിന് വരെ കാരണമാകുന്നുണ്ട്.


 

Share
Published 3 December 2019 4:01pm
Updated 3 December 2019 4:04pm


Share this with family and friends