വിദേശ യാത്രക്കും ഇനി വാക്‌സിൻ സർട്ടിഫിക്കറ്റ്; ഓസ്‌ട്രേലിയക്കാർക്ക് നാളെ മുതൽ ലഭിക്കും

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കുന്നതിന് മുന്നോടിയായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഓസ്‌ട്രേലിയക്കാർക്ക് വാക്‌സിൻ പാസ്പോർട്ട് നൽകുന്നു. ചൊവ്വാഴ്ച മുതൽ ഇത് ലഭ്യമാകുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

vaccine passport

Source: Getty Images/Jasmin Merdan

ഓസ്ട്രേലിയ നവംബറിൽ രാജ്യാന്തര അതിർത്തി തുറക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിരുന്നു. വിദേശ യാത്ര പുനരാരംഭിക്കുന്നതിന് മുന്നോടിയായി രാജ്യാന്തര യാത്രക്കാർക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് പുറത്തിറക്കുകയാണ് ഫെഡറൽ സർക്കാർ.

ഇതോടെ രാജ്യാന്തര അതിർത്തി തുറക്കുന്നതിന് ഒരു ചുവട് കൂടി മുൻപോട്ടു വച്ചിരിക്കുകയാണ് ഓസ്ട്രേലിയ.

ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ റെക്കോർഡ് ചെയ്യപ്പെട്ട, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് വിസക്കാർക്കുമാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

നിലവിൽ ലഭിക്കുന്ന വാക്‌സിൻ പാസ്‌പോർട്ടിന് സമാനമാണ് രാജ്യാന്തര യാത്രക്കുള്ള വാക്‌സിൻ സർട്ടിഫിക്കറ്റ്.
എന്നാൽ നിലവിലെ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി ഇതിൽ QR കോഡ് ഉണ്ടാകും. രാജ്യാന്തര അതിർത്തികളിൽ ഉപയോഗിക്കാൻ വേണ്ടിയാണിത്.
വിദേശത്തേക്ക് യാത്ര ചെയ്യുമ്പോഴും തിരികെ മടങ്ങുമ്പോഴും, രാജ്യാന്തര അതിർത്തികളിൽ ഇത് അധികൃതർ ആവശ്യപ്പെട്ടേക്കാമെന്നും, QR ഉപയോഗിച്ച് വാക്‌സിനേഷൻ സ്റ്റാറ്റസ് ഉറപ്പു വരുത്താൻ കഴിയുമെന്നും സർക്കാർ അറിയിച്ചു.

ഇത് വഴി യാത്രക്കാർക്ക് ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും യാത്ര ചെയ്യാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെയും ലോകാരോഗ്യ സംഘടനയുടെയും നിർദ്ദേശപ്രകാരമുള്ള സർട്ടിഫിക്കറ്റ് ആണിത്.

ചൊവ്വാഴ്ച മുതലാണ് വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഈ സർട്ടിഫിക്കറ്റ്, MyGov ൽ നിന്ന് ഡിജിറ്റലായി ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇത് പ്രിന്റ് ഔട്ട് എടുത്തും ഉപയോഗിക്കാവുന്നതാണെന്ന് തൊഴിൽ മന്ത്രി സ്റ്റുവർട്ട് റോബർട്ട് വ്യക്തമാക്കി.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻന്റെ (IATA) ട്രാവൽ പാസ് ഉൾപ്പെടെയുള്ള ട്രാവൽ ആപ്പുകളിലും ഉപയോഗിക്കാവുന്നതാണിത്.

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് വാക്‌സിൻ പാസ്പോർട്ട് ഇപ്പോൾ ലഭ്യമാണ്. നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇത് ആവശ്യമാണ്.


 

 

 


Share
Published 18 October 2021 12:32pm
By SBS Malayalam
Source: SBS

Share this with family and friends