ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറക്കും മുൻപ് വാക്‌സിൻ പാസ്പോർട്ട് വിതരണം ചെയ്യാനാണ് പദ്ധതി. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് വാക്‌സിൻ പാസ്പോർട്ട് ലഭിക്കുന്നത്.
രാജ്യാന്തര യാത്രകൾക്കും രാജ്യത്തിനുള്ളിൽ തന്നെ പല സ്ഥലങ്ങളും സന്ദർശിക്കാനും ഇതാവശ്യമായി വന്നേക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
വാക്‌സിൻ സ്വീകരിച്ചവർക്ക് ഫോണിലൂടെ തന്നെ പാസ്പോർട്ട് ലഭ്യമാക്കാനാണ് സർക്കാർ പദ്ധതി.
14 വയസിന് മേൽ പ്രായമായവർക്ക് ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേയ്റ്റ്‌മെന്റോ, ഡിജിറ്റൽ സർട്ടിഫിക്കറ്റോ ആവശ്യമാണ്.
മെഡികെയർ ഉള്ളവർക്ക് എങ്ങനെ പാസ്പോർട്ട് ലഭിക്കും?
മെഡികെയർ വഴിയാകും പാസ്പോർട്ട് ലഭിക്കുന്നത്. ഇതിനായി ആദ്യം myGov അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇത് മെഡികെയറുമായി ലിങ്ക് ചെയ്യണം.
എക്സ്പ്രസ്സ് പ്ലസ് മെഡികെയർ സ്മാർട്ട് ഫോൺ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിലൂടെയും ഇത് ലഭ്യമാക്കാം.
ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും, 'ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി' സെലക്ട് ചെയ്ത നിങ്ങളുടെ പേരിൽ ക്ലിക് ചെയ്യുകയും വേണം. ശേഷം, 'View covid-19 Digital Certificate' എന്ന ബട്ടൺ അമർത്തുക. 'Add to Apple Wallet' എന്ന ബട്ടനിലോ 'Save to phone' എന്ന ബട്ടനിലോ അമർത്തിയാൽ വാക്‌സിൻ പാസ്പോർട്ട് ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പേയിൽ സേവ് ആകും.
വ്യത്യസ്തമായ വാക്‌സിന്റെ ഡോസുകളാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നതെങ്കിൽ, വാക്‌സിൻ സ്വീകരിച്ചതിന് തെളിവായി ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേയ്റ്റ്‌മെന്റ് ആവശ്യമാണെന്ന് സർവീസ് ഓസ്ട്രേലിയ വെബ്സൈറ്റിൽ പറയുന്നു.

Medicare card Source: AAP Image/Mick Tsikas
വെബ്സൈറ്റിലൂടെയും പാസ്പോർട്ട്
ഇനി ആപ്പ് ഡൗൺലോഡ് ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് വാക്‌സിൻ പാസ്പോർട്ട് ലഭിക്കാൻ മറ്റു മാർഗങ്ങളുമുണ്ട്.
ഇതിനായി myGov വഴി മെഡികെയർ ഓൺലൈൻ അക്കൗണ്ടിൽ ലോഗിൻ ചെയ്യാം.
MyGov അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം, 'മെഡികെയർ' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. പിന്നീട്, 'ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി' യിൽ ക്ലിക്ക് ചെയ്യുകയും നിങ്ങളുടെ പേര് സെലക്ട് ചെയ്യുകയും ചെയ്യുക. 'Add to Apple Wallet' എന്ന ബട്ടനിലോ 'Save to phone' എന്ന ബട്ടനിലോ അമർത്തിയാൽ വാക്‌സിൻ പാസ്പോർട്ട് ഗൂഗിൾ പേയിൽ സേവ് ആകും.
ഓർക്കുക, മെഡികെയർ ഉള്ളവർക്കാണ് ഈ മാർഗത്തിലൂടെ വാക്‌സിൻ പാസ്പോർട്ട് ലഭിക്കുന്നത്.
മെഡികെയർ ഇല്ലെങ്കിൽ..
ഇനി മെഡികെയർ ഇല്ലാത്തവർക്കും വാക്‌സിൻ പാസ്പോർട്ട് ലഭിക്കും. അത് എങ്ങനെയെന്ന് നോക്കാം.
മെഡികെയർ ഇല്ലാത്തവർക്ക്, വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവ് ഓൺലൈൻ ആയി ലഭിക്കണമെങ്കിൽ, Individual Health care Identifiers (IHI) service ആവശ്യമാണ്.
ഇതിനും myGov അക്കൗണ്ട് ഉണ്ടാവണം. ഇതിൽ sign in ചെയ്ത ശേഷം, 'Individual Health care Identifiers service' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. പിന്നീട്, ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററിയിലും ക്ലിക്ക് ചെയ്യേണ്ടതാണ്.
ശേഷം, 'Add to Apple Wallet' എന്ന ബട്ടനിലോ 'Save to phone' എന്ന ബട്ടനിലോ അമർത്തിയാൽ വാക്‌സിൻ പാസ്പോർട്ട് ഗൂഗിൾ പേയിൽ സേവ് ആകും.
ആപ്പിൾ iOS ഉപകരണമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, സഫാരി അഥവാ ഗൂഗിൾ ക്രോം ബ്രൗസറുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ഇനി ആൻഡ്രോയിഡ് ഫോൺ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ക്രോമിലൂടെ വേണം ഈ സേവനം ലഭ്യമാക്കാൻ.

Source: Services Australia
നിങ്ങൾ വിദേശത്താണോ?
ഇനി ഓസ്‌ട്രേലിയക്ക് പുറത്താണ് നിങ്ങളെങ്കിൽ എന്ത് ചെയ്യാമെന്ന് കൂടി നോക്കാം.
TGA അനുമതി നൽകിയിട്ടുള്ള ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ എന്നീ വാക്‌സിനുകളാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നതെങ്കിൽ, ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ റജിസ്റ്ററിൽ ഇവ റെക്കോർഡ് ചെയ്യാം. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഇത് സാധ്യമാകുന്നത്.
വിദേശത്ത് വച്ച് നിങ്ങൾ സ്വീകരിച്ച വാക്‌സിൻ റജിസ്റ്റർ ചെയ്യാനായി, ഓസ്‌ട്രേലിയയിലുള്ള അംഗീകൃത വാക്‌സിനേഷൻ പ്രൊവൈഡറെ ബന്ധപ്പെടാവുന്നതാണ്.
വിദേശത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചതിന് ലഭിക്കുന്ന രേഖകൾ മറ്റ് ഭാഷകളിലാണെങ്കിൽ, അവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്.
ഇനി ഓൺലൈനായി കൊവിഡ് വാക്‌സിൻ പാസ്പോർട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനും മാർഗങ്ങൾ ഉണ്ട്.
തപാലിലൂടെയും ലഭിക്കാം
നിങ്ങളുടെ ഇമ്മ്യൂണൈസേഷൻ ഹിസ്റ്ററി സ്റ്റേയ്റ്റ്‌മെന്റ് പ്രിന്റ് ചെയ്യാൻ വാക്‌സിനേഷൻ പ്രൊവൈഡറോട് ആവശ്യപ്പെടാവുന്നതാണ്. കൂടാതെ, 1800653809 എന്ന നമ്പറിൽ ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ റജിസ്റ്ററിൽ വിളിച്ചാലും ഈ സേവനം ലഭ്യമാണ്.
ഇവിടെ നിന്ന് ഈ രേഖ നിങ്ങൾക്ക് തപാലിൽ അയച്ച് തരും. ഇതിന് 14 ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.
ഓർക്കുക, കൊവിഡ് വാക്‌സിൻ പാസ്പോർട്ട് അഥവാ വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകൾ തികച്ചും സൗജന്യമായി നിങ്ങൾക്ക് ലഭിക്കും.
വാക്‌സിൻ പാസ്‌പോർട്ടിന്റെ പേരിൽ തട്ടിപ്പ് വ്യാപകമാണ്. രണ്ട് ഡോളറിന് പാസ്പോർട്ട് ലഭ്യമാകുമെന്ന് ചൂണ്ടിക്കാട്ടി പലർക്കും SMS സന്ദേശങ്ങൾ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സ്‌കാം ആണെന്ന് സർവീസസ് ഓസ്ട്രേലിയ ജനറൽ മാനേജർ ഹാങ്ക് ജോങ്ഗൻ മുന്നറിയിപ്പ് നൽകി.
വാക്‌സിൻ പാസ്പോർട്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്.