കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്ന ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്ട്രേലിയ പ്രഖ്യാപിച്ച
ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും 66,600 ഡോളർ വരെ പിഴയും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
കഴിഞ്ഞ 14 ദിവസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിരുന്നവർക്കും ഈ നിരോധനം ബാധകമാണ്.
ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമത്തിന്റെ 477ാം വകുപ്പ് പ്രകാരമാണ് ഈ തീരുമാനം.
എന്നാൽ, വിവേചനപരമായാണ് ഈ തീരുമാനമെടുത്തതെന്നും, അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഓസ്ട്രേലിയൻ ലോയേഴ്സ് അലയൻസ് ദേശീയ വക്താവ് ഗ്രെഗ് ബാൺസ് പറഞ്ഞു.
കിരാത നിയമമാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏർപ്പെടുത്താൻ കഴിയുന്ന ഏറ്റവും ലഘുവായ നിയന്ത്രണങ്ങൾ മാത്രമേ പ്രഖ്യാപിക്കാവൂ എന്നാണ് 477ാം വകുപ്പ് പറയുന്നത്.
ഓരോ സാഹചര്യങ്ങളിലും അനിവാര്യമായ ഏറ്റവും കുറഞ്ഞ തോതിലെ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ എന്നാണ് നിയമത്തിലെ വ്യവസ്ഥയെന്ന് ഗ്രെഗ് ബാൺസ് പറഞ്ഞു.
ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള ഓസ്ട്രേലിയക്കാർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയെ സമീപിക്കുകയാണെങ്കിൽ, നിരോധനം പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യം സർക്കാർ കോടതിയിൽ വിശദീകരിക്കേണ്ടി വരും.
സാധ്യമായ ഏറ്റവും ലഘുവായ നിയന്ത്രണമാണ് ഈ യാത്രാ നിരോധനം എന്നായിരിക്കും സർക്കാർ കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരുന്നത്.
സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയുന്ന പൗരൻമാരെ നിരോധിക്കുന്നതിനെക്കാൾ, കാഠിന്യം കുറഞ്ഞ മറ്റ് നിയന്ത്രണമാർഗ്ഗങ്ങൾ ഒന്നുമില്ലേ എന്ന കാര്യവും സർക്കാർ വിശദീകരിക്കേണ്ടി വരും.
ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള ഓസ്ട്രേലിയക്കാരുടെ വ്യക്തിപരമായ സാഹചര്യങ്ങളോ, അവർക്ക് കൊവിഡ് ബാധയുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെയാണ് സർക്കാർ തീരുമാനമെന്നും, അക്കാര്യവും കോടതി കണക്കിലെടുക്കുമെന്നും ഗ്രെഗ് ബാൺസ് ചൂണ്ടിക്കാട്ടി.
ഇതിനു മുമ്പൊരിക്കലും ജൈവസുരക്ഷാ നിയമത്തിലെ 477ാം വകുപ്പ് ഇങ്ങനെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം എസ് ബി എസിനോട് പറഞ്ഞു.
ചീഫ് മെഡിക്കൽ ഓഫീസറുടെ ആരോഗ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം എന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
ഇത് വംശീയ വിവേചനമാണ് എന്ന ആരോപണം പ്രധാനമന്ത്രി സ്കോട്ട് മോറിസൻ നേരത്തേ നിഷേധിച്ചിരുന്നു.