ഇന്ത്യയിൽ നിന്നുള്ളവരുടെ വിലക്ക്: പ്രതിഷേധം കനക്കുന്നു; വംശീയ വിവേചനമല്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് കഠിന പിഴയും ജയിൽ ശിക്ഷയും പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സർക്കാർ നടപടി വംശീയവിവേചനമാണെന്ന ആരോപണം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളി. ഇതാദ്യമായാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് ശേഷം തലയുയർത്തിയ വിവാദങ്ങളോട് മോറിസൺ പ്രതികരിക്കുന്നത്.

Scott Morrison has declined to commit to a start date for when repatriation flights will resume.

Scott Morrison has declined to commit to a start date for when repatriation flights will resume. Source: AAP

കൊവിഡ് വ്യാപനം കൂടിയ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് രണ്ടാഴ്ചത്തേക്ക് സമ്പൂർണ വിലക്കാണ് ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വര്ഷം വരെ തടവും 66,600 ഡോളർ പിഴയും ലഭിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി ഇത്തരത്തിലൊരു നിയമം നടപ്പാക്കിയ ഓസ്‌ട്രേലിയൻ സർക്കാർ നടപടിയിൽ ഇന്ത്യൻ സമൂഹത്തിൽ നിന്നും രോഷവും പ്രതിഷേധവും ഉയർന്നിരിക്കുകയാണ്. 

സർക്കാരിന്റെ തീരുമാനം വംശീയ വിവേചനമാണെന്നും ആരോപണമുണ്ട്. അമേരിക്കയിൽ കോവിഡ് വ്യാപനം കൂടിയപ്പോൾ വിലക്കേർപ്പെടുത്താത്ത ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ളവരെ വിലക്കിയത് ചൂണ്ടിക്കാട്ടിയാണ് ആരോപണം.

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശനവിലക്ക് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നു.
എന്നാൽ യാത്രാ വിലക്കിനെ ന്യായീകരിച്ച പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തന്റെ തീരുമാനത്തിന് പിന്നിൽ വംശീയവിവേചനമാണെന്ന ആരോപണം നിഷേധിച്ചു.
ഇതാദ്യമായാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് ശേഷം തലയുയർത്തിയ വിവാദങ്ങളോട്  മോറിസൺ പ്രതികരിക്കുന്നത്.

ഓസ്ട്രേലിയക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും, ഇതൊരു താൽക്കാലിക നിരോധനം മാത്രമാണെന്നും മോറിസൺ 2GB റേഡിയോയോട് വ്യക്തമാക്കി. 
ഓസ്‌ട്രേലിയയിൽ മൂന്നാം വ്യാപനം തടയേണ്ടതുണ്ടെന്നും രാജ്യത്തെ ക്വാറന്റൈൻ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും മോറിസൺ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അധികാര ദുർവിനിയോഗമാണെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ആരോപണവും മോറിസൺ തള്ളിക്കളഞ്ഞു.

ദുരിതം നേരിടുന്ന ഇന്ത്യൻ ജനതക്കും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജർക്കും ഒപ്പം സർക്കാരുണ്ടാവുമെന്നും യാത്രാവിലക്ക് നീക്കുന്ന കാര്യം ഉടൻ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവരിൽ കോവിഡ് ബാധ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്ന് സർക്കാരി നടപടിയെ പിന്തുണച്ചുകൊണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലിയും വ്യക്തമാക്കി.

IPL ൽ കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ ചില പഴുതുകൾ ഉപയോഗിച്ച് തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് സമ്പൂർണ പ്രവേശന വിലക്കേർപ്പെടുത്താൻ ദേശീയ കാബിനറ്റ് തീരുമാനിച്ചത്.

മെയ് 15 വരെയാണ് ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നുമാണ് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചത്.

9,000 ത്തിലേറെ ഓസ്‌ട്രേലിയക്കാരാണ് ഇപ്പോഴും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.

വിമാനവിലക്ക് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് എടുത്ത പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നിരുന്നു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിലാണിപ്പോൾ.

 

 

 

 


Share
Published 3 May 2021 1:19pm
Updated 3 May 2021 1:22pm
By SBS Malayalam
Source: SBS

Share this with family and friends