"അവൾ പിച്ചവച്ചു നടക്കുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടില്ല"
16 മാസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞുമകളെ വീണ്ടും കാണാമെന്നും, അവളുടെ കൊഞ്ചലുകള്‍ നേരില്‍ കേള്‍ക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു മെല്‍ബണിലുള്ള ഹര്‍ദീപ് നരാംഗും ഭാര്യയും.
രണ്ടു മാസം പ്രായമുള്ളപ്പോള്‍ മുത്തശ്ശിക്കൊപ്പം ഇന്ത്യയിലേക്ക് പോയതാണ് സിവ.
എന്നാല്‍ അപ്രതീക്ഷിതമായി ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചതോടെ സിവ ഇന്ത്യയില്‍ കുടുങ്ങി.
ഇപ്പോള്‍ സിവയ്ക്ക് 18 മാസമായി. കുഞ്ഞുമകളുടെ വളര്‍ച്ചയുടെ കുഞ്ഞുകുഞ്ഞു പടവുകളെല്ലാം നഷ്ടമായതിന്റെ വേദനയിലാണ് ഈ മാതാപിതാക്കള്‍.
ഓസ്‌ട്രേലിയയില്‍ സ്ഥിതി മെച്ചമായതോടെ ഇന്ത്യയിലേക്ക് പോയി മകളെ കൊണ്ടുവരാമെന്ന സ്വപ്‌നത്തിലായിരുന്നു ഇവര്‍. അതിനായി മേയ് 25ന് ടിക്കറ്റും ബുക്ക് ചെയ്തു.
ആ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ് ഇപ്പോള്‍.
എന്നാൽ ഇന്ത്യയിൽ നിയന്ത്രണാതീതമായി പടരുന്ന കൊവിഡ്
ഓസ്ട്രേലിയയിലെ ക്വാറന്റൈൻ ഹോട്ടലുകളിൽ സജ്ജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് മെയ് 15 വരെ താത്കാലികമായി വിലക്കേർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവരുടെ വിമാനം റദ്ദാക്കുകയും ചെയ്തു.

The Narang family before they were separated. Source: Supplied
"സിവയ്ക്ക് ഇപ്പോൾ അവളുടെ അമ്മയും അച്ഛനുമെല്ലാം അവളെ പരിപാലിക്കുന്ന മുത്തശ്ശനും മുത്തശ്ശിയുമാണ്. അവളുടെ ആദ്യ ചുവടുവയ്പ്പ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഇനിയും എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്നറിയില്ല." നരാംഗ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
ഇത്തരത്തിൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 9,000 ഓസ്‌ട്രേലിയക്കാരിൽ ഒരാളാണ് സിവ.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വൈറസ് ബാധ പ്രതിദിനം മൂന്നര ലക്ഷം കടന്നിരിക്കുന്ന അവസ്ഥയിലെത്തിനിൽക്കുമ്പോൾ ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ തിരിച്ചെത്താമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന പലരുടെയും സ്വപ്നമാണ് ഇല്ലാതായത്.
ഓസ്ട്രേലിയൻ സർക്കാർ ഡാർവിനിലേക്ക് നടത്തുന്ന രണ്ട് ക്വാണ്ടസ് വിമാന സർവീസുകളും, സിഡ്നിയിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാന സർവീസുകളും ഇത്തരത്തിൽ നിർത്തിവയ്ക്കാനാണ് തീരുമാനീച്ചത്.
മറ്റ് രാജ്യങ്ങൾ വഴി വരുന്ന കണക്ടഡ് വിമാനസർവീസുകൾക്കും വിലക്ക് ബാധകമാകും.
ദോഹ, ദുബായ്, സിംഗപ്പൂർ, ക്വാലാലംപൂർ എന്നീ രാജ്യങ്ങൾ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ ഇതിനകം നിർത്തിവച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പെർത്തും, അഡ്ലൈഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർ തിരിച്ചെത്തുന്നതും ഇതോടെ സാധ്യമല്ലാതാകും.
അതേസമയം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനുള്ളവരെ കൈവെടിഞ്ഞിട്ടില്ലെന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിക്കുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കൊവിഡ് രണ്ടാം വ്യാപനം മൂലം ഇന്ത്യ PPE കിറ്റുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അതിരൂക്ഷമായ ക്ഷാമം നേരിടുന്നതിനാൽ ഇന്ത്യയ്ക്ക് വേണ്ട PPE കിറ്റുകളും വെന്റിലേറ്ററുകളും എത്തിക്കുമെന്നും മോറിസൺ അറിയിച്ചിട്ടുണ്ട്.