ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള ഫെഡറൽ സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും തീരുമാനം നൂറുകണക്കിന് ഓസ്ട്രേലിയൻ മലയാളികളെയാണ് ബാധിച്ചിരിക്കുന്നത്.
രാജ്യത്തേക്ക് വരാൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയായി സർക്കാർ വെട്ടിക്കുറച്ചിരുന്നു.
ഇതോടൊപ്പം, തിരിച്ചെത്തുന്നവരിൽ നിന്ന് ഹോട്ടൽ ക്വാറന്റൈന്റെ ഫീസ് ഈടാക്കാനും സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിട്ടുണ്ട്.
തിരിച്ചെത്താൻ നാലുമാസം സമയമുണ്ടായിരുന്നിട്ടും അതിനു തയ്യാറാകാത്തവരാണ് ഇപ്പോഴും വിദേശത്തു കഴിയുന്നത് എന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസനും സംസ്ഥാന പ്രീമിയർമാരും പറഞ്ഞത്.
എന്നാൽ ഇന്ത്യയിലെ യഥാർത്ഥ സാഹചര്യം മനസിലാക്കാതെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് നിരവധി മലയാളികൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസങ്ങളിലെല്ലാം നിരവധി തവണ തിരിച്ചെത്താൻ ശ്രമിച്ചിട്ടും ഒരിക്കൽ പോലും വിമാനം ലഭിക്കാത്ത നൂറു കണക്കിന് പേരാണ് കേരളത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതെന്ന് ടാസ്മേനിയ സ്വദേശി അനൂപ് തങ്കനും, മെൽബൺ സ്വദേശി നീൽ ഹാരിസണും എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
തിരിച്ചെത്താൻ വേണ്ടി നടത്തിയ ശ്രമങ്ങളും, നേരിടുന്ന പ്രതിസന്ധികളും ഇവരുടെ തന്നെ വാക്കുകളിൽ കേൾക്കാം.
LISTEN TO

“ഞങ്ങൾ നീന്തി വരുമായിരുന്നോ?”: വിമാനനിയന്ത്രണം പ്രതിസന്ധിയിലാക്കിയത് നൂറുകണക്കിന് ഓസ്ട്രേലിയൻ മലയാളികളെ
SBS Malayalam
10:58
സാമൂഹ്യമാധ്യമങ്ങൾ വഴിയും, ഓൺലൈൻ പെറ്റീഷൻ വഴിയും സർക്കാരിനെ ഈ വിഷയങ്ങൾ അറിയിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കേരളത്തിൽ കുടുങ്ങിക്കിടക്കുന്നവർ പറഞ്ഞു.
ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് വിമാനത്തിൽ ഓസ്ട്രേലിയയക്കാരെ തിരികെ കൊണ്ടുവരുന്നതും നിർത്തിവച്ചിരുന്നു.