ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് ബാധ സജീവമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് തിരിച്ചെത്താനുള്ള ആയിരക്കണക്കിന് പേരുടെ ശ്രമം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
രാജ്യത്തേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
തിരിച്ചെത്തുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കാനും സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, വന്ദേഭാരത് മിഷന്റെ ഭാഗമായി നടത്തുന്ന എയർ ഇന്ത്യ സർവീസുകളിൽ ഓസ്ട്രേലിയയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നത് വെട്ടിക്കുറച്ചു.
ഓസ്ട്രേലിയയിലേക്ക് വരാനായി എയർ ഇന്ത്യ വിമാനങ്ങളിൽ ബുക്ക് ചെ്തിരുന്ന ഭൂരിഭാഗം ടിക്കറ്റുകളും അവസാനനിമിഷം റദ്ദാക്കിയിട്ടുമുണ്ട്.
വരും ദിവസങ്ങളിൽ സർവീസ് നടത്തുന്ന ആറു വന്ദേഭാരത് വിമാനങ്ങളിൽ അഞ്ചിലും ഓസ്ട്രേലിയയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല.
ആറാമത്തെ വിമാനത്തിൽ ആകെ 50 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.
മറ്റുള്ളവരുടെയെല്ലാം ടിക്കറ്റുകൾ എയർ ഇന്ത്യ റദ്ദാക്കിയതായും, ഇവർക്ക് റീഫണ്ട് നൽകുമെന്നും ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ അറിയിച്ചു.

A snapshot of the Australian High Commission's email Source: Supplied
അവസാന നിമിഷത്തിലെ പ്രതിസന്ധി
വന്ദേഭാരത് മിഷന്റെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് വിമാനങ്ങൾ പ്രഖ്യാപിച്ചതുമുതൽ ഇങ്ങോട്ടേക്കും യാത്രക്കാരെ കൊണ്ടുവരുന്നുണ്ടായിരുന്നു.
ചില ചാർട്ടേർഡ് വിമാനങ്ങൾക്ക് പുറമേ, ഏറ്റവുമധികം പേർ ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയത് എയർ ഇന്ത്യ വിമാനങ്ങളിലായിരുന്നു.
39 വിമാനങ്ങളിലായി 8,300ലേറെ പേരാണ് ഇതുവരെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയത്.
അടുത്ത ഘട്ടത്തിൽ പ്രഖ്യാപിച്ച വിമാനങ്ങളിൽ തിരിച്ചെത്താനായി കാത്തിരുന്ന നൂറൂ കണക്കിന് പേർക്ക് അവസാന നിമിഷമാണ് ടിക്കറ്റ് റദ്ദായതായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ജൂലൈ 15നുള്ള ഡൽഹി-സിഡ്നി വിമാനത്തിൽ മാത്രമാകും ഇനി ഓസ്ട്രേലിയയിലേക്ക് യാത്രക്കാരെ കൊണ്ടുവരിക.
50 യാത്രക്കാരെ മാത്രമാണ് ഈ വിമാനത്തിൽ അനുവദിക്കുന്നത്. ആദ്യം ബുക്ക് ചെയ്ത 50 യാത്രക്കാർക്കാകും ഈ അവസരം ലഭിക്കുക.
ജൂലൈ 15നുള്ള ഡൽഹി-സിഡ്നി വിമാനം, ജൂലൈ 15, 17, 18, 19 തിയതികളിലുള്ള ഡൽഹി-മെൽബൺ വിമാനങ്ങൾ എന്നിവയിൽ എയർ ഇന്ത്യ യാത്രക്കാരെ കൊണ്ടുവരില്ല.
ഇതോടെ, ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി പേർക്കാണ് അവസാന നിമിഷം തിരിച്ചടിയായിരിക്കുന്നത്.
വിമാനം കിട്ടിയാലും ക്വാറന്റൈൻ ഫീസ്?
ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവരുടെ സാഹചര്യം ഓസ്ട്രേലിയൻ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുമെന്ന് ഹൈക്കമ്മീഷണർ ബാരി ഒ ഫാരൽ യാത്രക്കാർക്ക് അയച്ച ഇമെയിലിൽ ചൂണ്ടിക്കാട്ടി.
യാത്രാ സൗകര്യം എങ്ങനെ ലഭ്യമാക്കാമെന്ന് ഹൈക്കമ്മീഷൻ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഇനി മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ലഭിച്ചാലും ക്വാറന്റൈൻ ചെലവ് നൽകേണ്ടിവരുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.
ജൂലൈ 12 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരിൽ നിന്ന് ഹോട്ടൽ ക്വാറന്റൈൻ ചെലവ് ഈടാക്കില്ലെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വ്യക്തമാക്കിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളും അടുത്തയാഴ്ച മുതലാണ് ക്വാറന്റൈൻ ഫീസ് ഈടാക്കുന്നത്.
ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആയിരക്കണക്കിന് ഡോളർ ക്വാറന്റൈൻ ഫീസും നൽകേണ്ടിവരും എന്നാണ് പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലേക്കുള്ള സർവീസുകളിൽ മാറ്റമില്ല
അതേസമയം, വന്ദേഭാരത് വിമാനങ്ങളിൽ ഇന്ത്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിൽ മാറ്റമില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ എസ് ബി എസ് പഞ്ചാബി പരിപാടിയെ അറിയിച്ചു.
നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂൾ പ്രകാരം സിഡ്നിയിലും മെൽബണിലും നിന്ന് വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് ഇതുവരെയുള്ള തീരുമാനമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി.