വിക്ടോറിയയിൽ കൊവിഡ് ചികിത്സക്ക് ഇനി ഹോട്ടലുകളും; തീരുമാനം ആശുപത്രികളുടെ സമ്മർദ്ദം കുറക്കാൻ

കൊവിഡ് ബാധിതരായ രോഗികളുടെ ചികിത്സ ക്വാറൻറൈൻ ഹോട്ടലുകളിലേക്ക് മാറ്റാൻ വിക്ടോറിയൻ സർക്കാർ തീരുമാനിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വിക്ടോറിയൻ സർക്കാരിൻറെ നടപടി.

Paramedics tending to their ambulance outside St Vincent hospital in Melbourne. Source: AAP

Paramedics tending to their ambulance outside St Vincent hospital in Melbourne. Source: AAP

കൊവിഡ് ബാധിതരായ രോഗികളെ ആശുപത്രികൾക്ക് പകരമായി ക്വാറൻറൈൻ ഹോട്ടലുകളിൽ ചികിത്സിക്കുവാനാണ് വിക്ടോറിയൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിവാസം അവസാനിക്കുന്ന ഘട്ടത്തിലുള്ള 300-ലധികം കൊവിഡ് രോഗികളെ ചികിത്സ പൂർത്തിയാക്കുന്നതിനായി 'മെഡി-ഹോട്ടലു’കളിലേക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

എമർജൻസി റൂമുകളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായാണ് രോഗികളെ മെഡി- ഹോട്ടലുകളിലേക്ക് മാറ്റുന്നതെന്ന് വിക്ടോറിയൻ ആക്ടിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ പറഞ്ഞു.
മെൽബണിലെ രണ്ടു ക്വാറന്റൈൻ ഹോട്ടലുകളെയാണ് ആദ്യഘട്ടത്തിൽ മെഡി-ഹോട്ടലുകളായി മാറ്റുക. മെൽബൺ CBDയിലെ പുൾമാൻ, എപ്പിങ്ങിലെ മന്ത്ര എന്നീ ഹോട്ടലുകളെ മെഡി-ഹോട്ടലുകളാക്കി മാറ്റും.

മെഡി-ഹോട്ടലിൽ ആയിരിക്കുമ്പോഴും രോഗികൾക്ക് ആശുപത്രി പരിചരണം തുടരുമെന്ന് വ്യക്തമാക്കിയ ആക്ടിംഗ് ആരോഗ്യമന്ത്രി, ഹോട്ടലുകളിലും രോഗികളെ ഇൻപേഷ്യന്റ് ആയി തന്നെയാകും പരിഗണിക്കുകയെന്നും കൂട്ടിച്ചേർത്തു.

കൊവിഡ് ക്വാറൻറൈൻ വിക്ടോറിയ(CQV)ക്കാണ് മെഡി- ഹോട്ടലുകളുടെ പരിപാലന ചുമതല. അടുത്ത ആഴ്‌ച മുതൽ കൊവിഡ് രോഗികളെ ആശുപത്രികളിൽ നിന്ന് മെഡി-ഹോട്ടലുകളിലേക്ക് മാറ്റി തുടങ്ങും.
ഹോട്ടലുകളിലേക്ക് മാറ്റുന്നതിന് മുൻപ് രോഗികളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ വിക്ടോറിയയിലെ ആശുപത്രികളിൽ 976 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതിൽ 112 പേർ തീവൃപരിചരണ വിഭാഗത്തിലും, 30 പേർ വെൻറിലേറ്ററുകളിലുമാണുള്ളത്.


Share
Published 15 January 2022 10:25am
By SBS Malayalam
Source: SBS

Share this with family and friends