രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് അധിക സമയം ജോലി ചെയ്യാം: കൂടുതല്‍ മേഖലകളില്‍ ഐസൊലേഷന്‍ ഇളവ്

കൊവിഡ് ബാധ കൂടുന്നതുമൂലം ഓസ്‌ട്രേലിയയില്‍ ഭക്ഷ്യ വിതരണം ഉള്‍പ്പെടെയുള്ള അവശ്യമേഖലകളിലുണ്ടായ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഈ മേഖലകളില്‍ ജോലി ചെയ്യുന്നതിന് സമയപരിധി ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Prime Minister Scott Morrison speaks to the media during a press conference following a national cabinet meeting, at Parliament House in Canberra.

Prime Minister Scott Morrison speaks to the media during a press conference following a national cabinet meeting, at Parliament House in Canberra. Source: AAP

കൊവിഡ് ബാധയും ഐസൊലേഷനും കാരണം അവശ്യമേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് തൊഴിലില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത്.

ഇത് ഭക്ഷ്യ വിതരണം ഉള്‍പ്പെടെയുള്ള മേഖലകളെ രൂക്ഷമായി  ബാധിച്ചിട്ടുണ്ട്.

ഇത് നേരിടാനായി നിരവധി ഇളവുകള്‍ നല്‍കാന്‍ ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

ആരോഗ്യമേഖലയെയും മറ്റു മേഖലകളെയും ഒരുപോലെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആകെ തൊഴിലാളികളില്‍ പത്തു ശതമാനം പേരെങ്കിലും എല്ലാ സമയത്തും കൊവിഡ് മൂലം ജോലിയില്‍ നിന്ന് മാറി നില്ക്കുന്ന സാഹചര്യമായിരിക്കും എന്നാണ് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
അവശ്യമേഖലകളില്‍ ജോലി ചെയ്യുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനുള്ള സമയപരിധി താല്‍ക്കാലികമായി എടുത്തുകളയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
നിലവില്‍ ആഴ്ചയില്‍ 20 മണിക്കൂറാണ് രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി. ഇതാണ് എടുത്തുമാറ്റുന്നത്.

കഴിഞ്ഞ വര്‍ഷം ചില മേഖലകളില്‍ ഇത്തരത്തില്‍ ഇളവ് നല്‍കിയിരുന്നു.

ഇതിലൂടെ, തൊഴില്‍സ്ഥലങ്ങളില്‍ കൂടുതല്‍ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാം എന്നാണ് പ്രതീക്ഷ.

ഐസൊലേഷന്‍ വേണ്ട

ക്ലോസ് കോണ്‍ടാക്റ്റായി കണ്ടെത്തിയാലും ഐസൊലേഷന്‍ വേണ്ടാത്ത  മേഖലകളുടെ പട്ടികയിലേക്ക് കൂടുതല്‍ തൊഴിലുകളെ ഉള്‍പ്പെടുത്താനും ദേശീയ ക്യാബിനറ്റ തീരുമാനിച്ചു.

ഗതാഗതം, ചരക്കുനീക്കം, ലോജിസ്റ്റിക്‌സ് എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം.
ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ക്ലോസ് കോണ്‍ടാക്റ്റായാല്‍ പോലും, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ ജോലിക്ക് പോകാം.
ട്രക്ക്, ലോജിസ്റ്റിക് മേഖലകളില്‍ 20 മുതല്‍ 50 ശതമാനം പേരെ വരെ ഐസൊലേഷന്‍ നിയമങ്ങള്‍ ബാധിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അത് കണക്കിലെടുത്താണ് ഈ മാറ്റം.

സര്‍വീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

ഇതേ ഇളവ് നല്‍കുന്ന മറ്റു മേഖലകള്‍ ഇവയാണ്:

  • ആരോഗ്യരംഗം
  • എമര്‍ജന്‍സി വിഭാഗങ്ങള്‍
  • നിയമപാലനം
  • ജയില്‍
  • ഊര്‍ജ്ജമേഖല
  • ജലവിതരണം
  • മാലിന്യസംസ്‌കരണം
  • ഭക്ഷണ വിതരണം
  • ടെലികമ്മ്യൂണിക്കേഷന്‍, മാധ്യമരംഗം
  • വിദ്യാഭ്യാസം, ചൈല്‍ഡ് കെയര്‍
എന്നാല്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഇത് ബാധകമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കല്‍ അനിവാര്യം

തൊഴില്‍ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നത് വൈകിക്കരുതെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

2022ലെ ഒന്നാം ടേം തുടങ്ങുന്നത് നീട്ടിവയ്ക്കുമെന്ന് ക്വീന്‍സ്ലാന്റും സൗത്ത് ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചാല്‍ തൊഴില്‍ രംഗത്ത് അഞ്ചു ശതമാനം ജീവനക്കാരുടെ കൂടെ കുറവ് നേരിടുമെന്നാണ് പ്രധാനമന്ത്രി നല്കുന്ന മുന്നറിയിപ്പ്.


Share
Published 13 January 2022 6:22pm
Updated 14 January 2022 2:23pm
By SBS Malayalam
Source: SBS Malayalam


Share this with family and friends