പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ നോർത്തേൺ ടെറിട്ടറിയിലെ
ഗ്രെയ്റ്റർ ഡാർവിനിലും (ലോക്ക്ഔട്ട്) നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡാർവിനിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്കാണ് ലോക്ക്ഡൗൺ ബാധകമാകുക. ഞായറാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.
ആദ്യമായാണ് നോർത്തേൺ ടെറിട്ടറിയിൽ പ്രാദേശിക രോഗബാധ സ്ഥിരീകരിക്കുന്നത്.
കാതറിനിലുള്ള ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് ചീഫ് മിനിസ്റ്റർ മൈക്കിൾ ഗണ്ണർ പറഞ്ഞു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വ്യക്തി നോർത്തേൺ ടെറിട്ടറിക്ക് പുറത്ത് അടുത്തിടെ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗം പടരാൻ സാധ്യതയുള്ളപ്പോൾ ഇദ്ദേഹം സമൂഹത്തിൽ സജീവമായിരുന്നതായി അധികൃതർ വ്യക്തമാക്കി.
ഡാർവിനിലെ മൺസൂൺ നിശാക്ലബും RAAF ബേസും ഉൾപ്പെടെ അഞ്ചിടങ്ങൾ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നു.
വിക്ടോറിയ NSW മായുള്ള അതിർത്തി തുറന്നു
ഇന്ന് (വെളിയാഴ്ച) മുതൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തുറക്കുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡൊമിനിക് പെറോറ്റെയും സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും ന്യൂ സൗത്ത് വെയിൽസിൽ നിന്ന് വിക്ടോറിയിലേക്ക് യാത്ര ചെയ്യാം.
വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പെർമിറ്റോടെ യാത്ര അനുവദിക്കും. രോഗബാധയില്ലെന്നും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്നിട്ടില്ല എന്ന് ഉറപ്പാക്കുന്നതിനുമാണ് പെർമിറ്റ് ആവശ്യമായി വരുന്നത്.
വിക്ടോറിയയിൽ പ്രവേശിച്ച ശേഷം കൊവിഡ് പരിശോധനയും ക്വാറന്റൈനും ആവശ്യമില്ല.
പൂർണമായി വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ളവർക്ക് തിങ്കളാഴ്ച മുതൽ യാത്ര അനുവദിച്ചിരുന്നു.
രോഗബാധ രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലാത്ത, രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് വിക്ടോറിയയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് യാത്ര ചെയ്യാം. എന്നാൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത 16 വയസിന് മേൽ പ്രായമുള്ളവർക്ക് വിനോദത്തിനോ അവധി ആഘോഷിക്കുന്നതിനോ വേണ്ടി ന്യൂ സൗത്ത് വെയിൽസിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല.
ന്യൂ സൗത്ത് വെയിൽസിലേയും ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെയും ഓറഞ്ച് സോണുകൾ വിക്ടോറിയ ഗ്രീൻ സോണുകളാക്കി ഡൗൺഗ്രേഡ് ചെയ്തു. ഇതോടെ വിക്ടോറിയൻ യാത്രാ പെർമിറ്റ് സംവിധാനത്തിൽ ഓസ്‌ട്രേലിയയിലെ എല്ലാ പ്രാദേശിക സർക്കാർ കൗണ്സിലുകളും ഗ്രീൻ സോണുകളായി മാറിയെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതെസമയം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് വൈകാതെ വാക്‌സിനേഷൻ നൽകാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സർക്കാറെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
വിക്ടോറിയയിൽ 1,343 പുതിയ പ്രാദേശിക രോഗബാധയും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ന്യൂ സൗത്ത് വെയിൽസിൽ 249 പ്രാദേശിക കേസുകളും മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ആറു പുതിയ കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ക്വീൻസ്ലാന്റിൽ പുതിയ രോഗബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ല.