വാക്‌സിനേഷൻ വിവരങ്ങൾ നൽകിയില്ല: NSWലെ 5,000 ത്തോളം അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തേക്കും

NSWൽ അധ്യാപകർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചരിക്കണം എന്ന നിർദ്ദേശം ഒരാഴ്ചക്കുള്ളിൽ പ്രാബല്യത്തിൽ വരാനിരിക്കെ 5,000 ത്തോളം അധ്യാപകരുടെ വാക്‌സിനേഷൻ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

NSW Education Minister Sarah Mitchell

NSW Education Minister Sarah Mitchell Source: AAP

അടുത്ത തിങ്കളാഴ്ച മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് NSW സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് 4,900 അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന് വാക്‌സിനേഷൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മേധാവി യിവെറ്റ് കാഷിയ പറഞ്ഞു. NSW പാർലമെന്റിൽ ബജറ്റ് എസ്റ്റിമേറ്റിലാണ് ഇക്കാര്യം പറഞ്ഞത്.

വരും ദിവസങ്ങളിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാഭ്യാസ വകുപ്പിനെ വിവരങ്ങൾ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഷിയ പറഞ്ഞു.
74,000 അധ്യാപകർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

അതെസമയം വാക്‌സിനേഷൻ സ്വീകരിക്കാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്യുന്നതിന് പകരം റാപിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാക്കുന്ന കാര്യം പരിഗണിക്കണമെന്ന് വൺ നേഷൻ എംപി മാർക്ക് ലാതം ആവശ്യപ്പെട്ടു.

റാപിഡ് ആന്റിജൻ പരിശോധന ഫലപ്രദമാണെങ്കിലും വാക്‌സിനേഷന് പകരമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സാറ മിച്ചൽ പറഞ്ഞു.
അധ്യാപകർ വാക്‌സിനേഷൻ വിവരങ്ങൾ നൽകാത്തതിന്റെ കാരണങ്ങളും മറ്റ് വിശദാംശങ്ങളും കണ്ടെത്തുന്നതിനായി 30 പേരെ താത്കാലികമായി ജോലിക്കെടുത്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അധ്യാപകരെ തിരിച്ചു ക്ലാസ് റൂമുകളിൽ എത്തിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് കാഷിയ പറഞ്ഞു.

തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് അടുത്ത മാസം നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഇളവുകൾ നേരത്തെ നടപ്പിലാക്കുമെന്ന് NSW സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച മുതൽ വീടുകളിൽ സന്ദർശകരുടെ എണ്ണത്തിൽ പരിധി ഉണ്ടായിരിക്കില്ല.
വീടിന് പുറത്തുള്ള ഒത്തുകൂടലുകൾക്കുള്ള പരിധി 1,000ത്തിലേക്ക് ഉയർത്തുമെന്ന് പ്രീമിയർ ഡൊമനിക് പെറോറ്റെ പറഞ്ഞു.

എന്നാൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കുള്ള ഇളവുകൾ ഡിസംബർ 15 ന് മാത്രമായിരിക്കും നടപ്പിലാക്കുക. സംസ്ഥാനത്തെ 95 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുന്നത് വരെ ഇതിനായി കാത്തിരിക്കേണ്ടി വരും. മുൻപ് തീരുമാനിച്ചിരുന്ന ഡിസംബർ ഒന്ന് എന്ന തീയതി ഡിസംബർ 15 ലേക്ക് മാറ്റുന്നത് വഴി കൂടുതൽ  പേർ വാക്‌സിനേഷൻ സ്വീകരിക്കാൻ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയർ പെറോറ്റെ പറഞ്ഞു.

NSW ൽ 173 പുതിയ പ്രാദേശിക രോഗബാധയും നാല് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share
Published 2 November 2021 4:09pm
By SBS Malayalam
Source: AAP, SBS


Share this with family and friends