കൊറോണവൈറസ് സാഹചര്യം നേരിടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ദേശീയ ക്യാബിനറ്റ് യോഗം ചേരുന്നതിന് മുമ്പാണ് കടുത്ത നടപടികളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കിയത്.
അവശ്യസേവനങ്ങൾ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ ഉള്ള തീരുമാനം ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും യോഗത്തിൽ അറിയിക്കും.
ചൊവ്വാഴ്ച മുതൽ സ്കൂളുകൾ അടച്ചിടാനാണ് വിക്ടോറിയയുടെ തീരുമാനം. രാജ്യവ്യാപകമായി ഈ നടപടിയിലേക്ക് പോകണമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് ആവശ്യപ്പെടും.
ഇക്കാര്യത്തിൽ അഭിപ്രായസമന്വയമുണ്ടായില്ലെങ്കിൽ സംസ്ഥാന തലത്തിൽ സ്കൂൾ അടക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകാനാണ് വിക്ടോറിയൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ന്യൂ സൗത്ത് വെയിൽസും അടുത്ത 48 മണിക്കൂറിനുള്ളിൽ പൂർണ ലോക്ക്ഡൗണിലേക്ക് പോകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

Victorian Premier Daniel Andrews Source: AAP
സ്കൂളുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും. എന്നാൽ തിങ്കളാഴ്ച രാവിലെ ഇക്കാര്യത്തിൽ കൂടുതൽ തീരുമാനം അറിയിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
സൂപ്പർമാർക്കറ്റുകൾ, പെട്രോൾ സ്റ്റേഷനുകൾ, ഫാർമസികൾ, കൺവീനിയൻറ് സറ്റോറുകൾ, ചരക്കുഗതാഗതവും അനുബന്ധ സ്ഥാപനങ്ങളും, ഹോം ഡെലിവറി എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളാകും അടച്ചിടുക.

NSW Premier Gladys Berejiklian. Source: AAP
സൗത്ത് ഓസ്ട്രേലിയയും WAയും അതിർത്തി അടച്ചു
സൗത്ത് ഓസ്ട്രേലിയയിൽ ചൊവ്വാഴ്ച വൈകിട്ട് നാലു മണി മുതൽ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചു. പ്രീമിയർ സ്റ്റീവൻ മാർഷലാണ് ഇത് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രീമിയർ ഈ തീരുമാനം അറിയിച്ചത്. നിലനിന്നിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച സർക്കാർ, മേജർ എമർജൻസി എന്ന കടുത്ത നടപടിയിലേക്കാണ് നീങ്ങിയത്.
ചൊവ്വാഴ്ച വൈകിട്ടു മുതൽ സംസ്ഥാന അതിർത്തികളിലെ 12 ഹെവി വെഹിക്കിൾ ഇൻസ്പെക്ഷൻ കേന്ദ്രങ്ങളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും.
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓസ്ട്രേലിയൻ വാർത്തകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
സംസ്ഥാനത്തേക്ക് പിന്നീടെത്തുന്ന എല്ലാവരും 14 ദിവസം ഐസൊലേഷനിലേക്ക് പോകാം എന്ന് രേഖാമൂലം ഉറപ്പു നൽകേണ്ടിവരും. എവിടെയായിരിക്കും ഐസൊലേഷനിലേക്ക് പോകുക എന്നും എഴുതി ഒപ്പിട്ടു നൽകണം.
സമാനമായ നടപടിയാണ് വെസ്റ്റേൺ ഓസ്ട്രേലിയയും പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്കെത്തുന്നവർ 14 ദിവസത്തെ സ്വയം ഐസൊലേഷനിലേക്ക് പോകേണ്ടി വരും.