RAT കിറ്റുകൾ വിലകൂട്ടി വിൽക്കൽ: ഒരു മാസത്തിൽ 4,000 പരാതികളെന്ന് ACCC; പൊലീസ് അന്വേഷണത്തിന് ശുപാർശ

റാപിഡ് ആന്റിജൻ പരിശോധന കിറ്റുകൾ വില കൂട്ടി വിൽക്കുന്നതായി ചൂണ്ടിക്കാട്ടി 4,000ത്തിലധികം പരാതികൾ ലഭിച്ചതായി ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അറിയിച്ചു. അമിത വില ഈടാക്കുന്ന സ്റ്റോറുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറുന്നതായി ACCC വ്യക്തമാക്കി.

Maria Scafi, the site lead at the Rapid Antigen Test Kit Distribution centre poses for a photograph with a Rapid Antigen Test Kit at the Sunshine West Community Centre in Melbourne, Thursday, January 20, 2022. (AAP Image/James Ross) NO ARCHIVING

Rapid Antigen Test kit at the Sunshine West Community Centre in Melbourne. Source: AAP Image/James Ross

RAT കിറ്റുകൾ വിലക്കൂട്ടി വിൽക്കുന്നതായി ഒരു മാസത്തിൽ 4,000 പരാതികൾ ലഭിച്ചതിന് പിന്നാലെ, ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ അന്വേഷണം വിപുലമാക്കി. ശരാശരി 121 പരാതികളാണ് പ്രതിദിനം ACCC ക്ക് ലഭിക്കുന്നത്.   

2021 ഡിസംബർ 25 മുതൽ 2022 ജനുവരി 26 വരെയുള്ള കാലയളവിൽ ലഭിച്ച പരാതികളിൽ 34 ശതമാനവും (1,309 പരാതികൾ)  ഫാർമസികളുമായി ബന്ധപ്പെട്ടവയാണ്.

ഇതിന് ശേഷം ഏറ്റവും കൂടുതൽ പരാതികൾ ഉള്ളത് പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടവയാണ്, 781 എണ്ണം (20 ശതമാനം). 764 എണ്ണം കൺവീനിയൻസ് സ്റ്റോറുകളിൽ, പുകയില വ്യാപാരികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയിൽ നിന്ന് 20 ശതമാനം.

നിരവധി പരാതികൾ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ  ഉപഭോക്തൃ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അന്വേഷണം ആരംഭിച്ചതായി ACCC പറഞ്ഞു.

ഉപഭോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഫാർമസികളിൽ പരിശോധന കിറ്റുകളുടെ ശരാശരി വില  $21 ആണെന്ന് ACCC പറഞ്ഞു.

മിക്ക ഫാർമസികളിലും കിറ്റുകളുടെ വില $15 മുതൽ $25 വരെയാണ് എന്നാണ് ACCC ക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. എന്നാൽ ഇതിലും വളരെ കൂടുതൽ വില ഈടാക്കുന്ന സ്റ്റോറുകൾ ഉള്ളതായി ACCC ചൂണ്ടിക്കാട്ടി.

ചില സ്റ്റോറുകളിൽ ഒരു പരിശോധന കിറ്റിനായി 30 ഡോളറോ അതിൽ കൂടുതലോ ഈടാക്കുന്നതായി പരാതികൾ ലഭിച്ചതായും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതായും ACCC വ്യക്തമാക്കി.
അനധികൃതമായുള്ള RAT കിറ്റുകളുടെ വിൽപ്പനയും പാക്കറ്റ് വിഭജനവും സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടുള്ളതായി ACCC ചൂണ്ടിക്കാട്ടി. ഇത്തരം സ്റ്റോറുകളുടെ വിവരങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിനെയും തെറപ്പ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനെയും അറിയിച്ചിട്ടുള്ളതായി ACCC പറഞ്ഞു.

റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ (RAT) വിൽപ്പന രീതികളെക്കുറിച്ച് സമൂഹത്തിൽ വലിയ ആശങ്കയുണ്ടെന്ന് ACCC ചെയർ റോഡ് സിംസ് പറഞ്ഞു.

വിപണിയിൽ സംഭവിക്കുന്ന കാര്യങ്ങൾ അധികൃതർക്ക് കൈമാറിയ ഉപഭോക്താക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അമിത വില ഈടാക്കുന്നത് തടയാൻ  ഈ പരാതികൾ സഹായിക്കുന്നതായി സിംസ് ചൂണ്ടിക്കാട്ടി.

ഡിസംബർ 25 മുതൽ ACCC യിൽ വന്ന പരാതികളിൽ 95 ശതമാനവും റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളെകുറിച്ചുള്ളതാണെന്നും ഇവയിൽ മൂന്നിൽ രണ്ട് പരാതിയും NSWൽ നിന്നാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി .

അമിത വിലയീടാക്കുന്ന ബിസിനസ് ശൃംഖലകളുടെ പേര് ACCC പരസ്യപ്പെടുത്തുന്നത് തുടരുമെന്ന് സിംസ് പറഞ്ഞു.

Share
Published 1 February 2022 4:04pm
Updated 1 February 2022 4:11pm
By SBS Malayalam
Source: AAP, SBS


Share this with family and friends