സൂര്യാഘാതം മൂലം നിരവധി കുട്ടികൾ ആശുപ്രതികളിൽ പ്രവേശിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി SA ആരോഗ്യവകുപ്പ്

സൗത്ത് ഓസ്‌ട്രേലിയയിൽ നിരവധി കുട്ടികളെ സൂര്യാഘാതം മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കുട്ടികളുടെ ചർമ്മസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

Sunburn

Close up of a very sunburned shoulder Source: Moment RF / Jennifer A Smith/Getty Images

സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഓസ്‌ട്രേലിയ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

സൗത്ത് ഓസ്‌ട്രേലിയയിൽ കുറഞ്ഞത് 12 കുട്ടികളെയെങ്കിലും സൂര്യാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സൂര്യാഘാതം മൂലം ആശുപത്രിയിൽ എത്തുന്ന ഭൂരിഭാഗം പേരും കഠിന വേദന സഹിക്കേണ്ടി വരുന്നതായും, സൂര്യാഘാതം ബാധിച്ചയിടത്ത് ഡ്രസ്സിംഗ് പല തവണ മാറ്റേണ്ടി വരുന്നതായും വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലെ അഡ്വാൻസ്ഡ് നഴ്‌സ് കൺസൾട്ടന്റ് ലിൻഡ ക്വിൻ പറഞ്ഞു.

കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും, സ്‌കൂൾ അവധി ആഘോഷിക്കാൻ കഴിയാതെ പോകുമെന്നും ലിൻഡ ക്വിൻ ചൂണ്ടിക്കാട്ടി.

ശിശുക്കളുടെയും ചെറിയ കുട്ടികളുടെയും മൃദുലമായ ചർമ്മത്തെ സൂര്യതാപം പെട്ടെന്ന് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
Women’s and Children’s Hospital Burns Advanced Nurse Consultant, Linda Quinn

ഏറ്റവും ചൂടുള്ള സമയത്ത് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല സംരക്ഷണം എന്ന് ക്വിൻ നിർദ്ദേശിക്കുന്നു. രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിലാണ് സാധാരണ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാറ്.

സൂര്യതാപം ഏൽക്കാൻ സാധ്യതയുള്ള ഭാഗത്ത് SPF30+ സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നാണ് ക്വിൻ നൽകുന്ന നിർദ്ദേശം. ചെവികൾ, മൂക്ക്, ചുണ്ടുകൾ, പാദങ്ങളുടെ മുകൾഭാഗങ്ങൾ എന്നിവയും സംരക്ഷിക്കാൻ മറക്കരുതെന്നാണ് നിർദ്ദേശം.

12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സൂര്യപ്രകാശം ഏൽക്കാതെ സംരക്ഷിക്കണമെന്നും ക്വിൻ മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളിൽ നിര്‍ജലീകരണവും ചൂട് കാരണമുണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങളും തടയാനുള്ള നിർദ്ദേശങ്ങൾ സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് .
സൂര്യാതാപം മൂലം കുട്ടിക്ക് പൊള്ളലേൽക്കുകയോ, നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഉടൻ വൈദ്യ സഹായം തേടണമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത് .

സ്വീകരിക്കാവുന്ന മുൻകരുതലുകൾ

  • തൊപ്പി, അയഞ്ഞ വസ്ത്രങ്ങൾ, സൺഗ്ലാസുകൾ എന്നിവ ഉപയോഗിക്കുക
  • നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ വെള്ളം കുടിക്കുക
  • തണൽ തേടുക
  • സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും 30+ സൺസ്ക്രീൻ പുരട്ടുക
  • ഏറ്റവും ചൂടേറിയ സമയങ്ങളിൽ (രാവിലെ 10 മുതൽ വൈകിട്ട് 4 വരെ) പുറത്തിറങ്ങുന്നത് ഒഴിവാക്കുക
Disclaimer: ഈ വിഷയത്തിൽ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.

Share
Published 10 January 2023 4:00pm
By SBS Malayalam
Source: SBS

Share this with family and friends