ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരുന്ന സ്കിൻ ക്യാൻസർ: അറിയാം ചില പ്രതിരോധ മാർഗ്ഗങ്ങൾ

മെലനോമ എന്ന ത്വക്കിനെ ബാധിക്കുന്ന ക്യാൻസർ, ദിനം പ്രതി ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരികയാണെന്നാണ് ക്യാൻസർ കൗൺസിലിന്റ റിപ്പോർട്ടുകൾ. മെലനോമയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇവിടെ അറിയാം

SBS MALAYALAM

Source: AAP

ഭൂമിയിൽ എറ്റവും അധികം അൾട്രാവയലറ്റ് വികിരണം ഉണ്ടാകുന്ന ദിവസങ്ങളാണ് ഓസ്ട്രേലിയയുടെ വേനൽ കാലമെന്ന് നമുക്കറിയാം.ലോകത്തിൽ തന്നെ ഏറ്റവും അധികം അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന രാജ്യങ്ങലിലൊന്നു കൂടിയാണ് ഓസ്ട്രേലിയ.

എന്തുകൊണ്ട് കൂടുതൽ അൾട്രാവയലറ്റ് കിരണങ്ങൾ ഓസ്ട്രേലിയയിൽ പതിക്കുന്നു എന്നു ചോദിച്ചാൽ ഓസോൺ പാളിയിലെ  ശോഷണവും വേനൽക്കാലത്തെ ഭൂമിയുടെ ഭ്രമണ പഥത്തിലെ ഓസ്ട്രേലിയിയുടെ  സ്ഥാനവും എന്നതാണ് ലളിതമായ ഉത്തരം.

ഏറ്റവും അധികം യു വി വികിരണം ഉണ്ടാകുന്നതുകൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ സ്കിൻ ക്യാൻസർ കണ്ടെത്തുന്ന രാജ്യങ്ങളിലൊന്നും  ഓസ്ട്രേലിയ തന്നെയാണ്. ത്വക്കിനെ ബാധിക്കുന്ന മെലനോമ എന്ന സ്കിൻക്യാൻസറിന്റ പ്രധാന കാരണങ്ങളിലൊന്ന് അൾട്രാവയലറ്റ് വികിരണമാണ്.

ഓസ്ട്രേലിയയിൽ മെലനോമ ബാധിച്ച് ഓരോ അഞ്ച് മണിക്കൂറിലും ഒരാൾ വീതം മരിക്കുന്നുണ്ടെന്നാണ് മെലനോമ പേഷ്യന്റ് ഓസ്ട്രേലിയയുടെ കണക്ക്.

മാത്രമല്ല കഴിഞ്ഞവർഷം 16,200-ളം ഓസ്ട്രേലിയക്കാരിൽ മെലനോമ രോഗനിർണ്ണയം ചെയ്യപ്പെട്ടിട്ടുണ്ടെന്നും 1,300 ലധികം പേർ മെലനോമ ബാധിച്ച് മരണമടഞ്ഞിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു.

ഓസ്ട്രേലിയക്കാരായ പതിനേഴിൽ ഒരാൾക്ക് 85 വയസ്സിനു മുമ്പ് മെലനോമ കണ്ടെത്തുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 2020 ഓടെ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ അർബുദമായി മെലനോമ മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കണക്കുകൾ ഇങ്ങനെയൊക്കെയാണെങ്കിലും 90 ശതമാനത്തിലധികം മെലനോമ കേസുകളും നേരത്തേ കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെ ഭേദപ്പെടുത്താവുന്നതാണ്. യു വി വികിരണങ്ങളെ ഏങ്ങനെ പ്രതിരോധക്കാമെന്ന  അവബോധമുണ്ടായാൽ മേൽപ്പറഞ്ഞ നിരക്കുകളെ  കാലക്രമേണ കുറയ്ക്കാൻ സാധിക്കും.

എങ്ങനെയൊക്കെ യു വി വികിരണങ്ങളെ പ്രതിരോധിക്കാം

സൂര്യപ്രകാശത്തിനൊപ്പമെത്തുന്ന അൾട്രാവയലറ്റ് വികിരണം ദീർഘനേരം ശരീരത്തിലേൽക്കുന്നതുമുലമാണ് മിക്ക മെലനോമകളും ഉണ്ടാകുന്നതെന്ന് ആദ്യം സൂചിപ്പിച്ചിരുന്നല്ലോ.

അതു മാത്രമല്ല സൂര്യാഘാതം, ടാനിംഗ്, അകാല വാർദ്ധക്യം, കണ്ണിന്റെ കേടുപാടുകൾ എന്നിവക്കും അൾട്രാവയലറ്റ് വികിരണങ്ങൾ കാരണമാകുന്നു. കുറച്ചൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് നമുക്ക് ശരീരത്തെ സംരക്ഷിക്കാനും സ്കിൻ കാൻസറിനെ തടയുവാനും സാധിക്കും.

അൾട്രാവയലറ്റ് വികിരണം, സൂര്യന്റെ ചൂടും വെളിച്ചവും പോലെ നമുക്ക് കാണാനോ അനുഭവിക്കാനോ കഴിയില്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് ഏക പോംവഴി.

അൾട്രാവയലറ്റ് വികിരണ തോത്  മൂന്നോ അല്ലെങ്കിൽ അതിൽ കൂടുതലോ ആകുമ്പോൾ പ്രതിരോധ മാർഗ്ഗങ്ങൾ തേടണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഓസ്ട്രേലിയിയയിൽ  ലഭ്യമായിട്ടുള്ള സൗജന്യ സൺസ്മാർട്ട് ആപ്പുകൾ വഴിയോ,  കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റ വെബ്സൈറ്റിലൂടെയോ യു വി വികിരണ തോത് പരിശോധിക്കാവുന്നതാണ്.

താഴെ പറയുന്ന അഞ്ചു മാർഗ്ഗങ്ങളിലൂടെ  സ്കിൻ കാൻസറിൽ നിന്ന് നമുക്ക് ശരീരത്തെ സംരക്ഷിക്കാമെന്നാണ് ക്യാൻസർ കൗൺസിൽ പറയുന്നത്.

Slip, Slop, Slap, Seek, Slide.....

SBS MALAYALAM
Source: cancer Council


1.Slip- ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക

ചർമ്മം കഴിയുന്നത്ര മറയ്ക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

അൾട്രാവയലറ്റ് പ്രൊട്ടക്ഷൻ പ്രധാനം ചെയ്യുന്ന വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. വസ്ത്രം എത്രത്തോളം അൾട്രാവയലറ്റ് പരിരക്ഷ നൽകുന്നു എന്നത് വസ്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ബീച്ചുകളിലോ തുറസ്സായ സ്ഥലങ്ങളിലോ കൂടുതൽ നേരം ചിലവഴിക്കേണ്ട സാഹചര്യത്തിൽ ഇത് അഭികാമ്യമാണ് .

ഓർക്കുക കാറ്റുള്ള, മേഘാവൃതമായ, തണുത്ത അന്തരീക്ഷത്തിലും യു വി വികിരണം ഉണ്ടാകും. പ്രതിഫലമുണ്ടാകുന്നതിനാൽ മേഘാവൃതമായ അന്തരീക്ഷത്തിലാകും യു വി വികരണത്തിന്റ തീവ്രത കൂടുക.

2.Slop-SPF30 ക്ക് മുകളിലുള്ള സൺ സ്ക്രീൻ ഉപയോഗം

SPF30-യോ അതിന് മുകളിലോ ഉള്ള സൺ സ്ക്രീനുകൾ വസ്ത്രത്തിന് പുറത്ത് കാണുന്ന ശരീര ഭാഗങ്ങളിൽ ഉപയോഗിക്കുക. പുറത്ത് പോകുന്നതിന് 20 മിനിറ്റ് മുമ്പെങ്കിലും സൺ സ്ക്രീൻ പുരട്ടുക. ദീർഘനേരം തുറസ്സായ സ്ഥലങ്ങളിൽ ചിലവഴിക്കുകയാണെങ്കിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് സൺ സ്ക്രീൻ ഉപയോഗിക്കുക.

ഓർക്കുക മേക്ക്-അപ്പ് കൊണ്ട് യു വി വികിരണം തടയാനാകില്ല

3.Slap- ഹാറ്റ് ഉപയോഗിക്കുക

മുഖം,മൂക്ക്,കഴുത്ത്,ചെവി എന്നിവക്ക് തണൽ ലഭിക്കുന്ന രീതിയിലുള്ള ഹാറ്റ്( bucket style hat) ഉപയോഗിക്കുക. ശരീരത്തിന്റ ഈ ഭാഗങ്ങളിലാണ് പൊതുവെ സ്കിൻ ക്യാൻസർ കാണപ്പെടുന്നത്.
4.Seek- തണൽ തേടുക

തുറസ്സായ സ്ഥലങ്ങളിൽ അധിക നേരം നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ മരങ്ങളുടെയോ കെട്ടിടങ്ങളുടെയോ തണലിൽ നിൽക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ തണൽ ലഭ്യമാക്കാൻ സാധിക്കുന്ന സൺ ഷെയ്ഡ് ടെന്റ്, കുട പോലുള്ളവ കൈയ്യിൽ കരുതുക. അപ്പോഴും പ്രതിഫലനം വഴിയുള്ള വികിരണത്തിന് സാധ്യതയുണ്ടെന്ന് മറക്കാതിരിക്കുക.

5.Slide- സൺ ഗ്ലാസിന്റ ഉപയോഗം

സൺഗ്ലാസുകളുടെയും ഹാറ്റിന്റെയും ഉപയോഗത്തിലൂടെ കണ്ണിൽ അൾട്രാവയലറ്റ് വികിരണം ഏൽക്കുന്നത്  98% വരെ കുറയ്ക്കാൻ കഴിയും. പകൽ സമയങ്ങളിൽ സൺഗ്ലാസ് ധരിക്കുക. ഓസ്ട്രേലിയൻ സ്റ്റാൻഡേർഡ്(AS/NSZ1067)-ന് അനുയോജ്യമായ കണ്ണടകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

മുകളിൽ പറഞ്ഞ അഞ്ചു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് കൊണ്ട് മാത്രം, യു വി വികിരണത്തിൽ നിന്നുള്ള പൂർണ്ണമായ സംരക്ഷണം നമുക്ക് ഉറപ്പാക്കാനാകില്ല. ഈ അഞ്ച് കാര്യങ്ങളിലും ശ്രദ്ധിച്ചാൽ മാത്രമേ യു വി വികിരണത്തെ തടഞ്ഞ് സ്കിൻ ക്യാൻസറിനെ പ്രതിരോധിക്കാൻ  സാധിക്കുകയുള്ളു.

ർക്കുക, ഇത് പൊതുവേയുള്ള നിർദേശങ്ങ മാത്രമാണ് നിങ്ങക്ക് ആരോഗ്യപരമായ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കി നിങ്ങളുടെ ജി പിയെ ബന്ധപ്പെടുക.


Share
Published 15 February 2021 4:06pm
By Jojo Joseph

Share this with family and friends