വിലക്ക് മറികടന്ന് NSWൽ ആയിരകണക്കിന് നഴ്സുമാർ പണിമുടക്കി; പാർലമെന്റിന് പുറത്ത് പ്രതിഷേധ റാലി

ന്യൂ സൗത്ത് വെയിൽസിലെ 150 ഓളം ആശുപത്രികളിലെ നഴ്സുമാർ ഇന്ന് പണിമുടക്കി. സംസ്ഥാന ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷൻ പണിമുടക്ക് വിലക്കിയിരുന്നെങ്കിലും 30 ഓളം ഇടങ്ങളിൽ നഴ്സുമാർ പ്രതിഷേധ റാലികളിൽ പങ്കെടുത്തു.

ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം വരുന്ന സർക്കാർ ആശുപത്രികളിലെ ആയിരകണക്കിന് നഴ്സുമാർ ഇന്ന് പണിമുടക്കി.  

ആശുപത്രികളിലെ ജീവനക്കാരുടെ കുറവും ശമ്പളത്തിന്റെ കുറവും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നില്ല എന്നാണ് പരാതി.

ആശുപത്രികളിൽ ഉള്ള രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ മാത്രം ആവശ്യമായ പരിമിതമായ എണ്ണം നഴ്സുമാർ ഒഴിച്ചുള്ളവർ പണിമുടക്കിൽ പങ്കെടുത്തു.

ഓരോ ഷിഫ്റ്റിലും നാല് രോഗികൾക്ക് ഒരു നഴ്‌സ് എന്ന അനുപാതവും, പൊതുമേഖലാ രംഗത്ത് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള  2.5 ശതമാനത്തിന് മുകളിൽ ശമ്പള വർദ്ധനവുമാണ് നഴ്‌സുമാർ ആവശ്യപ്പെടുന്നത്.

ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിന് മുന്നിൽ പ്രതിഷേധ റാലിയിൽ പങ്കെടുത്ത നഴ്സുമാർ മഹാമാരിയിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കാനായി ഒരു നിമിഷം മൗനം ആചരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 ഓളം പ്രതിഷേധ റാലികളാണ് നടന്നത്.
LISTEN TO
The reasons for nurses to declare a strike in NSW? image

കൊവിഡ് കാലത്ത് നഴ്സുമാർ പണിമുടക്കുന്നതെന്തിന്? ആശുപത്രികളിലെ യഥാർത്ഥ ജോലിസാഹചര്യം ഇതാണ്...

SBS Malayalam

14:06
പണിമുടക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് യൂണിയനെ സമീപിച്ചിരുന്നു.

എന്നാൽ നഴ്സുമാർ പണിമുടക്കുമായി മുന്നോട്ട് പോയതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഒരും വാഗ്ദാനവും ഉണ്ടായില്ലെന്ന് NSW നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഒബ്രേ സ്മിത്ത് പറഞ്ഞു.

അതെസമയം, മഹാമാരിയുടെ സമയത്ത് നേരിടുന്ന അധിക സമ്മർദ്ദം കാരണം പല മുതിർന്ന നഴ്സുമാരും രാജി വച്ചിട്ടുള്ളതായി ബൈറോൺ സെൻട്രലിലെ സീനിയർ നഴ്‌സായ ലിസ് മക്കോൾ ചൂണ്ടിക്കാട്ടി.
രോഗികളുടെ പരിചരണത്തിനായി കൂടുതൽ നഴ്സുമാരുടെ ആവശ്യമുണ്ടെങ്കിലും യൂണിയൻ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു ബില്യൺ ഡോളർ ചെലവ് വരുമെന്ന് ബ്രാഡ് ഹസാഡ് ചൂണ്ടിക്കാട്ടി.

യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്ന രോഗികളുടെ അനുപാതം ഫലപ്രദമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ ഈ സംവിധാനം പരാജയപ്പെട്ടിട്ടുള്ളതായും പ്രീമിയർ ഡൊമിനിക് പെറോറ്റെ പറഞ്ഞു.

Share
Published 15 February 2022 4:34pm
Updated 15 February 2022 5:03pm
By SBS Malayalam
Source: SBS


Share this with family and friends