ചൂടും കാട്ടുതീയും രൂക്ഷമാകുന്നു: NSWല്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നിയന്ത്രണാതീതമായി തുടരുന്ന കാട്ടുതീയ്‌ക്കൊപ്പം, ചൂടും കൂടിയതോടെ ന്യൂ സൗത്ത് വെയില്‍സില്‍ വീണ്ടും ഏഴു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ കാട്ടുതീ സീസണ്‍ തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് ന്യൂ സൗത്ത് വെയില്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.

ഏഴു ദിവസത്തേക്കായിരിക്കും സംസ്ഥാനത്തെ അടിയന്തരാവസ്ഥയെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ അറിയിച്ചു.



ലാഘവത്തോടെയല്ല ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും പ്രീമിയര്‍ പറഞ്ഞു.

'റൂറല്‍ ഫയര്‍ സര്‍വീസ് കമ്മീഷണറുമായും പരിസ്ഥിതി മന്ത്രിയുമായും എല്ലാ ദിവസവും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം,' ബെറെജെക്ലിയന്‍ പറഞ്ഞു.

നിരവധി വിദഗ്ധരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ഈ പ്രഖ്യാപനമെന്നും പ്രീമിയര്‍ വ്യക്തമാക്കി.
Bushfire generate thunderstorm could spark new blazes.
RFS volunteers and NSW Fire and Rescue officers fight a bushfire encroaching on properties in NSW. Source: AAP
നവംബറിലായിരുന്നു ഇതിന് മുമ്പ് . അതും ഏഴു ദിവസത്തേക്കായിരുന്നു.

2013നു ശേഷം ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് ഇത്തരമൊരു പ്രഖ്യാപനം.

കാട്ടുതീ മൂലമുള്ള ദുരന്ത സാധ്യതാ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു അന്നത്തെ അടിയന്തരാവസ്ഥ.

കാട്ടുതീ നേരിടുന്നതിനുള്ള തീരുമാനങ്ങളെടുക്കാന്‍ ഫയര്‍ സര്‍വീസ് കമ്മീഷണര്‍ ഷെയ്ന്‍ ഫിറ്റ്‌സിമ്മന്‍സിന് പരമാധികാരം നല്‍കുന്നതാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം.
സംസ്ഥാനത്ത് നൂറോളം കാട്ടുതീകള്‍ പടരുന്നതായാണ് ഫയര്‍ സര്‍വീസ് അറിയിച്ചിരിക്കുന്നത്. പല ഭാഗങ്ങളിലും അടിയന്തരമായി ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
നിലവില്‍ രണ്ടായിരത്തോളം പേരാണ് അഗ്നിശമന പ്രവര്‍ത്തനങ്ങളുമായി രംഗത്തുള്ളത്. അമേരിക്കയില്‍ നിന്നും, കാനഡയില്‍ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങളുടെ പിന്തുണയുമുണ്ട്.

ഓസ്‌ട്രേലിയന്‍ സൈന്യവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്.

100 പേര്‍ വീതമുള്ള അഞ്ച് 'സ്‌ട്രൈക് ടീമു'കളെയും സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളതായി കമ്മീഷണര്‍ ഷെയ്ന്‍ ഫിറ്റ്‌സിമ്മന്‍സ് അറിയിച്ചു. ഏറ്റവും അപകടകരമായ സാഹചര്യങ്ങളില്‍ ഇവരുടെ സേവനം ഉപയോഗിക്കാനാണ് തീരുമാനം.
NSW Fire and Rescue officers battle a bushfire near Termeil on the Princes Highway between Batemans Bay and Ulladulla.
NSW Fire and Rescue officers battle a bushfire near Termeil on the Princes Highway between Batemans Bay and Ulladulla. Source: AAP
നിയന്ത്രിക്കാന്‍ കഴിയാത്ത കാട്ടുതിയൂം, അതുമൂലം കൂടി വരുന്ന പുകയും കടുത്ത ആരോഗ്യപ്രതിസന്ധിയുണ്ടാക്കും എന്നും ആശങ്കയുണ്ട്.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി അടിയന്തര സഹായം തേടുന്നവരുടെ എണ്ണത്തില്‍ ഒരാഴ്ചക്കിടെ 10 ശതമാനം വര്‍ദ്ധനവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു.
ഒരു മൂന്നു വയസുകാരന്‍ ഇന്നു പുലര്‍ച്ചെ ആസ്ത്മ കൂടി ചികിത്സ തേടിയതായും ഷെയ്ന്‍ ഫിറ്റ്‌സിമ്മന്‍സ് പറഞ്ഞു.

ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും താപനില 50 ഡിഗ്രി സെല്‍ഷ്യസായി ഉയരാം എന്നാണ് മുന്നറിയിപ്പ്
വ്യാഴാഴ്ചത്തെ കടുത്ത ചൂടിനു പിന്നാലെ, ശനിയാഴ്ചയും അതീവ രൂക്ഷമായ സാഹചര്യങ്ങളാകും സംസ്ഥാനത്ത് ഉണ്ടാവുക.

കടുത്ത കാറ്റും ഉള്ളതിനാല്‍, കാട്ടുതീയുടെ ദിശ എങ്ങനെ മാറുമെന്ന കാര്യം പ്രവചിക്കാനാവില്ല.

ശനിയാഴ്ച അര്‍ദ്ധരാത്രി വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Share
Published 19 December 2019 12:34pm
Updated 20 December 2019 10:30am
By SBS Malayalam
Source: SBS


Share this with family and friends