ഇന്ത്യയിൽ നിന്നെത്തിയാൽ അഞ്ച് വർഷം വരെ തടവും 66,000 ഡോളർ പിഴയും: യാത്രാ വിലക്ക് കർശനമാക്കി ഓസ്ട്രേലിയ

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നതിന് രണ്ടാഴ്ചത്തേക്ക് സമ്പൂർണ വിലക്ക് പ്രഖ്യാപിച്ചു. യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വര്ഷം വരെ തടവും 66,600 ഡോളർ പിഴയും ലഭിക്കാമെന്ന് സർക്കാർ വ്യക്തമാക്കി.

A Qantas plane is seen as passengers walk to their flights at Sydney International Airport in Sydney.

Passengers walk to their flights at Sydney International Airport. Source: AAP Images/Lukas Coch

ഇന്ത്യയുമായുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ ഈയാഴ്ച ആദ്യം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. മെയ് 15 വരെയാണ് സർവീസുകൾ നിർത്തി വയ്ക്കുന്നത്.

എന്നാൽ, IPL ൽ കളിക്കുന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ ചില പഴുതുകൾ ഉപയോഗിച്ച് തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് സമ്പൂർണ പ്രവേശന വിലക്കേർപ്പെടുത്താൻ ദേശീയ കാബിനറ്റ് തീരുമാനിച്ചത്.

മെയ് 15 വരെയാണ് ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.

ജൈവ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇത്തരമൊരു വിലക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് മൂന്ന് തിങ്കളാഴ്ച പുലർച്ചെ മുതലാകും ഇത് പ്രാബല്യത്തിൽ വരിക.
വിലക്ക് ലംഘിച്ച് യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വർഷം വരെ തടവോ, 300 പെനാൽറ്റി യൂണിറ്റോ അല്ലെങ്കിൽ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
300 പെനാൽറ്റി യൂണിറ്റ് എന്നത് 66,600 ഡോളർ പിഴ ശിക്ഷയായിരിക്കും.

ഓസ്‌ട്രേലിയയിലെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിൽ ഇന്ത്യയിൽ നിന്നെത്തിയ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയർന്നതോടെയാണ് സ്വന്തം പൗരന്മാരുടെ പോലും പ്രവേശനം നിയമവിരുദ്ധമാക്കുന്ന കടുത്ത നടപടിയിലേക്ക് ഓസ്ട്രേലിയ നീങ്ങിയത്.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും യാത്രാ നിരോധനം നീക്കുന്ന കാര്യത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ തീരുമാനമെടുക്കുന്നത്.

9,000 ത്തിലേറെ ഓസ്‌ട്രേലിയക്കാരാണ് ഇപ്പോഴും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്.

വിമാനവിലക്ക് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് എടുത്ത പലർക്കും യാത്ര റദ്ദാക്കേണ്ടിവന്നിരുന്നു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി മൂന്ന് ലക്ഷത്തിന് മുകളിലാണിപ്പോൾ.

ഇന്ത്യക്ക് വെന്റിലേറ്ററുകളും PPE കിറ്റുകളും ഉൾപ്പെടയുള്ള സഹായം എത്തിക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യൻ ജനതയ്ക്കും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജർക്കും പൂർണ പിന്തുണയും സഹായവും നൽകുമെന്നും ഗ്രെഗ് ഹണ്ട് അറിയിച്ചു.

Share
Published 1 May 2021 10:29am

Share this with family and friends