സംസ്ഥാന പ്രീമിയർമാരും ചീഫ് മെഡിക്കൽ ഓഫീസർമാരും പങ്കെടുത്ത ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് നിരവധി സേവനങ്ങൾ അടച്ചിടാൻ തീരുമാനമെടുത്ത കാര്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
പരസ്പരം അകലം പാലിക്കാനുള്ള നിർദ്ദേശം പലരും കാര്യമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. അകലം പാലിക്കുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:
- ക്ലബുകൾ, പബുകൾ, സിനിമാ ഹാളുകൾ, നൈറ്റ് ക്ലബുകൾ, കാസിനോകൾ എന്നിവ അടച്ചിടും
- ആരാധനാലയങ്ങളും അടച്ചിടണം
- ജിമ്മുകളും മുറിക്കുള്ളിലുള്ള മറ്റ് വിനോദോപാധികളും അടച്ചിടുന്നവയിൽപ്പെടും
- റെസ്റ്റോറന്റുകളും കഫെകളും ടേക്ക് എവേ മാത്രമായി മാറും. ഹോം ഡെലിവറി തുടരാം.
ഓസ്ട്രേലിയക്കാരോട് വീടിനുള്ളിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരമൊരു നടപടി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓസ്ട്രേലിയൻ വാർത്തകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും
അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാം അടച്ചിടാനുള്ള ന്യൂ സൗത്ത് വെയിൽസിന്റെയും വിക്ടോറിയയുടെയും പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സംസ്ഥാന സർക്കാരുകൾക്ക് അത്തരം നടപടിയെടുക്കാൻ അവകാശമുണ്ടെന്നും, എന്നാൽ ഇപ്പോൾ അത് വേണ്ട എന്നാണ് ദേശീയ ക്യാബിനറ്റിലെ സമവായമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 48 മണിക്കൂറിനുള്ളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് NSW, വിക്ടോറിയൻ സർക്കാരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കും.
സ്കൂൾ അടക്കേണ്ടെന്ന് പ്രധാനമന്ത്രി
ഈ ടേം അവസാനിക്കുന്നതു വരെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കണം എന്നാണ് നിർദ്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ നിന്നുള്ള ഉപദേശത്തിൽ മാറ്റമൊന്നും വന്നിട്ടില്ല.
ടേം അവസാനിക്കുന്നത് ഏതാനും ദിവസം നേരത്തെയാക്കാനുള്ള തീരുമാനവുമായി വിക്ടോറിയ മുന്നോട്ടു പോകും. ചൊവ്വാഴ്ച മുതൽ സ്കൂളുകൾ അടയ്ക്കുമെന്ന് വിക്ടോറിയ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മറ്റു സംസ്ഥാനങ്ങൾ ഇപ്പോൾ സ്കൂളുകൾ അടക്കേണ്ട എന്നാണ് നിർദ്ദേശമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികളെ വീട്ടിലിരുത്താനാണ് മാതാപിതാക്കളുടെ തീരുമാനമെങ്കിൽ അങ്ങനെ ചെയ്യാം. ഓൺലൈൻ പഠനത്തിന് സ്കൂളുകൾ സൗകര്യമൊരുക്കും. പക്ഷേ അതിന് കാലതാമസമുണ്ടാകാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.