ഓസ്ട്രേലിയയിൽ വിതരണം ചെയ്യാനായി ഏറ്റവുമധികം ലഭ്യമാക്കിയിട്ടുള്ള വാക്സിനാണ് ഓക്സ്ഫോർഡ്-ആസ്ട്രസെനക്ക വാക്സിൻ.
എന്നാൽ, ഈ വാക്സിനെടുക്കുന്നവർക്ക് അപൂർവമായെങ്കിലും രക്തം കട്ടപിടിക്കുന്നതായും, അത് മരണത്തിലേക്ക് നയിക്കുന്നതായും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയിലെ വാക്സിൻ വിതരണ രീതിയിൽ മാറ്റങ്ങൾ വരുത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആരോഗ്യനിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി ഫെഡറൽ സർക്കാരിന്റെ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ അടിയന്തര യോഗം ചേർന്നിരുന്നു.
ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി അടിയന്തര വാർത്താ സമ്മേളനത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ആസ്ട്ര സെനക്ക വാക്സിൻ നൽകുന്നതിന് നിർദ്ദിഷ്ട വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് തീരുമാനം.
50 വയസിൽ താഴെയുള്ളവർക്ക് ഇനിമുതൽ ആസ്ട്രസെനക്ക വാക്സിനെക്കാൾ ഫൈസർ വാക്സിൻ നൽകാനാകും മുൻഗണന.
പ്രായമേറുമ്പോൾ കൊവിഡ്-19 കൂടുതൽ അപകടകരമാകാം എന്നതും, അതിനാൽ വാക്സിനേഷൻ കൊണ്ട് അവർക്കുള്ള പ്രയോജനവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.
പ്രായമേറിയവർക്ക് പാർശ്വഫലങ്ങൾ കുറവാണ് എന്നതും പരിഗണിച്ചു.
പ്രായം കുറഞ്ഞവർക്കാണ് യൂറോപ്യൻ യൂണിയനിൽ ആസ്ട്രസെനക്ക വാക്സിൻ മൂലമുള്ള രക്തം കട്ടപിടിക്കൽ പ്രധാനമായും കണ്ടത്. രക്തം കട്ടപിടിച്ച് മരിച്ചതിലും കൂടുതലും 50 വയസിൽ താഴെയുള്ളവരായിരുന്നു.

Chief Medical Officer Paul Kelly. Source: AAP
എന്നാൽ 50 വയസിൽ താഴെയുള്ളവരിൽ ആസ്ട്രസെനക്ക വാക്സിൻ പൂർണമായും ഒഴിവാക്കണം എന്നല്ല നിർദ്ദേശമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
മറിച്ച്, ഏതെല്ലാം സാഹചര്യങ്ങളിൽ ആസ്ട്രസെനക്ക വാക്സിൻ നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വാക്സിൻ കൊണ്ടുള്ള പ്രയോജനം അതിന്റെ പാർശ്വഫലത്തെക്കാൾ കൂടുതലാണെങ്കിൽ മാത്രമേ 50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്ര സെനക്ക വാക്സിൻറെ ആദ്യ ഡോസ് നൽകാവൂ.
ഇതിനകം ആസ്ട്രസെനക്കയുടെ ആദ്യ ഡോസ് ലഭിച്ചവരാണെങ്കിൽ, ഇതുവരെയും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ രണ്ടാം ഡോസും സ്വീകരിക്കാം.
ഇതിനകം ആദ്യ ഡോസ് എടുത്തവർക്ക് പ്ലേറ്റ്ലെറ്റ് കുറയുകയോ രക്തം കട്ടപിടിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടാം ഡോസ് നൽകാൻ പാടില്ലെന്നും പ്രൊഫസർ കെല്ലി പറഞ്ഞു.
മെൽബണിലെ ഒരാൾക്ക് മാത്രമാണ് ഓസ്ട്രേലിയയിൽ ഇതുവരെ അത്തരമൊരു സാഹചര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
50 വയസിന് മുകളിലുള്ളവർക്ക് തുടർന്നും ആസ്ട്രസെനക്ക നൽകാം.
പത്തു ലക്ഷം പേർക്ക് വാക്സിൻ നൽകുമ്പോൾ നാലു മുതൽ ആറുവരെ പേർക്ക് മാത്രമേ രക്തം കട്ടപിടിക്കാൻ സാധ്യതുള്ളൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അപൂർവമാണെങ്കിലും ഗുരുതരമായ പാർശ്വഫലമാണ് ഇത് എന്നതിനാലാണ് വാക്സിനേഷൻ പദ്ധതിയിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ട്രസെനക്ക വാക്സിനെടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുകയും, അതിൽ കുറച്ചു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.