പല യൂറോപ്യൻ രാജ്യങ്ങളിലും ആസ്ട്രസെനക്ക വാക്സിനെടുത്തവർക്ക് രക്തം കട്ടപിടിക്കലുണ്ടാകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിനും ത്രോംബോസിസ് എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കലുമായുള്ള ബന്ധം യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) സ്ഥിരീകരിച്ചത്.
അപൂർവമായി മാത്രമുണ്ടാകുന്ന പാർശ്വഫലമാണ് ഇതെങ്കിലും, സ്ത്രീകൾക്കും 60 വയസിൽ താഴെയുള്ളവർക്കുമാണ് ഇതിനു സാധ്യത കൂടുതലെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
ബ്രിട്ടനിൽ ആസ്ട്ര സെനക്ക വാക്സിൻ നൽകുന്നതിന് അധിക നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
30 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്ക ഒഴികെയുള്ള മറ്റു വാക്സിനുകൾ മാത്രം നൽകാനാണ് ബ്രിട്ടന്റെ തീരുമാനം.
ഓസ്ട്രേലിയയുടെ വാക്സിൻ വിതരണ നടപടികൾക്ക് രൂക്ഷമായ ഭീഷണിയുയർത്തുന്ന ഒരു മുന്നറിയിപ്പാണ് ഇതെന്ന് ഫെഡറൽ സർക്കാർ സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ഭൂരിഭാഗം പേർക്കും ആസ്ട്രസെനക്ക വാക്സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
അടിയന്തര യോഗങ്ങൾ
യൂറോപ്യൻ ഏജൻസിയുടെ കണ്ടെത്തലുകൾ ഓസ്ട്രേലിയ അടിയന്തരമായി പരിശോധിക്കുന്നുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.
ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനും, തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനും (TGA) അടിയന്തര യോഗം ചേർന്ന് ഇത് പരിശോധിക്കും.
വ്യാഴാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ ഇവരുടെ ശുപാർശകൾ സമർപ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യും.

Australian Chief Medical Officer Paul Kelly. Source: AAP
മറ്റെന്തിനെക്കാളും കൂടുതൽ ജനങ്ങളുടെ സുരക്ഷയാണ് സർക്കാർ കണക്കിലെടുക്കുന്നതെന്നും, അത് പരിഗണിച്ചുമാത്രമേ തുടർനടപടികൾ സ്വീകരിക്കുള്ളൂ എന്നും പോൾ കെല്ലി പറഞ്ഞു.
ഭൂരിഭാഗം പേർക്കും ആസ്ട്രസെനക്ക വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടനിൽ മാത്രം ആറായിരത്തോളം പേരുടെ ജീവൻ രക്ഷിക്കാൻ ഈ വാക്സിൻ സഹായിച്ചിട്ടുണ്ട്.
രണ്ടു ലക്ഷം പേർ വാക്സിനെടുക്കുമ്പോൾ അതിൽ ഒരാൾക്ക് മാത്രമേ രക്തം കട്ടപിടിക്കാൻ സാധ്യതയുള്ളൂ എന്നാണ് കണ്ടെത്തലെന്ന് എന്ന് പ്രൊഫ. പോൾ കെല്ലി ചൂണ്ടിക്കാട്ടി.
രക്തം കട്ടപിടിക്കുന്ന നാലു പേരിൽ ഒരാൾ മരിക്കുന്നുമുണ്ട്.
“അതായത്, ഇത് ഏറെ ഗൗരവമേറിയതും എന്നാൽ വളരെ അപൂർവവുമായ ഒരു പാർശ്വഫലമാണ്” – ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.
ബ്രിട്ടനിൽ ആസ്ട്ര സെനക്ക വാക്സിനെടുത്തതിൽ കുറച്ചുപേർ രക്തം കട്ടപിടിക്കലിനെത്തുടർന്ന് മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചിരുന്നു.

British authorities recommended Wednesday that the AstraZeneca COVID-19 vaccine not be given to adults under 30 where possible Source: AP
രണ്ടു കോടി പേർക്ക് ബ്രിട്ടനിൽ ഇതുവരെ വാക്സിൻ നൽകിയതിൽ, 79 പേർക്കാണ് രക്തം കട്ടപിടിക്കുന്നതും പ്ലേറ്റ്ലെറ്റ് കുറയുന്നതും കണ്ടെത്തിയത്.
ഇതിൽ 19 പേർ മരിച്ചതായി മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, കൊവിഡ് ബാധിച്ചുകഴിഞ്ഞാലുള്ള അപകടം ഇതിലും കൂടുതൽ വ്യാപകമായിരിക്കാമെന്നും, പ്രായമേറിയവരിൽ മരണസാധ്യതയും കൂടുതലാണെന്നും പോൾ കെല്ലി ചൂണ്ടിക്കാട്ടി.