NSWൽ സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ വീണ്ടും വൗച്ചർ; ബിസിനസുകൾക്കും ധനസഹായം

ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചർ നൽകുന്നു. ബിസിനസുകളെ ഉത്തേജിപ്പിക്കാൻ 66 മില്യൺ ഡോളറിന്റെ ആൽഫ്രെസ്കോ റീസ്റ്റാർട്ട് ഇനീഷ്യേറ്റീവും സർക്കാർ പ്രഖ്യാപിച്ചു.

Dine & Discover NSW

Dine and Discover voucher from NSW government Source: SBS

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇളവ് ചെയ്തതോടെ സാമ്പത്തിക രംഗം പുനരുദ്ധരിപ്പിക്ക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

25 ഡോളറിന്റെ രണ്ട് വൗച്ചറുകളാണ് ന്യൂ സൗത്ത് വെയിൽസുകാർക്ക് നൽകുന്നത്.

ഡൈൻ ആൻഡ് ഡിസ്കവർ എന്ന വൗച്ചറുകൾ ഉപയോഗിച്ച് പുറത്തു ഭക്ഷണം കഴിക്കുകയും, തീയറ്ററുകൾ, മ്യൂസിയം തുടങ്ങിയ ഇടങ്ങൾ സന്ദർശിക്കുകയും ചെയ്യാം.
18 വയസിന് മേൽ പ്രായമുള്ളവർക്കാണ് വൗച്ചറിനായി അപേക്ഷിക്കാവുന്നത്. സർവീസ് NSW ആപ്പ് വഴിയാണ് ഇത് ലഭ്യമാകുന്നത്.
ഡിസംബറിൽ നൽകുന്ന ഈ വൗച്ചറിനായി 250 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. വൗച്ചറിന് അടുത്ത വർഷം ജൂൺ വരെ കാലാവധിയുണ്ടാകും.

ഇത്തരത്തിൽ ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചർ സർക്കാർ നേരത്തെ നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് വൗച്ചർ നൽകുന്നത്.

നേരത്തെ വൗച്ചർ അനുവദിച്ചപ്പോൾ 48 ലക്ഷം പേരാണ് ഇത് ഉപയോഗിച്ചത്. ഇതുവഴി ബിസിനസുകൾക്ക് 430 മില്യൺ ഡോളർ ലഭിച്ചിരുന്നു.

ജനങ്ങൾ വൗച്ചറുകൾ ഉപയോഗിക്കുന്നത് വഴി സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ കഴിയുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ പറഞ്ഞു.

ഇതിന് പുറമെ ബിസിനസുകളെ പുനരുദ്ധരിപ്പിക്കാനായി 66 മില്യൺ ഡോളറിന്റെ ആൽഫ്രെസ്കോ റീസ്റ്റാർട്ട് ഇനീഷ്യേറ്റീവും സർക്കാർ പ്രഖ്യാപിച്ചു. കെട്ടിടത്തിന് പുറത്തുള്ള ഇടങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുന്നതിനാണ് ഇത്. 

ഇതിനായി ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള 5,000 ബിസിനസുകൾക്ക് 5,000 ഡോളർ ഗ്രാന്റ് നൽകും. ആദ്യം അപേക്ഷിക്കുന്നവർക്കാകും ഗ്രാന്റ് ആദ്യം ലഭിക്കുന്നതെന്ന് കസ്റ്റമർ സർവീസ് മന്ത്രി വിക്ടർ ഡൊമിനലോ പറഞ്ഞു.
സംസ്ഥാനത്ത് 406 പുതിയ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആറ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 16ന് മേൽ പ്രായമായ 91 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞു. 76.5 ശതമാനം പേരാണ് രണ്ട് ഡോസും സ്വീകരിച്ചിരിക്കുന്നത്.

വാക്‌സിനേഷൻ നിരക്ക് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്തയാഴ്ച മാർഗ്ഗരേഖയുടെ അടുത്ത ഘട്ടം നടപ്പാക്കുമെന്നാണ് പ്രീമിയർ അറിയിച്ചത്.

 


Share
Published 14 October 2021 1:01pm
By SBS Malayalam
Source: SBS

Share this with family and friends