“സ്ഥിതി ഇനിയും മോശമാകും”: സിഡ്നിയിൽ 239 പുതിയ കൊവിഡ് കേസുകൾ

സിഡ്‌നിയിലെ കൊവിഡ്ബാധ പുതിയ റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്. 239 കേസുകളാണ് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്.

Gladys Berejiklian 28 julho

Source: AAP Image/Pool, Lisa Maree Williams

സിഡ്‌നിയിലെ വൈറസ്ബാധ കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

239 പുതിയ പ്രാദേശിക രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറിൽ സിഡ്‌നിയിൽ
റിപ്പോർട്ട് ചെയ്തത്.

കൊവിഡ് ബാധ തുടങ്ങിയതിൽ പിന്നെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.

സിഡ്‌നിയിലെ ലോക്ക്ഡൗൺ നീട്ടിയതിന് പിന്നാലെ പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നീ പ്രദേശങ്ങളിൽ കൂടി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കൂടാതെ, കമ്പർലാന്റ്, കാന്റർബറി -ബാങ്ക്സ്‌ടൗൺ, ബ്ലാക്ക്ടൗൺ, ലിവർപൂൾ, ഫെയർഫീൽഡ്, പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

  • ഈ പ്രദേശങ്ങളിൽ ഉള്ളവർ വീട് വിട്ട് പുറത്തുപോയാൽ മാസ്ക് ധരിക്കണം
  • അവശ്യ സാധനങ്ങൾ വാങ്ങാൻ അഞ്ച് കിലോമീറ്റര് പരിധിയിൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു
  • സിംഗിൾ ബബിളിനും വ്യായാമത്തിനും അഞ്ച് കിലോമീറ്റര് പരിധി ബാധകമാണ്
നാളെ (വെള്ളിയാഴ്ച) അർദ്ധരാത്രി മുതൽ ഈ നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് പ്രീമിയർ അറിയിച്ചു.
വീടുകളിലും, തൊഴിലിടങ്ങളിലും, ആരോഗ്യ സംവിധാനങ്ങളിലും കേസുകൾ വർദ്ധിക്കുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങളെന്ന് പ്രീമിയർ വ്യതമാക്കി.

പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ള ആരോഗ്യമേഖലയിലും അംഗീകൃത ജോലികളിലും ഉള്ളവർക്ക് മാത്രമേ ജോലിക്കായി പ്രദേശം വിട്ടു പുറത്തുപോകാൻ അനുവാദമുള്ളുവെന്ന് സർക്കാർ ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങളും.

സംസ്ഥാനത്ത് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ സിഡ്‌നിയിലെ 90നു മേൽ പ്രായമായ ഒരു സ്ത്രീ ബുധനാഴ്ച രാവിലെ ലിവർപൂൾ ആശുപത്രിയിൽ മരിച്ചിരുന്നു.

കൂടാതെ, 80 നു മേൽ പ്രായമായ ഒരു പുരുഷനും മരണമടഞ്ഞിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 13 ആയി.

വൈറസ്‌ബാധിച്ച് 182 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 54 പേർ ICUലാണ്.

ആശുപത്രിയിൽ കഴി‌യുന്നവരിൽ നിരവധി പേർ ചെറുപ്പക്കാരായണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് പറഞ്ഞു.

ടീനേജുകാരായ രണ്ട് പേരും, 20നു മേൽ പ്രായമായ എട്ട് പേരും, 30നു മേൽ പ്രായമായ നാല് പേരും, 40 വയസിന് മേൽ പ്രായമായ മൂന്നും പേരും ആശുപത്രിയിൽ കഴിയുന്നുണ്ട്.

സംസ്ഥാനത്ത് 111,000 പരിശോധനയാണ് ബുധനാഴ്ച നടത്തിയത്. 

ഇത്രയുമധികം കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിതി ഇനിയും മോശമാകാനാണ് സാധ്യതയെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.

ഓഗസ്റ്റ് 28 വരെയാണ് സിഡ്‌നിയിലെ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.

ജനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്ന് പോലീസ് കമ്മിഷണർ മിക്ക് ഫുള്ളർ പറഞ്ഞു.



Share
Published 29 July 2021 11:52am
Updated 29 July 2021 11:55am
By SBS Malayalam
Source: SBS

Share this with family and friends