സംസ്ഥാനത്ത് കൊവിഡ് ബാധയിൽ റെക്കോർഡ് വർദ്ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 177 പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ജൂണിൽ കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
പുതിയ രോഗബാധിതത്തിൽ 46 പേർ സമൂഹത്തിൽ സജീവമായിരുന്നുവെന്നാണ് സർക്കാർ അറിയിച്ചത്. സംസ്ഥാനത്ത് ഒരു മരണം കൂടി സ്ഥിരീകരിച്ചു. 90 വയസ്സിന് മേൽ പ്രായമായ ഒരു സ്ത്രീയാണ് വൈറസ്‌ബാധിച്ച് മരിച്ചത്.
ഗ്രെയ്റ്റർ സിഡ്നി മേഖലയിലെ ലോക്ക്ഡൗൺ ജൂലൈ 31നാണ് അവസാനിക്കുന്നത്. എന്നാൽ വൈറസ് വ്യാപനം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടി.
ഓഗസ്റ്റ് 28 വരെയാണ് ഇപ്പോൾ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
സ്വന്തം കൗൺസിൽ മേഖലയിൽ മാത്രമേ ഷോപ്പിംഗിനായി പോകാവൂ. അവിടെ ലഭ്യമല്ലാത്ത സാധനങ്ങൾ വാങ്ങാൻ പരമാവധി 10 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
നിലവിൽ യാത്രാ നിയന്ത്രണങ്ങൾ ഉള്ള പ്രദേശങ്ങൾക്ക് പുറമെ കൂടുതൽ സ്ഥലങ്ങളിൽ ഉള്ളവർക്കും യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ള ആരോഗ്യമേഖലയിലും ഉള്ളവർക്ക് മാത്രമേ ജോലിക്കായി പ്രദേശം വിട്ടു പുറത്തുപോകാൻ അനുവാദമുള്ളു.
നിലവിൽ കമ്പർലാന്റ്, കാന്റർബറി -ബാങ്ക്സ്‌ടൗൺ, ബ്ലാക്ക്ടൗൺ, ലിവർപൂൾ, ഫെയർഫീൽഡ് എന്നിവിടങ്ങളിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഈ നിയന്ത്രണം.
കൂടാതെ, 12 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് ഫലം ലഭിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങുമെന്നും ഇവർക്ക് ഫൈസർ വാക്‌സിൻ നൽകുമെന്നും പ്രീമിയർ അറിയിച്ചു. ഇത് വഴി ഓഗസ്റ്റ് 16 മുതൽ ഇവർക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ സാധിക്കും.
കമ്പർലാന്റ്, കാന്റർബറി -ബാങ്ക്സ്‌ടൗൺ, ബ്ലാക്ക്ടൗൺ, ലിവർപൂൾ, ഫെയർഫീൽഡ് പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ള കുട്ടികൾക്കാണ് ഇത് ബാധകമാകുന്നത്.
എന്നാൽ മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത ഒരു മാസത്തേക്ക് ഓൺലൈൻ പഠനം തുടരും.
മാത്രമല്ല, ഒറ്റക്ക് താമസിക്കുന്നവരെ സന്ദർശിക്കാൻ അനുവാദം നൽകുന്ന സിംഗിൾ ട്രാവൽ ബബ്ബിൾ ആരംഭിക്കും.
അതേസമയം വൈറസ് വ്യാപനം മൂലം നിർത്തിവച്ച കെട്ടിടനിർമ്മാണ മേഖലയിലെ ജോലികൾ ശനിയാഴ്ച മുതൽ ഭാഗികമായിപുനരാരംഭിക്കും. എന്നാൽ അധിക നിയന്ത്രണങ്ങളുള്ള എട്ട് കൗൺസിൽ മേഖലകളിൽ അനുവദിക്കില്ല. ആൾതാമസമില്ലാത്ത വീടുകളിലാണ് പണികൾ തുടങ്ങാവുന്നത്.
ആൾതാമസമുള്ള വീടുകളിൽ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ട്രേഡിംഗ് മേഖലയിലെ ജീവനക്കാർക്ക് സമ്പർക്കമില്ലാതെ ജോലി ചെയ്യാം. വീടുകൾക്കുള്ളിൽ രണ്ട് പേർക്കും പുറത്ത് അഞ്ച് പേർക്കും മാത്രമേ അനുവാദമുള്ളൂ.
ജോലി നടക്കുന്ന സമയത്ത് വീട്ടിലുള്ളവർ പുറത്തുപോയാൽ മാത്രമേ ഈ ജോലികൾ ചെയ്യാൻ കഴിയു.
സമ്പർക്കം ഇല്ലാതെ ജോലികൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.
രോഗബാധ കൂടുതലുള്ള എട്ട് കൗൺസിൽ മേഖലകളിൽ ഈ ജോലികൾ ചെയ്യാൻ അനുവാദമില്ല. മാത്രമല്ല ഈ പ്രദേശത്തുള്ള ട്രേഡികൾ ഇവിടം വിട്ട് പുറത്തുപോകാനും പാടില്ല.
വീടുകളിൽ ജനങ്ങൾ ഒത്തുചേരുന്നതാണ് രോഗബാധ പടരാൻ കൂടുതൽ കാരണമാകുന്നതെന്നും, അതിനാൽ വീടുകൾ സന്ദർശിക്കുന്നത് നിർത്തണമെന്ന് പ്രീമിയർ ആവർത്തിച്ചു. പെൻഡിൽ ഹില്ലിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 50 പേരിൽ 45 പേർക്കും വൈറസ്ബാധ സ്ഥിരീകരിച്ചത് ഉദാഹരണമായി പ്രീമിയർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വൈറസ്ബാധ കൂടിയതോടെ ഓറഞ്ച് ഉൾപ്പെടെയുള്ള സെൻട്രൽ വെസ്റ്റ് മേഖലയിലും ഒരാഴ്ചത്തെ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നു.
എന്നാൽ ഇവിടെ കൂടുൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേശത്തെ ലോക്ക്ഡൗൺ ബുധനാഴ്ച രാവിലെ പിൻവലിച്ചു.
സംസ്ഥാനത്ത് കൊവിഡ്ബാധയുമായി 165 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 56 പേരാണ് ICUവിലുള്ളത്.
സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച മുതൽ 18 വയസ്സിന് മേൽ പ്രായമായ എല്ലാവര്ക്കും ഫാർമസി വഴി ആസ്‌ട്രസെനക്ക വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങും. 18നും 39നുമിടയിൽ പ്രായമായവർക്ക് വെള്ളിയാഴ്ച മുതൽ വാക്‌സിനേഷൻ ഹബുകളിലും ബുക്ക് ചെയ്യാം.