ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടാൻ $250 മില്യൺ; 2,600 പുതിയ തൊഴിലുകൾക്ക് സാധ്യതയെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ 250 മില്യൺ ഡോളർ ഫണ്ടിംഗ് പ്രഖ്യാപിച്ചു. പുതിയ പദ്ധതി വഴി 2,600 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

Prime Minister Scott Morrison

Prime Minister Scott Morrison Source: AAP

2030 ഓടെ ഓസ്‌ട്രേലിയയിലെ 50 ശതമാനം പുതിയ വാഹനങ്ങളും ഇലക്‌ട്രിക് ആക്കുമെന്ന ലേബർ പാർട്ടിയുടെ വാഗ്ദാനത്തെ 2019 തെരെഞ്ഞടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തള്ളി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സ്കോട്ട് മോറിസൺ. ഈ പദ്ധതിക്കായി 250 മില്യൺ ഡോളർ ഫണ്ടിംഗ് പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടുന്നതിനായി പ്രഖ്യാപിച്ച 250 മില്യൺ ഡോളർ പദ്ധതി രാജ്യത്ത് 2,600 തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പിന്തുണക്കയ്ക്ക് തുല്യമായ തുക സ്വകാര്യ കമ്പനികളും രംഗത്ത് നിക്ഷേപിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി പ്രധാന മന്ത്രി പറഞ്ഞു.  ഇത് വഴി 2030 ഓടെ 17 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ ഓസ്‌ട്രേലിയൻ റോഡുകളിൽ ഓടി തുടങ്ങുമെന്നാണ് കണക്ക്കൂട്ടുന്നത്.
പൊതുസ്ഥലങ്ങളിലും വീടുകളിലും വൈദ്യുതി ചാർജിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനും കമ്മേർഷ്യൽ ഫ്‌ളീറ്റ് വാഹനങ്ങൾ, ദീര്ഘ ദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവ ഇലക്ട്രിക് ആക്കുന്നതിനായും ഈ ഫണ്ടിംഗ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ഈ മേഖലകളിലായിരിക്കും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കപ്പെടാൻ സാധ്യത. 

ഇതിലൂടെ 50,000 വീടുകൾക്കും 400 ബിസിനസുകൾക്കും ചാർജിംഗ് സംവിധാനങ്ങൾ ഒരുക്കുകയും 1,000 പൊതു ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുകയുമാണ് ലക്ഷ്യം.

ഈ പദ്ധതി 21-22 മുതൽ മൂന്ന് വർഷത്തിനിടയിൽ 2,600 തൊഴിലുകൾ സൃഷ്ടിക്കുമെന്നും, 2035 ഓടെ കാർബൺ ബഹിർഗമനം എട്ട് മെട്രിക് ടൺ കുറയ്ക്കുമെന്നുമാണ് കണക്ക്കൂട്ടൽ.
പദ്ധതി നടപ്പിലാക്കുന്നത് വഴി 84 ശതമാനം ഓസ്‌ട്രേലിയക്കാർക്കും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടെ വിപുലമായ ഉപയോഗത്തിന് വൈദ്യുതി ഗ്രിഡ് സജ്‌ജമാക്കുന്നത് വഴി 224 മില്യൺ ഡോളർ അപ്ഗ്രേഡ് ചെലവുകളിൽ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 2035 ഓടെ ആരോഗ്യ മേഖലയിൽ 200 മില്യൺ ഡോളർ ചെലവ് ചുരുക്കാൻ കഴിയുമെന്നും കണക്ക്കൂട്ടുന്നു.

ഇലക്ട്രിക് കാറുകൾ കൂട്ടുന്നതിനായുള്ള പദ്ധതി ഓസ്‌ട്രേലിയയിലെ പൊതുജനത്തിന് വലിയൊരു മാറ്റമായി തോന്നാം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ ഓസ്ട്രലിയക്കാരെ അവർ ഇഷ്ടപ്പെടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുകയല്ല ലക്ഷ്യമെന്നും പ്രധാന മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ കഴിയാത്തവരെ വാഹനം ഉപയോഗിക്കുന്നതിൽ നിന്ന് നിരോധിക്കുകയോ നികുതി ഈടാക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലേബർ പാർട്ടി 2022 ലെ തെരഞ്ഞടുപ്പിൽ വിജയിച്ചാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥ നയം വ്യക്തമാക്കി.

പ്രാദേശിക സർകാരുകളെയും സാമൂഹിക കൂട്ടായ്‌മകളെയും ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കം തടയുക എന്നിവ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ജലപാതകളും അവയുടെ ചുറ്റുമുള്ള ക്യാച്ച്മെന്റ് പ്രദേശങ്ങളും ശരിയാക്കുന്നത് വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസി പറഞ്ഞു.

 


Share
Published 9 November 2021 12:39pm
Updated 9 November 2021 1:10pm
By SBS Malayalam
Source: AAP, SBS


Share this with family and friends