കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ ഓസ്‌ട്രേലിയ ആവശ്യത്തിന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് 70,000 തൊഴിലുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ക്ലൈമറ്റ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻറ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം തൊഴിൽ നഷ്ടം ഉണ്ടാവുക എന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ക്വീൻസ്ലാന്റിൽ 50,000 തൊഴിലുകളും ന്യൂ സൗത്ത് വെയിൽസിൽ 20,000 ഉം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഓസ്‌ട്രേലിയയിൽ നിന്നുള്ള കയറ്റുമതിക്ക് കൂടുതൽ നികുതി ഈടാക്കാൻ G7 രാജ്യങ്ങൾ തീരുമാനിച്ചാലാണ് പ്രതിസന്ധി ഉണ്ടാവുക. കാർബൺ ബഹിർഗമനം കൂട്ടാൻ കാരണമാകുന്ന ഉത്പന്നങ്ങളുടെ കയറ്റുമതിക്കായിരിക്കും കൂടുതൽ നികുതി ഈടാക്കാൻ സാധ്യത.
ഓസ്‌ട്രേലിയൻ സർക്കാറിന്റെ കാലാവസ്ഥാ നയങ്ങളിലെ കുറവുകൾ ''തൊഴിലുകളെ കൊല്ലുന്ന'' വയാണെന്ന് ക്ലൈമറ്റ് കൗൺസിൽ ചൂണ്ടിക്കാട്ടി.
കല്‍ക്കരി ഉൾപ്പെടെ കാർബൺ ബഹിർഗമനം കൂടുതലുള്ള മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതിയെ എങ്ങനെ ബാധിക്കുമെന്നാണ് ക്ലൈമറ്റ് കൗൺസിൽ പഠനം നടത്തിയത്.
G7 രാജ്യങ്ങൾ, ചൈന, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ എന്ത് നിലപാടായിരിക്കും സ്വീകരിക്കാൻ സാധ്യതയെന്ന് ക്ലൈമറ്റ് കൗൺസിൽ വിലയിരുത്തി.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പുതിയ നയങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ ക്യാബിനറ്റ് പുറത്തുവിടാനിരിക്കെയാണ് ക്ലൈമറ്റ് കൗണ്സിലിന്റെ മുന്നറിയിപ്പ്.
2050 ഓടെ നെറ്റ് സീറോ എമിഷൻസ് സാധ്യമാകുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ കൂടുതൽ നടപടികൾ ഇടക്കാല ലക്ഷ്യമായി മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനായി സർക്കാർ നയങ്ങളിൽ കാതലായ മാറ്റം നടപ്പിലാക്കണമെന്നാണ് ക്ലൈമറ്റ് കൗൺസിൽ നിർദ്ദേശിക്കുന്നത്.
ഈ ദശകത്തിൽ കാർബൺ ബഹിർഗമനം 75 ശതമാനം കുറയ്ക്കണമെന്നാണ് നിർദ്ദേശം. 2035 ഓടെ നെറ്റ് സീറോ എമിഷൻസ് എന്ന ലക്ഷ്യമാണ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്.
2030 ഓടെയെങ്കിലും ഓസ്‌ട്രേലിയ കുറഞ്ഞത് കാർബൺ ബഹിർഗമനം പകുതിയാക്കുമെന്ന് ഉറപ്പ് നൽകണമെന്നാണ് കൗൺസിൽ ആവശ്യപ്പെടുന്നത്. മറ്റ് രാജ്യങ്ങൾ ഓസ്‌ട്രേലിയയെക്കാൾ ഏറെ വേഗത്തിൽ പ്രതിസന്ധി മറികടക്കാനുള്ള നയങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.