“അച്ഛൻ മരിച്ചിട്ടും നാട്ടിൽ പോകാൻ കഴിയുന്നില്ല”: അടിയന്തര യാത്ര മുടങ്ങി OCI കാർഡുടമകൾ

കൊറോണവൈറസ് ഭീതി മൂലം OCI കാർഡുടമകൾക്കുൾപ്പെടെ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ അടിയന്തര സാഹചര്യങ്ങളിൽ പോലും ഇന്ത്യയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമായി. ഉറ്റ ബന്ധുക്കൾ മരിച്ചിട്ടും വിസ കിട്ടാൻ കാലതാമസമുണ്ടാകുന്നുവെന്നാണ് പരാതി.

he travel advisory issued by the Indian government in New Delhi India 12 March 2020

Source: SBS

കൊവിഡ്-19 വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. വിദേശപൗരൻമാർക്ക് നൽകിയിട്ടുള്ള എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യൻ സർക്കാർ, OCI കാർഡുപയോഗിച്ചും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല എന്നാണ് വ്യക്തമാക്കിയത്.

ഏപ്രിൽ 15 വരെയാണ് ഈ യാത്രാവിലക്ക്.
അടിയന്തര സാഹചര്യങ്ങളുണ്ടെങ്കിൽ തൊട്ടടുത്തുള്ള ഇന്ത്യൻ മിഷനിൽ നിന്ന് പ്രത്യേക വിസ ലഭിക്കുമെന്നും ഇന്ത്യൻ ഇമിഗ്രേഷൻ ബ്യൂറോ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അത്തരം വിസ ലഭിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് ഒന്നിലേറെ ഓസ്ട്രേലിയൻ മലയാളികൾ ചൂണ്ടിക്കാട്ടുന്നത്.
Passengers at the Indira Gandhi International airport in New Delhi, India, 12 March 2020.
Passengers at the Indira Gandhi International airport in New Delhi, India, 12 March 2020. Source: AAP
വെള്ളിയാഴ്ച രാത്രി അച്ഛൻ മരിച്ചതോടെ കേരളത്തിലേക്ക് പോകാൻ ശ്രമിച്ചതാണ് സിഡ്നി ചെറിബ്രൂക്കിലുള്ള ആനി*.

റാന്നി സ്വദേശിയായ ആനിയുടെ അച്ഛൻ ഹൃദയാഘാതം മൂലമാണ് മരിച്ചത്.

OCI കാർഡുപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ എമർജൻസി നമ്പരിൽ ആനി ബന്ധപ്പെട്ടു.

VFS  ഓഫീസിൽ പേപ്പർ അപേക്ഷ നൽകിയാൽ മാത്രമേ ഈ സാഹചര്യത്തിൽ വിസ അപേക്ഷ പരിഗണിക്കാൻ കഴിയൂ എന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ എസ് എം എസ് മൂലം ആനിക്ക് നൽകിയ മറുപടി.

VFSൽ നൽകുന്ന അപേക്ഷ അവർ കോൺസുലേറ്റിന് കൈമാറുമെന്നും, തുടർന്ന് അത് ന്യൂഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയക്കുമെന്നും ഈ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.

മന്ത്രാലയം അനുമതി നൽകിയാൽ മാത്രമേ വിസയുടെ ഫീസ് പോലും VFS  സ്വീകരിക്കുകയുള്ളൂ. എത്രത്തോളം അത്യാവശ്യ സാഹചര്യമാണെന്ന്  പരിഗണിച്ചാകും അടിയന്തര വിസ നൽകണമോ എന്ന കാര്യം തീരുമാനിക്കുക എന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
India travel restrictions due to coronavirus
Reply received by Ani from the Indian High Commission Source: Supplied
ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിസ നൽകാൻ കോൺസുലേറ്റിന്  അധികാരമില്ലെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓഫീസ് അവധി ദിവസങ്ങളായതിനാൽ ഇനി തിങ്കളാഴ്ച രാവിലെ മാത്രമേ VFS ലെത്തി അപേക്ഷ നൽകാൻ കഴിയൂ എന്ന് ആനിയും ഭർത്താവ് എബ്രഹാമും* എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

എന്നിട്ടും എത്ര ദിവസം കാത്തിരിക്കേണ്ടി വരും എന്നറിയാത്തതിലുള്ള ആശങ്കയിലാണ് അവർ.
Passengers use protective masks at Netaji Subhash Chandra Bose International Airport in Kolkata, Eastern India, 13 March 2020.
Passengers use protective masks at Netaji Subhash Chandra Bose International Airport in Kolkata, Eastern India, 13 March 2020. Source: AAP
ഇത് ഒരാളുടെ മാത്രം വിഷയമല്ലെന്ന് സിഡ്നിയിലെ ട്രാവൽ ഏജന്റ് ജിജു പീറ്റർ പറഞ്ഞു.

ബ്രിസ്ബൈനിലെ ഒരു മലയാളിയും സമാനമായ സാഹചര്യത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മ മരിച്ചതുകാരണം നാടിൽ പോകാൻ ശ്രമിച്ച ഈ മലയാളിക്കും സമാനമായ മറുപടിയാണ് ഹൈക്കമ്മീഷനിൽ നിന്ന് ലഭിച്ചത്.
(*സ്വകാര്യത സംരക്ഷിക്കുന്നതിനായി പൂർണമായ പേര് ഒഴിവാക്കുന്നു)


Share
Published 14 March 2020 6:20pm
Updated 14 March 2020 6:42pm
By Deeju Sivadas


Share this with family and friends