ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ താമസിക്കുന്ന ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഭക്ഷ്യ വിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ മാംസം കഴിച്ച ശേഷം അബോധാവസ്ഥയിലായ മൂവരെയും വൈക്കാട്ടോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ക്ലോസ്ട്രിഡിയം ബോട്ടുലിനിയം എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ബോട്ടുലിസം എന്ന മാരകമായ രോഗാവസ്ഥയായിരിക്കും ഇവരെ ബാധിച്ചിട്ടുള്ളത് എന്നാണ് ആശുപത്രി അധികൃതർ കരുതുന്നത്. ബോട്ടുലിസത്തിനെതിരായ ആൻറി-ടോക്സിനുകളോട് ഇവരുടെ ശരീരം പ്രതികരിക്കുന്നതുകൊണ്ടാണ് ഡോക്ടർമാർ അങ്ങനെ കരുതുന്നത്.
എന്നാൽ ബോട്ടുലിസം തന്നെയാണോ പ്രശ്നകാരണമെന്നും, അത് എങ്ങനെ പിടിപെട്ടിരിക്കാമെന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇവർ കഴിച്ച ഇറച്ചിയുടെ സാംപിൾ പരിശോധനക്കായി ക്വീൻസ്ലാൻഡിലേക്ക് അയച്ചിട്ടുണ്ടെങ്കിലും കുറച്ചു ആഴ്ചകൾക്ക് ശേഷം മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.
ഷിബുവിന്റെ ഭാര്യ സുബിയെ ഹൈ ഡിപെൻഡൻസി യൂണിറ്റിൽ നിന്നും അക്യൂട്ട് വാർഡിലേക്ക് മാറ്റിയതായി ഇവരുടെ കുടുംബ സുഹൃത്ത് ജോജി വര്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണുകൾ തുറക്കുന്നുണ്ടെങ്കിലും ഇവർ ഇപ്പോഴും അബോധാവസ്ഥയിലാണ്.
നാലു മുതൽ ആറു മാസം വരെ ഇവർക്ക് ചികിത്സ ആവശ്യമായി വരുമെന്നും ജീവൻ രക്ഷപ്പെട്ടാലും ഇവരുടെ ചലനശേഷി ഇല്ലാതാവാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ.
ഏഴും ഒന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളാണ് ഇവർക്ക്. സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. കുട്ടികൾ ഉറങ്ങിയ ശേഷമാണ് കുടുംബത്തിലെ മറ്റംഗങ്ങൾ ഇറച്ചി കഴിച്ചത് എന്നതിനാൽ, കുട്ടികള് രക്ഷപ്പെടുകയായിരുന്നു.
കൊട്ടാരക്കര സ്വദേശികളായ ഷിബുവും കുടുംബവും അഞ്ചു വര്ഷം മുൻപാണ് ന്യൂസിലാൻഡിൽ എത്തിയത്. ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഇവരെ സന്ദർശിക്കാനായി എത്തിയതാണ് .
ഇവർക്ക് വേണ്ട സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കാൻ ന്യൂസിലാൻഡ് മലയാളി സമൂഹം മുൻപോട്ടു വന്നിട്ടുണ്ട്.