ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ എന്നിവരെയാണ് ഭക്ഷ്യ വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ വെള്ളിയാഴ്ച ന്യൂസിലൻഡിലെ വൈക്കാട്ടോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി അടിയന്തര വിഭാഗത്തിലേക്ക് ഫോൺ ചെയ്യുകയായിരുന്നു ഷിബു.
എന്നാൽ പാരാമെഡിക്സ് എത്തിയപ്പോഴേക്കും മൂവരും അബോധാവസ്ഥയിലായിരുന്നു എന്നാണ് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ രണ്ടു കുട്ടികളും ഈ സമയത്ത് ഉറക്കമായിരുന്നു. അതിനാൽ മാസം ഇവർ ഭക്ഷിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കുടുംബ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് ഇവർ ഇപ്പോൾ.
മൃഗങ്ങളെ വേട്ടയാടുന്നതിൽ ഏറെ താല്പര്യം കാണിച്ചിരുന്ന ഷിബു വേട്ടയാടി കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതാവാം വിഷബാധക്ക് കാരണമെന്ന് ആശുപത്രി അധികൃതർ വിലയിരുത്തുന്നു. ഇതുറപ്പാക്കാൻ ഈ മാസം പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഷിബുവിന്റെയും കുടുംബത്തിന്റെയും ചികിത്സ ഏകദേശം രണ്ടു മാസം വരെ നീളാമെന്നും, ജീവൻ രക്ഷപ്പെട്ടാലും ഇവർ തളർന്നുപോകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചതായി കുടുംബ സുഹൃത്ത് ജോജി വര്ഗീസ് പറഞ്ഞു .
അഞ്ചു വര്ഷം മുൻപാണ് കൊട്ടാരക്കര സ്വദേശികളായ ഷിബുവും കുടുംബവും ന്യൂസിലൻഡിലേക്ക് കുടിയേറിയത്. ഇവരെ സന്ദർശിക്കാൻ എത്തിയതാണ് ഷിബുവിന്റെ അമ്മ.
കുടുംബത്തിന് വേണ്ട സാഹായം ചെയ്തു കൊടുക്കാൻ എംബസി ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഹൈ കമ്മീഷണർ സഞ്ജീവ് കോഹ്ലി അറിയിച്ചു.
ഇവർക്ക് വേണ്ട സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കാൻ ന്യൂസിലൻഡിലെ മലയാളി സമൂഹവും മുൻപോട്ടു വന്നിട്ടുണ്ട്.