കൊറോണവൈറസ് ബാധ കൂടുതൽ വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിട്ട് കടുത്ത നടപടിയാണ് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശത്തു നിന്ന് ഇന്ത്യൻ പൗരൻമാർ ഉൾപ്പെടെ ആർക്കും രാജ്യത്തേക്ക് വരാൻ കഴിയാത്ത രീതിയിലുള്ള യാത്രാവിലക്കാണ് പ്രഖ്യാപിച്ചത്. മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് എല്ലാ രാജ്യാന്തര യാത്രാ വിമാനങ്ങൾക്കും ഇന്ത്യയിൽ വിലക്കേർപ്പെടുത്തി.
മാർച്ച് 22 ഗ്രീൻവിച്ച് സമയം പുലർച്ചെ 00:01 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 5:31) ഒരു വിദേശരാജ്യത്തു നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ യാത്ര പുറപ്പെടരുത് എന്നാണ് നിർദ്ദേശം.
അതിന് തൊട്ടുമുമ്പു വരെ പറന്നുയരുന്ന വിമാനങ്ങൾക്ക് പരമാവധി 20 മണിക്കൂർ യാത്രാസമയം നൽകും. അതായത്, മാർച്ച് 22 രാത്രി GMT 8:01 നു ശേഷം ഇന്ത്യയിൽ ലാന്റ് ചെയ്യാൻ ഒരു വിമാനത്തിനും അനുമതിയുണ്ടാകില്ല.
മാർച്ച് 29 പുലർച്ചെ 00:01 വരെ ഈ യാത്രാവിലക്ക് നിലനിൽക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
നേരത്തേ എല്ലാ വിദേശപൗരൻമാരുടെയും വിസ ഇന്ത്യൻ സർക്കാർ റദ്ദാക്കിയിരുന്നു. OCI കാർഡുള്ളവർക്കുപോലും അടിന്തര സാഹചര്യത്തിൽ വിസയെടുത്തു മാത്രമേ യാത്ര ചെയ്യാൻ കഴിയുള്ളൂ എന്നായിരുന്നു ഉത്തരവ്.

Source: DGCA
എന്നാൽ പുതിയ ഉത്തരവ് വന്നതോടെ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരൻമാർക്ക് പോലും ഈ സമയത്ത് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല.
ഓസ്ട്രേലിയയും വ്യാഴാഴ്ച കർശനമായ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലയൻ പൗരൻമാരെയോ റെസിഡന്റ്സിനെയോ മാത്രമേ രാജ്യത്തേക്ക് എത്താൻ അനുവദിക്കൂ എന്നാണ് തീരുമാനം. ഓസ്ട്രേലിയക്കാർ വിദേശത്തേക്ക് പോകുന്നതും നിരോധിച്ചിട്ടുണ്ട്.
എന്നാൽ ഓസ്ട്രേലിയയിലുള്ള പല ഇന്ത്യൻ പൗരൻമാരും, പ്രത്യേകിച്ചും ഇവിടെ സന്ദർശിക്കാനെത്തിയിരിക്കുന്ന മാതാപിതാക്കൾ, തിരിച്ചു യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇന്ത്യ പ്രഖ്യാപിച്ച യാത്രാവിലക്കിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ ഒരാഴ്ച അവർക്കും യാത്ര ചെയ്യാൻ കഴിയില്ല.
മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകളും നേരത്തേ തന്നെ ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു.