കുടിയേറ്റ സമൂഹങ്ങളെ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ 2016ലാണ് ലിബറൽ-നാഷണൽ സഖ്യസർക്കാർ കമ്മ്യൂണിറ്റി സേഫ്റ്റി ഫണ്ടിംഗ് പദ്ധതി കൊണ്ടുവന്നത്.
കുറ്റകൃത്യങ്ങളും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ സാമൂഹിക സംഘടനകളെയും കൂട്ടായ്മകളെയും പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
2019ലെ ക്രൈസ്റ്റ്ചർച്ച് തീവ്രവാദി ആക്രമണത്തിനു ശേഷം, വംശീയ ഭീഷണിയും, മതപരമായ സുരക്ഷാ ഭീഷണിയും നേരിടുന്ന സംഘടനകളെയും, സ്കൂളുകളെയും, പ്രീ-സ്കൂളുകളെയുമെല്ലാം പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നിരുന്നു.
സെക്യൂരിറ്റി ക്യാമറകളടക്കമുള്ളവ സ്ഥാപിക്കാൻ പദ്ധതിയിലൂടെ ധനസഹായം നൽകുന്നുണ്ട്.
എന്നാൽ, ഈ ഫണ്ടിംഗിന്റെ 84 ശതമാനവും മതസ്ഥാപനങ്ങൾക്കാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ഓസ്ട്രേലിയൻ നാഷണൽ ഓഡിറ്റ് ഓഫീസിന്റെ റിപ്പോർട്ട് പറയുന്നത്.
ഇതുവരെ അഞ്ച് റൗണ്ടുകളിലായി 184 ദശലക്ഷം ഡോളറാണ് വിതരണം ചെയ്തതായി ഓഡിറ്റർ ജനറലിൻറെ റിപ്പോർട്ടിൽ പറയുന്നു.
ആകെ 700 അപേക്ഷകർക്ക് ഇതുവരെ ഫണ്ടിംഗ് നൽകി. ആറാമത്തെ റൗണ്ടിന്റെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണ്.
വിതരണം ചെയ്ത ഫണ്ടുകളുടെ ഭൂരിഭാഗവും ജൂത, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഈ മതവിഭാഗങ്ങളുടെ സ്ഥാപനങ്ങൾക്കാണെന്നും, അതേത്തുടർന്ന് ഫണ്ടിംഗിന്റെ കൂടുതൽ ഭാഗവും അത്തരം സ്ഥാപനങ്ങളിലേക്ക് പോയി എന്നുമാണ് റിപ്പോർട്ട് പറയുന്നത്.
മുസ്ലീം, ബുദ്ധ, ഹിന്ദു, സിഖ് വിഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ താരമത്യേന കുറവാണെന്നും അതുകൊണ്ട് തന്നെ നൽകിയിട്ടുള്ള ഫണ്ടിംഗും കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മതവിഭാഗങ്ങളുടെ പേരിലല്ലാതെ, സാംസ്കാരിക വിഭാഗങ്ങൾ എന്ന രീതിയിൽ അപേക്ഷിച്ചവർക്ക് ഫണ്ടിംഗ് ലഭിച്ചിരിക്കുന്നത് വളരെ കുറവാണ്.
16 കുടിയേറ്റ സാംസ്കാരിക വിഭാഗങ്ങൾക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഒരിക്കൽ പോലും ഫണ്ടിംഗ് ലഭിച്ചിട്ടില്ല.
ഇന്ത്യൻ, ചൈനീസ്, ഇറാനിയൻ, കൊറിയൻ, ഇറാഖി, ഫിലിപ്പിനോ തുടങ്ങിയ 16 സംസ്കാരിക വിഭാഗങ്ങൾക്കാണ് അപേക്ഷിച്ചിട്ടും ഫണ്ടിംഗ് ലഭിച്ചിട്ടില്ലാത്തത്.
“ചില മതവിഭാഗങ്ങൾക്കും, സാംസ്കാരിക വിഭാഗങ്ങൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു” എന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ ഓഡിറ്റ് ഓഫീസ് (ANAO) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പദ്ധതിയെക്കുറിച്ചുള്ള അറിവും, ലഭിക്കാനുള്ള സാധ്യതയും തങ്ങൾക്ക് കുറവാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മതവിഭാഗത്തിൽ നിന്നും, തമിഴ് സാംസ്കാരിക സംഘടനകളിൽ നിന്നും നിവേദനങ്ങൾ ലഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാർ വകുപ്പുകൾ ഒരു റോബോട്ട് പോലെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും, അതിനാൽ ഹിന്ദു സ്ഥാപനങ്ങൾക്ക് ഫണ്ടിംഗ് അവസരങ്ങൾ നഷ്ടമാകുകയാണെന്നും ചൂണ്ടിക്കാട്ടി കൗൺസിൽ നൽകിയ പരാതിയും ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഫണ്ടിംഗ് ലഭ്യമാകുന്നില്ല എന്ന ഓഡിറ്റർ ജനറലിന്റെ കണ്ടെത്തൽ സ്വാഗതാർഹമാണെന്ന് ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയയുടെ വൈസ് പ്രസിഡന്റ് സുരീന്ദർ ജയിൻ പറഞ്ഞു.
തുല്യമായ അവസരമല്ല ഞങ്ങൾക്ക് ലഭിക്കുന്നത് സുരീന്ദർ ജയിൻ, ഹിന്ദു കൗൺസിൽ ഓഫ് ഓസ്ട്രേലിയ
ഇത്തരം ഫണ്ടിംഗ് പദ്ധതികളെക്കുറിച്ച് കൃത്യമായ സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും, എങ്ങനെയാണ് ഈ ഫണ്ടിംഗ് ലഭ്യമാകുക എന്ന കാര്യവും വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താരതമ്യേന ചെറിയ മതവിഭാഗങ്ങൾക്കും സാംസ്കാരിക വിഭാഗങ്ങൾക്കും മതിയായ അവസരം നൽകാൻ നടപടി വേണമന്ന് ഫെഡറേഷൻ ഓഫ് എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ CEO മുഹമ്മദ് അൽ ഖഫാജി പറഞ്ഞു.
അതേസമയം, അപേക്ഷകരുടെ മതമോ, സാംസ്കാരിക പശ്ചാത്തലമോ തീരുമാനമെടുക്കുന്നതിനെ സ്വാധീനിച്ചിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.
ഇത്തരം പദ്ധതികളെക്കുറിച്ച് കൂടുതൽ കുടിയേറ്റ വിഭാഗങ്ങളിലും, മത-സാംസ്കാരിക വിഭാഗങ്ങളിലും അവബോധമുണ്ടാക്കാൻ നടപടിയെടുക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
അതേസമയം, “ബോധപൂർവമല്ലാത്ത പക്ഷപാതം” ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതേക്കുറിച്ച് ഫണ്ടിംഗ് നൽകുന്നതിൽ തീരുമാനമെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക് പ്രതികരിച്ചു.