ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ സ്ഥാനത്ത് നിന്ന് രാജിവച്ച ഗ്ലാഡിസ് ബെറജക്ലിയന് പകരം പുതിയ പ്രീമിയറായി ഡൊമിനിക് പെറോട്ടേ സ്ഥാനമേൽക്കും.
നിലവിൽ സംസ്ഥാന ട്രെഷററായ ഡൊമിനിക് പെറോട്ടേ ന്യൂ സൗത്ത് വെയിൽസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറായിരിക്കും. 39 വയസുള്ള അദ്ദേഹം ന്യൂ സൗത്ത് വെയിൽസിലെ 46 ആം പ്രീമിയറാകും.
ഗ്ലാഡിസ് ബെറജക്ലിയനെതിരെ ന്യൂ സൗത്ത് വെയിൽസ് അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെറജക്ലിയൻ സ്ഥാനം ഒഴിഞ്ഞത്.
പ്ലാനിംഗ് മന്ത്രി റോബ് സ്റ്റോക്സിനെ പാർട്ടി റൂം ബാലറ്റിൽ 39-5 എന്ന വോട്ടിന് പരാജപ്പെടുത്തിയാണ് പെറോട്ടേ പ്രീമിയർ സ്ഥാനത്തെത്തുന്നത്.
സംസ്ഥാന ലിബറൽ പാർട്ടി ഡെപ്യുട്ടി നേതാവായി തൊഴിൽ മന്ത്രി സ്റ്റുവർട്ട് അയേഴ്സ് സ്ഥാനമേൽക്കും. അതെസമയം പരിസ്ഥിതി മന്ത്രി മാറ്റ് കീൻ ട്രഷറർ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ട്.
ന്യൂ സൗത്ത് വെയിൽസിൽ 608 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഏഴ് പുതിയ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരിച്ചവരിൽ അഞ്ചു പേർ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളവരല്ല എന്നും രണ്ട് പേർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Taree, Forster-Tuncurry, Muswellbrook എന്നീ പ്രദേശങ്ങളിൽ വീട്ടിലിരിക്കാനുള്ള നിർദ്ദേശം ഒക്ടോബർ 11 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് രോഗബാധ കൂടിയതിനെ തുടർന്നാണിത്.
വിക്ടോറിയ
വിക്ടോറിയയിൽ ഇന്ന് (ചൊവ്വാഴ്ച) പുതിയ 1,763 പ്രാദേശിക രോഗബാധയും നാല് കൊവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഓസ്‌ട്രേലിയയിലെ ഒരു പ്രദേശത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്.
അതെസമയം ലോക്ക്ഡൗൺ പിൻവലിക്കാനുള്ള നിലവിലെ പദ്ധതിയിൽ മാറ്റം ഉദ്ദേശിക്കുന്നില്ല എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് വ്യക്തമാക്കി.
തുടർച്ചയായി ആറു ദിവസം 1,000 ത്തിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയയിൽ സജീവ രോഗബാധയുള്ളവരുടെ എണ്ണം 14,368 ലേക്ക് ഉയർന്നു.
ഇന്ന് (ചൊവ്വാഴ്ച) അർദ്ധരാത്രി മുതൽ ലട്രോബ് വാലിയിൽ ലോക്ക്ഡൗൺ അവസാനിക്കുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.
ഇന്ന് മുതൽ നിർമ്മാണ രംഗം വീണ്ടും തുറക്കും. വാക്‌സിൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് സൈറ്റിൽ പ്രവേശനം അനുവദിക്കുക.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, ക്വീൻസ്ലാൻറ്
ACTയിൽ 33 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 14 പേർ രോഗം പടരാൻ സാധ്യതയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.
ക്വീൻസ്ലാന്റിൽ രണ്ട് പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു.