ഓസ്‌ട്രേലിയയിൽ 16 വയസിന് മേൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ നിരക്ക് 70 ശതമാനം പിന്നിട്ടെങ്കിലും ആദിമവർഗ സമൂഹത്തിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ നിലയിൽ തുടരുന്നതിൽ ആശങ്കയുള്ളതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
അതെസമയം ബൂസ്റ്റർ ഡോസ് സംബന്ധിച്ചുള്ള നിർണ്ണായക ചർച്ച തിങ്കളാഴ്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ സജ്ജമാണെന്ന് അദ്ദേഹം കാൻബറയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഈ വർഷം പൊതു സമൂഹത്തിലും ബൂസ്റ്റർ ഡോസ് നൽകി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രെഗ് ഹണ്ട് പറഞ്ഞു.
നവംബർ രണ്ടാം ആഴ്ച മുതൽ ഏജ്ഡ് കെയറിൽ വസിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ അധികൃതരുടെ അനുമതി മാത്രമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഓസ്‌ട്രേലിയയിലെ പൊതുജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. TGA യും ATAGI യും ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നല്കാനിരിക്കുകയാണ്.
പ്രായമേറിയവരും ഏജ്ഡ് കെയറിൽ വസിക്കുന്നവരും ആയിരിക്കും ബൂസ്റ്റർ ഡോസ് ആദ്യം സ്വീകരിക്കുക എന്ന് ചീഫ് ഹെൽത് ഓഫീസർ പോൾ കെല്ലി പറഞ്ഞു.
ഈ വിഭാഗത്തിലുള്ളവർ രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ആറു മാസം പിന്നിട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകിയതിന്റെ വിശദാംശങ്ങൾ പരിശോധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പരിരക്ഷ ഉറപ്പാക്കുന്നതിൽ ബൂസ്റ്റർ ഡോസ് സഹായിക്കുന്നതായി ഇസ്രായേലിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗത്തിന്റെ വ്യാപനവും തീവ്രതയും കുറയ്ക്കുന്നതിലും, പ്രായമേറിവരിൽ കൊറോണവൈറസ് മൂലമുള്ള മരണം തടയുന്നതിലും ബൂസ്റ്റർ ഡോസ് നിർണ്ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് അനുവദിക്കണമെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ വിക്ടോറിയ ചാപ്റ്റർ പ്രസിഡന്റ് റോഡറിക്ക് മക്റേ ആവശ്യപ്പെട്ടു.
ലോക്ക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആരോഗ്യ രംഗത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ ശേഷിയിൽ കുറവ് വന്നിട്ടുണ്ടാകാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പ്രതിരോധ ശേഷി കുറവുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകണമെന്നാണ് ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ റോബർട്ട് ബൂയി നിർദ്ദേശിക്കുന്നത്.
രോഗപ്രതിരോധ ശേഷി വളരെ കുറവുള്ള അഞ്ച് ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഇപ്പോൾ അർഹതയുണ്ട്.