ഓസ്ട്രേലിയൻ ഭവനവിപണിയിൽ 3.2% ഇടിവ്; 2022ൽ പിടിച്ച് നിന്നത് അഡലൈഡ് മേഖലകൾ

നവംബർ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ഭവന വിപണിയിൽ 3.2 ശതമാനത്തിൻറെ കുറവ് രേഖപ്പെടുത്തി. ഭവനവില ഇടിയുന്നതിൻറെ നിരക്ക് കുറഞ്ഞതായും കോർലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.

Homes

Source: Getty / Getty Images

കുതിപ്പിനിടെയുണ്ടായ കിതപ്പാണ് 2022ൽ ഓസ്ട്രേലിയൻ ഭവന വിപണിയിലുണ്ടായതെന്ന് ഒറ്റ വാചകത്തിൽ പറയാം. പണപ്പെരുപ്പം പിടിച്ചു നിറുത്തുന്നതിനായി ഓസ്ട്രേലിയൻ റിസർവ്വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് വീട് വിലയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കിയത്.

ക്യാഷ് റേറ്റിൽ വരുത്തിയ തുടർച്ചയായ എട്ട് വർദ്ധനവുകൾ രാജ്യത്തൊട്ടാകെയുള്ള ഭവന വിപണിയിൽ പ്രതിഫലിച്ചു.

നവംബർ വരെയുള്ള മാസത്തിൽ രാജ്യത്തെ വീട് വിലയുടെ മൂല്യത്തിലുണ്ടായ കുറവ് 3.2% ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സെപ്റ്റംബർ മാസം മുതൽ ഭവനവില കുറയുന്നതിൻറെ വേഗത കുറഞ്ഞെന്നും കോർലോജിക്കിൻറെ റിപ്പോർട്ടിൽ പറയുന്നു.


തലസ്ഥാന നഗരങ്ങളിലെ ഭവന വിലയിലുണ്ടായ കുറവാണ് ദേശീയ തലത്തിലെ ഭവനവിപണിയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്.

കോർലോജിക്കിൻറ റിപ്പോർട്ട് പ്രകാരം നഗരപ്രദേശങ്ങളിലെ വിപണി മൂല്യം 5.2% കുറഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിലെ വിപണി വിലയിൽ 3.3% വർദ്ധനവ് രേഖപ്പെടുത്തി.

തലസ്ഥാന നഗരങ്ങളിലെ വീടുകളുടെയും യൂണിറ്റുകളുടെയും മൂല്യത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് സിഡ്‌നിയിലാണ്. നോർത്തേൺ ബീച്ച് പ്രദേശങ്ങളിലും, ഈസ്റ്റേൺ സബർബുകളിലും ഭവന വിലയിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

Sydney Decline.png
നരാബീൻ, സറി ഹിൽസ്, റെഡ്ഫെൺ മേഖലകളിൽ വീടുകളുടെ മൂല്യം 25 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.


2022 ൽ ദേശീയ തലത്തിൽ വീട് വിലയുടെ മൂല്യത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോഴും ഭവനവില മുന്നോട്ട് കുതിച്ച തലസ്ഥാന നഗരങ്ങളും രാജ്യത്തുണ്ട്.
അഡലൈഡാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. അഡലൈഡ് മേഖലയിലെ ഭവന വിപണിയുടെ വളർച്ച സ്ഥിരതയുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഡലൈഡിലെ ഡാവോറൻ പാർക്ക് മേഖലയിൽ 34.7 ശതമാനവും, സീക്ലിഫ് പാർക്കിൽ 41.4 ശതമാനവും വീടുകളുടെയും യൂണിറ്റുകളുടെയും മൂല്യം ഉയർന്നു.

Adelaide Growth.png

ഉൾനാടൻ മേഖലയിലെ ഭവന വിപണി

2022ൽ പ്രാദേശിക ഭവനവിപണി കരുത്തോടെ നിലകൊണ്ടുവെന്നാണ് കോർലോജികിൻറെ റിപ്പോർട്ടിൽ പറയുന്നത്.
പരിമിതമായ ലഭ്യതയും, ശക്തമായ ആവശ്യകതയും, താങ്ങാനാകുന്ന വിലയുമാണ് പ്രാദേശിക വിപണിയെ സംരക്ഷിച്ച് നിറുത്തിയത്.
ന്യൂ സൗത്ത് വെയിൽസ് പട്ടണമായ ബിംഗാരയിലാണ് വീടുകളുടെ മൂല്യത്തിൽ ഏറ്റവും അധികം വർദ്ധനവ് രേഖപ്പെടുത്തിയത്, 36.2 ശതമാനം.
യൂണിറ്റുകളുടെ മൂല്യം ഏറ്റവും അധികം വർദ്ധിച്ചത് ക്വീൻസ്‌ലാന്റിലെ ലഗുണ ക്വെയ്‌സിലാണ് , 30.9 ശതമാനം.
അതേസമയം, പലിശ നിരക്ക് ഉയർന്നത് ഉൾനാടൻ മേഖലകളിലെ വീടുകളുടെ ആവശ്യകതയിൽ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2023ൽ രാജ്യത്തെ ഭവന വിപണി കുതിക്കുമോ കിതക്കുമോ എന്നതിൽ ആർക്കും കൃത്യമായ ഒരുത്തരമില്ല. എന്നാൽ പലിശ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ വരും വർഷത്തെ ഭവനവിപണിയെ നിയന്ത്രിക്കുമെന്നതിൽ വിദഗ്ധർക്ക് ഏക അഭിപ്രായമാണ്.

2023 ൻറെ ആദ്യ പാദത്തിൽ തന്നെ പലിശ നിരക്കിൽ വീണ്ടും വർദ്ധനവുണ്ടാകുമെന്നും മാർച്ച് മാസത്തോടെ ക്യാഷ് റേറ്റ് 3.6 ശതമാനത്തിലെത്തുമെന്നും സാമ്പത്തിക വിദഗ്ധൻ മാരി കിൽറോയ് അഭിപ്രായപ്പെട്ടു.
2024-ൽ പലിശ നിരക്കുകൾ കുറയാൻ തുടങ്ങുമെന്നും, 2025ൻറെ പകുതിയോടെ പലിശ നിരക്ക് 2.6 ശതമാനത്തിലെത്തുമെന്നും ബിഐഎസ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിൽ പ്രവർത്തിക്കുന്ന മാരി കിൽറോയ് കൂട്ടിച്ചേർത്തു.

Share
Published 28 December 2022 1:05pm
Updated 28 December 2022 1:34pm
By SBS Malayalam
Source: SBS

Share this with family and friends