അതിർത്തി തുറക്കൽ ബുധനാഴ്ച തന്നെ; രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും എത്തി തുടങ്ങാം

ഓസ്‌ട്രേലിയയുടെ അതിർത്തി ഈ ബുധനാഴ്ച തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. ഇതോടെ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും എത്തി തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു.

News

Source: AAP

ഓസ്‌ട്രേലിയൻ സർക്കാറിന്റെ നിലവിലുള്ള പ്രഖ്യാപനത്തിന് അനുസൃതമായി ഈ ബുധനാഴ്ച രാജ്യത്തിൻറെ അതിർത്തി തുറക്കുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി. 

കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചത്. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് ഡിസംബർ 15 ലേക്ക് മാറ്റിയിരുന്നത്.

ഡിസംബർ 15 ന് തന്നെ അതിർത്തി തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടും തിങ്കളാഴ്ച പറഞ്ഞു.

രാജ്യാന്തര വിദ്യാർത്ഥികളെയും സ്‌കിൽഡ് മൈഗ്രന്റ്സിനെയും സ്വാഗതം ചെയ്യാൻ ഓസ്‌ട്രേലിയ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിൻറെ അതിർത്തി തുറക്കുന്നത് സാമ്പത്തിക തിരിച്ചുവരവിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി തുറക്കൽ സംബന്ധിച്ച് നിലവിലുള്ള പ്രഖ്യാപനവുമായി മുന്നോട്ട് പോകുക എന്നതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ചർച്ചകളിൽ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെയും ഡിസംബർ 15 മുതൽ അനുവദിക്കുമെന്ന് പ്രധാന മന്ത്രി വ്യക്‌തമാക്കി.

നവംബർ മുതൽ ഓസ്‌ട്രേലിയയിലേക്ക് യാത്ര സാധ്യമായിരുന്നെങ്കിലും, രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്കും, പെർമനന്റ് റെസിഡന്റ്സിനും ബന്ധുകൾക്കും മാത്രമായിരുന്നു ക്വാറന്റൈൻ ഇല്ലാതെ യാത്ര അനുവദിച്ചിരുന്നത്.


Share
Published 13 December 2021 12:34pm
Updated 13 December 2021 1:33pm
By SBS Malayalam
Source: SBS News


Share this with family and friends