ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം

Minister for Health Greg Hunt says situation on international border restrictions can change as more health advice is received.

Minister for Health Greg Hunt says situation on international border restrictions can change as more health advice is received. Source: AAP

കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്.


ഈ ബുധനാഴ്ച മുതൽ ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കാനായിരുന്നു ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നത്.

രാജ്യാന്തര വിദ്യാർത്ഥികൾക്കും, സ്കിൽഡ് കുടിയേറ്റ വിസകളിലുള്ളവർക്കും, പ്രൊവിഷണൽ ഫാമിലി വിസകളിലുള്ളവർക്കും പ്രവേശനം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇത് നീട്ടിവയ്ക്കാൻ അടിയന്തരമായി ചേർന്ന ദേശീയ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു.
ഡിസംബർ 15 വരെയാണ് നിലവിൽ അതിർത്തി തുറക്കൽ നീട്ടിവച്ചിരിക്കുന്നത്.
ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോൺ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി.

 ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് എത്തിയ  നാലു പേർക്ക് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നോർതേൺ ടെറിട്ടറിയിലും ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.
ഒമിക്രോൺ വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും, ഡെൽറ്റ വൈറസിനെക്കാൾ കൂടുതൽ ഭീഷണി ഇത് ഉയർത്തുന്നുണ്ടോ എന്ന് മനസിലാക്കാനുമായാണ് അതിർത്തി തുറക്കൽ നീട്ടിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

“രോഗം എത്രത്തോളം രൂക്ഷമാകാം, വാക്സിൻ ഫലപ്രദമാണോ, എത്രത്തോളം പകരാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ ഈ കാലാവധി സഹായിക്കും” – പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവിൽ ഓസ്ട്രേലിയൻ പൗരൻമാർക്കും, പെർമനനറ് റെസിഡൻറ്സിനും, അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം. 2020 മാർച്ച് മുതൽ ഇതാണ് സാഹചര്യം.

ന്യൂസിലന്റിലും സിംഗപ്പൂരിലും നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും “ഗ്രീൻ ലൈൻ” യാത്ര അനുവദിച്ചിരുന്നു.

മറ്റു വിഭാഗങ്ങളെയും ഡിസംബർ ഒന്നു മുതൽ അനുവദിച്ചു തുടങ്ങാനുള്ള പദ്ധതിയാണ് ഒമിക്രോൺ വൈറസ് ബാധയോടെ നീണ്ടുപോകുന്നത്.

ജപ്പാനിൽ നിന്നും ദക്ഷിണകൊറിയയിൽ നിന്നുമുള്ള വിനോദസഞ്ചാരികളെ ഡിസംബർ ഒന്നു മുതൽ അനുവദിക്കാനുള്ള തീരുമാനവും സർക്കാർ നീട്ടിവച്ചിട്ടുണ്ട്.

ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവയ്ക്കാനും, ഓസ്ട്രേലിയൻ പൗരൻമാരല്ലാത്തവരെ വിലക്കാനും ശനിയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു.

എല്ലാ രാജ്യാന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാരുകൾ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിക്കുന്നുണ്ട്.


Share