മഹാമാരി മൂലമുള്ള കെടുതികളിൽ നിന്ന് തിരിച്ച് വരവ് നടത്താൻ ശ്രമിക്കുന്ന ഓസ്‌ട്രേലിയ ഉൾപ്പെടുന്ന ഏഷ്യ-പസിഫിക് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണെന്നാണ് IMFന്റെ റിപ്പോർട്ട്.
2021ൽ ഏഷ്യ-പസിഫിക് മേഖലയുടെ സാമ്പത്തിക വളർച്ചയിൽ 1.1 ശതമാനത്തിന്റെ ഇടിവാണ് IMF പ്രവചിക്കുന്നത്. എന്നിരുന്നാലും ഈ മേഖലയിൽ 6.5 ശതമാനം വളർച്ചയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അവശ്യസാധനങ്ങളെയും ഉത്പന്നങ്ങളെയും ആശ്രയിച്ചുള്ള വളർച്ചയാണ് ഓസ്‌ട്രേലിയയെ ഇപ്പോൾ സഹായിക്കുന്നത് എന്ന് IMF ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയയുടെ സാമ്പത്തിക രംഗം 2021 ൽ 3.5 ശതമാനവും 2022ൽ 4.1 ശതമാനവും വളരുമെന്നാണ് IMF ന്റെ പ്രവചനം. 2023ൽ 2.6 ശതമാനമെന്ന മിതമായ വളർച്ചയിലേക്ക് മാറുമെന്നുമാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
ഏറ്റവും വേഗത്തിൽ വളരുന്ന പ്രദേശമായി ഏഷ്യ-പസിഫിക് തുടരുന്നു എന്നാണ് IMF ഡയറക്ടർ ചാങ് യോങ് റീ യുടെ വിലയിരുത്തൽ.
2020ൽ ഏഷ്യ-പസിഫിക് മേഖലയിലെ പല രാജ്യങ്ങളും കൊറോണവൈറസ് മഹാമാരിയെ വിജയകരമായി പ്രതിരോധിച്ചെങ്കിലും, വാക്‌സിനേഷൻ നിരക്ക് ഉയർത്താൻ ആദ്യ ഘട്ടത്തിൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരാജയപ്പെട്ടത് തിരിച്ചടിക്ക് കാരണമായെന്നും IMF നിരീക്ഷിക്കുന്നു.
എന്നാൽ വാക്‌സിനേഷൻ നിരക്ക് ഉയരുന്നതോടെ മേഖലയിലെ വളർച്ച 5.7 ലേക്ക് ഉയരുമെന്നാണ് കരുതുന്നത്. ഏപ്രിലിൽ പ്രവചിച്ചതിൽ നിന്ന് 0.4 ശതമാനം കൂടുതലാണ് ഈ കണക്ക്.
സാമ്പത്തിക തിരിച്ചുവരവ് നേരിടുന്ന വെല്ലുവിളികൾ
സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പണപ്പെരുപ്പമെന്ന് IMF ചൂണ്ടികാട്ടുന്നു.
വിലക്കയറ്റം, വിതരണ ശൃംഖലയിൽ നേരിടുന്ന തടസ്സം, ഷിപ്പിംഗ് ചിലവിലെ വർദ്ധനവ് എന്നിവ പണപ്പെരുപ്പം മൂലം കൂടുതൽ പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വിതരണ ശൃംഖലയിൽ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ താത്കാലികമാണെങ്കിലും പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം കൂടുതൽ കാലത്തേക്ക് നീളാമെന്നും ഡോ റീ മുന്നറിയിപ്പ് നൽകുന്നു.
കൊവിഡ് 19 ഒരു എൻഡെമിക് അഥവാ ഒരു പ്രദേശത്ത് എപ്പോഴും കണ്ട് വരുന്ന അസുഖമായി മാറുകയും പുതിയ വകഭേദങ്ങളോടുള്ള വാക്‌സിന്റെ പ്രതിരോധ ശേഷി കുറയുകയും ചെയ്താൽ പുതിയ വെല്ലുവിളികൾ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.
വിതരണ ശൃംഖലയിലെ നിരന്തരമായ തടസ്സങ്ങൾ, കോർപ്പറേറ്റ് രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമുള്ള സാമ്പത്തിക അനിശ്ചിതാവസ്ഥ, അമേരിക്കയിലെ സാമ്പത്തിക നയങ്ങൾ കർശനമാക്കിയാൽ ഉണ്ടാകാവുന്ന പരിണിത ഫലങ്ങൾ എന്നിവയെല്ലാം കൂടുതൽ പ്രതിസന്ധിക്ക് വഴിയൊരുക്കാം.
ഇക്കാരണങ്ങളാൽ സുസ്ഥിരവും സമതുലിതവുമായ പരിഹാരങ്ങൾ നിർണ്ണായകമാണെന്ന് ഡോ റീ ചൂണ്ടിക്കാട്ടുന്നു.
അതെസമയം ചൈനയിൽ 2021ൽ എട്ട് ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് പ്രവചിക്കുന്നത്.
ഡെൽറ്റ വകഭേദം മൂലമുള്ള പ്രതിസന്ധിയും സാമ്പത്തിക രംഗത്തെ കർശന നടപടികളും ചൈനയുടെ വളർച്ചയെ ബാധിക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് കണക്കിലെടുത്ത് മുൻപ് കണക്ക് കൂട്ടിയിരുന്ന സാമ്പത്തിക വളർച്ചയായ 8.4 ശതമാനം എന്നത് എട്ടിലേക്ക് കുറച്ചതായി IMF ചൂണ്ടിക്കാട്ടുന്നു.