വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഓസ്ട്രേലിയക്കാർക്ക് മാർച്ച് 28 മുതലാണ് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഏർപ്പെടുത്തിയത്.
ആദ്യഘട്ടങ്ങളിൽ സംസ്ഥാന സർക്കാരുകളാണ് ക്വാറന്റൈൻ ചെലവ് വഹിച്ചതെങ്കിലും, പിന്നീട് യാത്രക്കാരിൽ നിന്ന് തന്നെ അത് ഈടാക്കാൻ തുടങ്ങി.
വ്യത്യസ്ത തോതിലാണ് സംസ്ഥാനങ്ങൾ ഇതിന് ഫീസ് ഇടാക്കുന്നത്. നാലംഗ കുടുംബത്തിന് ശരാശരി 5,000 ഡോളർ ക്വാറന്റൈൻ ഫീസായി നൽകേണ്ടി വരും.
എന്നാൽ, ഇപ്പോഴത്തെ വൈറസ് സാഹചര്യം കഴിയുമ്പോൾ വീണ്ടും വീടുകളിലെ ക്വാറന്റൈൻ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
ഓസ്ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി (AHPPC)യുടെ സജീവ പരിഗണനയിൽ ഉള്ള വിഷയമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കുന്ന സമയത്താകും ഇത് പരിഗണിക്കുക എന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
“സുരക്ഷിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക്”
അതേസമയം, ഹോം ക്വാറന്റൈൻ സംവിധാനം വീണ്ടും തുടങ്ങിയാലും വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും അത് ലഭിച്ചേക്കില്ല എന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്.
രോഗബാധ നിയന്ത്രിച്ചുകഴിഞ്ഞ പ്രദേശങ്ങളിൽ നിന്നു വരുന്നവർക്ക് വീട്ടിൽ ക്വാറനറൈൻ ചെയ്യാൻ സൗകര്യം നൽകുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
ഇന്ത്യ പോലെ വൈറസ്ബാധ കൂടി നിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആദ്യഘട്ടത്തിൽ ഇത് ലഭിച്ചേക്കില്ല എന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.
ന്യൂസിലന്റോ, പസഫിക് രാജ്യങ്ങളോ, ജപ്പാനോ, ദക്ഷിണേ കൊറിയയോ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നും, അതിനായി ട്രയാജ് സംവിധാനം (triage) ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെൻമാർക്കും ഗ്രീസും പോലുള്ള രാജ്യങ്ങളിൽ ഇപ്പോൾ തന്നെ ഇത്തരത്തിൽ എവിടെ നിന്ന് വരുന്നു എന്നത് കണക്കിലെടുത്ത് വ്യത്യസ്ത ക്വാറന്റൈൻ സംവിധാനം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.