മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനും ക്യാമറ: AI ക്യാമറകളില്‍ വിപ്ലവം സൃഷ്ടിച്ച് ഓസ്‌ട്രേലിയ

ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് (AI) ക്യാമറകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ കേരളത്തില്‍ നിരവധി പേര്‍ ആശങ്കയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കണ്ടുപിടിക്കാനായി AI ക്യാമറകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത് ഓസ്ട്രേലിയയിലാണെന്ന് എത്ര പേര്‍ക്കറിയാം?

Detection cameras rolling out across New South Wales in bid to catch drivers on mobile phones

AI traffic camera image in NSW Credit: NSW Government

റോഡിലെ വാഹനങ്ങളുടെ വേഗതയളക്കാനുള്ള സ്പീഡ് ക്യാമറകള്‍ ഏറെ പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ക്യാമറകള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമാകുകയാണ്.

ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമെല്ലാം കൃത്യമായി കണ്ടെത്തുന്ന AI ക്യാമറകള്‍ ലോകത്ത് ആദ്യമായി വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത് ഓസ്ട്രേലിയയിലാണ്.

ന്യൂ സൗത്ത് വെയില്‍സില്‍ 2019ലാണ് സംസ്ഥാന വ്യാപകമായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയത്.
മുമ്പ് ഇംഗ്ലണ്ടിലും സൗദി അറേബ്യയിലുമെല്ലാം ഇത് പരീക്ഷിച്ചിരുന്നെങ്കിലും, അക്യൂ സെന്‍സസ് എന്ന ഓസ്ട്രേലിയന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ന്യൂ സൗത്ത് വെയില്‍സ് റോഡുകളില്‍ സ്ഥിരം സംവിധാനമായത്.
ആദ്യ രണ്ടു വര്‍ഷങ്ങളില്‍ നാലുലക്ഷത്തിലേറെ ഡ്രൈവര്‍മാരുടെ മൊബൈല്‍ ഉപയോഗമാണ് AI ക്യാമറകള്‍ കണ്ടെത്തിയത്.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 362 ഡോളറാണ് ന്യൂ സൗത്ത് വെയില്‍സിലെ പിഴ. ഒപ്പം അഞ്ചു ഡീമെറിറ്റ് പോയിന്‍റുകളും ഡ്രൈവര്‍ക്ക് കിട്ടും.

13 ഡീമെറിറ്റ് പോയിന്‍റുകളായാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍റ് ചെയ്യും.

ഈയടുത്ത കാലത്ത് AI ക്യാമറകള്‍ സ്ഥാപിച്ച വിക്ടോറിയയില്‍ 545 ഡോളര്‍ ഫൈനും, നാല് ഡീമെറിറ്റ് പോയിന്റുകളുമാണ് ലഭിക്കുന്നത്.

ക്വീന്‍സ്ലാന്റില്‍ എ ഐ കാമറ പ്രാബല്യത്തില്‍ വന്ന് ആദ്യ ആഴ്ച തന്നെ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചതിന് 1504 പേര്‍ക്കും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 278 പേര്‍ക്കും പിഴ ചുമത്തി.
MicrosoftTeams-image (1).png
Credit: DAVE HUNT
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന് പുറമെ ലാപ്ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട് വാച്ച് മുതലായ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിനും പിഴ ചുമത്തും. വാഹനം ഓടിക്കുന്നയാള്‍ പാട്ടുകള്‍ മാറ്റുന്നതിനും വഴി നോക്കാനും വേണ്ടി മൊബൈല്‍ ഫോണ്‍ കയ്യില്‍ എടുക്കുന്നത് പോലും കുറ്റകരമാണ്.

എങ്ങനെയാണ് AI ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്?

നിയമലംഘനം തത്സമയം കണ്ടെത്തുകയല്ല ഈ ക്യാമറകള്‍ ചെയ്യുന്നത്. മറിച്ച്, ക്യാമറ സ്ഥാപിച്ച റോഡില്‍ കൂടി കടന്നുപോകുന്ന എല്ലാ വാഹനങ്ങളുടെയും ഉള്ളിലെ ചിത്രം അത് പകര്‍ത്തും.

AI സാങ്കേതിക വിദ്യ ഉപയോഗിച്ച് പിന്നീടാണ് ഇതിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തിരിച്ചറിയുന്നത്.

ഒരാള്‍ നിയമലംഘനം നടത്തിയതായി AI കമ്പ്യൂട്ടര്‍ കണ്ടെത്തിയാല്‍ ആ ചിത്രങ്ങള്‍ ഒരു ഓഫീസര്‍ പരിശോധിച്ച ശേഷമാകും പിഴയീടാക്കാനുള്ള നോട്ടീസ് നല്‍കുക.

ക്യാമറയില്‍ സ്വകാര്യദൃശ്യങ്ങള്‍; പരാതികള്‍ വ്യാപകം

വാഹനങ്ങള്‍ക്ക് ഉള്ളിലേക്ക് വരെ കണ്ണുകളെത്തുന്ന ക്യാമറയെക്കുറിച്ച് നിരവധി പരാതികളാണ് ഓസ്ട്രേലിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

അടിവസ്ത്രങ്ങളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം NSWല്‍ ഒരു സ്ത്രീ ഈ പരാതിയുമായി കോടതിയെ സമീപിക്കുകയും ചെയ്തു.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനായി പിടിക്കപ്പെട്ട ശേഷം ഇവര്‍ക്ക് ഗതാഗത വകുപ്പ് അയച്ചു നല്‍കിയ ചിത്രങ്ങളിലാണ്, ഇവര്‍ ധരിച്ചിരുന്ന അടിവസ്ത്രത്തിന്‍റെ ദൃശ്യമുള്ളത്.
A I camera
ആരൊക്കെ ഈ ചിത്രം കണ്ടിട്ടുണ്ടാകും എന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നും, തന്‍റെ സ്വകാര്യതാ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നുമാണ് ഇവര്‍ പരാതിപ്പെട്ടത്.

എന്നാല്‍, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മാത്രമേ ഈ ചിത്രങ്ങള്‍ കാണുള്ളൂ എന്നും, സംസ്ഥാനത്തെ സ്വകാര്യതാ നിയമങ്ങള്‍ എല്ലാം പാലിക്കപ്പെടും എന്നുമാണ് ഗതാഗത വകുപ്പ് ഇതിനു നല്‍കിയ മറുപടി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്റസ് സംവിധാനം വഴി നിയമലംഘനം കണ്ടെത്താത്ത ചിത്രങ്ങള്‍ എല്ലാം ഉടന്‍ തന്നെ ഡെലീറ്റ് ചെയ്യപ്പെടും എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഈ പരാതിയില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല.

ഇതേത്തുടര്‍ന്ന്, ഇത്തരം ചിത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സ്വകാര്യതാ പ്രശ്നങ്ങള്‍ പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ക്വീന്‍സ്ലാന്‌റിലും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇനി മദ്യപിച്ച് കാറോടിച്ചാലും പിടിക്കും

മൊബൈല്‍ ഫോണ്‍ ഉപയോഗവും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമെല്ലാം കണ്ടെത്തുന്നതിന് പിന്നാലെ, മദ്യപിച്ച വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയാണ് ഓസ്ട്രേലിയയില്‍ ഇനി വരുന്നത്.

AI ക്യാമറകള്‍ വികസിപ്പിച്ച അക്യുസെന്‍സസ് കമ്പനി തന്നെയാണ് ഇതിന്റെയും പിന്നില്‍.

ഡ്രൈവറുടെ ശ്രദ്ധ, നിയന്ത്രണം, സാഹചര്യങ്ങളില്‍ പ്രതികരിക്കുന്ന രീതി തുടങ്ങിയവയെല്ലാം തത്സമയം പരിശോധിച്ച്, മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചത്.
ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയുടെയും, ഫെഡറല്‍ റോഡ് സുരക്ഷ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് ഇത്.

ഒന്നിലേറെ ക്യാമറകളിലെ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ സംവിധാനം പരിശോധിച്ച ശേഷം, ലഹരി സംശയിക്കുന്ന ഡ്രൈവര്‍മാരെക്കുറിച്ച് തത്സമയം പൊലീസിന് വിവരം കൈമാറാന്‍ കഴിയുമെന്നാണ് അക്യുസെന്‍സസ് പറയുന്നത്.

Share
Published 29 April 2023 4:09pm
Updated 29 April 2023 9:59pm
By Rinto Antony
Source: SBS

Share this with family and friends