ഓസ്ട്രേലിയയിലേക്ക് സന്ദർശനത്തിനെത്തിയ നാലു മലയാളികൾക്കാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഡിറ്റൻഷൻ കേന്ദ്രത്തിൽ കഴിയേണ്ടി വന്നത്.
സെപ്റ്റംബറിൽ മൂന്നു മലയാളികളെയും, ഇക്കഴിഞ്ഞയാഴ്ച മറ്റൊരു മലയാളിയെയും ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് വിസ റദ്ദാക്കി തടവിലാക്കിയിരുന്നു.
വിസ അപേക്ഷയിൽ കള്ളം പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബറിൽ മൂന്നു മലയാളികളുടെ വിസ റദ്ദാക്കിയത്.
ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുമെന്ന് വിസ അപേക്ഷയിൽ പറഞ്ഞെങ്കിലും, യാത്രയിൽ ഭാര്യ ഒപ്പമില്ല എന്നായിരുന്നു ABF ചൂണ്ടിക്കാട്ടിയത്.
LISTEN TO

ഭാര്യ ഒപ്പമില്ലാത്തതിന് വിസ റദ്ദാക്കി; 'ക്രിമിനലുകളെ പോലെ' ചോദ്യം ചെയ്യൽ: ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ മലയാളികൾ നേരിട്ടത്...
SBS Malayalam
15:45
യാത്രയിൽ അമ്മ ഒപ്പമില്ലെന്നും, ലീവിന്റെ തീയതി മാറ്റിയ കാര്യം ആഭ്യന്തരവകുപ്പിനെ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിൽജിത്ത് എന്ന യുവാവിനെ കഴിഞ്ഞയാഴ്ച ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയത്.
ബന്ധുക്കളെ സന്ദർശിക്കാനായി ടൂറിസ്റ്റ് വിസയിൽ ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു എല്ലാവരും.
ഈ രണ്ടു കേസുകളും കോടതിയിലെത്തിയപ്പോൾ സർക്കാർ മലക്കംമറിഞ്ഞു.
അധികാരവിനിയോഗത്തിൽ വന്ന പാളിച്ചയാണെന്നും, തെറ്റായാണ് ഇവരുടെ വിസ റദ്ദാക്കിയതെന്നും സർക്കാർ തുറന്നുസമ്മതിച്ചു.
ഇതോടെ, വിസ റദ്ദാക്കൽ കോടതി അസാധുവാക്കുകയും ചെയ്തു.
രണ്ടു കേസുകളിലും സന്ദർശകരുടെ കോടതി ചെലവ് സർക്കാർ തിരിച്ചുനൽകുകയും ചെയ്യും.
തുടർച്ചയായ അധികാര ദുർവിനിയോഗമാണ് ABF ഉദ്യോഗസ്ഥർ നടത്തുന്നതെന്നും, ചില രാജ്യങ്ങളിൽ നിന്ന് വരുന്നവരെ മാത്രമാണ് ഇത് ബാധിക്കുന്നതെന്നും വെസ്റ്റേൺ ഓസ്ട്രേലിയ എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ പ്രസിഡന്റ് സുരേഷ് രാജൻ ആരോപിച്ചിരുന്നു.
എന്നാൽ, ഈ ആരോപണം ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് നിഷേധിച്ചു.
വിചേനമില്ലാത്ത രീതിയിലാണ് ഓസ്ട്രേലിയയുടെ കുടിയേറ്റപദ്ധതി നടപ്പാക്കുന്നതെന്നും, ഓരോ കേസിലും അതിന്റെ വസ്തുതകൾ മാത്രമാണ് കണക്കിലെടുക്കുന്നതെന്നും ABF വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
പെർത്തിൽ സന്ദർശകരുടെ വിസ റദ്ദാക്കിയ സംഭവം വിശദമായി പരിശോധിക്കുമെന്ന് ABF വക്താവ് വ്യക്തമാക്കി.
വിമാനത്താവള പരിശോധനയുടെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരിക്കും ഈ പരിശോധനയെന്നും വക്താവ് അറിയിച്ചു.
ഇത്തരത്തിലെ പിഴവുകൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ABF ഉദ്യോഗസ്ഥർക്ക് സ്ഥിരമായി പരിശീലനം നൽകാറുണ്ടെന്നും, നടപടിക്രമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.