ദേശീയപതാകയുള്ള ചെരുപ്പിടാമോ? ഓസ്‌ട്രേലിയന്‍, ഇന്ത്യന്‍ ദേശീയ പതാകകള്‍ തമ്മിലുള്ള 5 വ്യത്യാസങ്ങള്‍...

ഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്ന ജനുവരി 26ന് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. എന്നാല്‍ രണ്ടു രാജ്യങ്ങളിലും ദേശീയ പതാകകള്‍ ഉപയോഗിക്കുന്നതിനുള്ള നിയമത്തില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്.

People selling flags and ornaments in the side of a road in New Delhi, India on Jan. 24, 2022 ahead of India's National Republic Day, which will be held on Jan. 26, 2022. (Photo by Ravi Batra/Sipa USA)

Source: Ravi Batra/Sipa USA and Public Domain

ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും ദേശീയ ദിനങ്ങള്‍ സാന്ദര്‍ഭികമായാണ് ഒരേ ദിവസം വരുന്നത്. ജനുവരി 26.

തീര്‍ത്തും വ്യത്യസ്തമായ കാരണങ്ങളാലാണ് ഇതെന്നു മാത്രം.

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച ശേഷം, സ്വന്തം ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവന്ന ദിവസമാണ് റിപ്പബ്ലിക് ദിനം. 1950 ജനുവരി 26.

ഓസ്‌ട്രേലിയയിലാകട്ടെ, ബ്രിട്ടനില്‍ നിന്നുള്ള ഏഴു കപ്പലുകള്‍ ഓസ്‌ട്രേലിയയിലെത്തി ആദ്യമായി ബ്രിട്ടീഷ് പതാക ഉയര്‍ത്തിയ ദിവസവും. 1788 ജനുവരി 26.
ദേശീയ പതാകകള്‍ ഉപയോഗിക്കുന്ന കാര്യത്തിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി സമാനതകളും, അതുപോലെ വ്യത്യാസങ്ങളുമുണ്ട്. ശ്രദ്ധേയമായ അഞ്ചു വ്യത്യാസങ്ങളാണ് ഇവിടെ നോക്കുന്നത്.

1. ചെരിപ്പിലെ പതാക

ഓസ്‌ട്രേലിയ ഡേ അടുക്കുമ്പോള്‍ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ ഓസ്‌ട്രേലിയന്‍ ദേശീയ പതാകയുമായുള്ള സ്ലിപ്പറുകള്‍ നിറയാറുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ചെരുപ്പിട്ടാല്‍ ജയിലിലാകും.
മൂന്നു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇന്ത്യയില്‍ ഇത്.
അരയ്ക്ക് താഴേക്ക് ഇന്ത്യന്‍ ദേശീയ പതാക ഏതെങ്കിലും തരത്തില്‍ ഉപയോഗിക്കുന്നത് 1971ലെ നിയമത്തില്‍ വിലക്കുന്നുണ്ട്.

അരയ്ക്ക് കീഴ്‌പ്പോട്ട് ധരിക്കുന്ന തരത്തില്‍ വസ്ത്രത്തിലോ, യൂണിഫോമിലോ, അനുബന്ധമായോ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുന്നതും, കുഷ്യനുകളിലും, കൈലേസുകളിലും, നാപ്കിനുകളിലും, അടിവസ്ത്രങ്ങളിലും ദേശീയ പതാക അച്ചടിക്കുകയോ, തയ്ച്ചുപിടിപ്പിക്കുകയോ ചെയ്യുന്നതും വിലക്കുന്നു എന്നാണ് ഈ നിയമം പറയുന്നത്.
ദേശീയ പതാകയുള്ള നിരവധി സാധനങ്ങള്‍ വിപണിയിലെത്തിച്ചതിന് ആമസോണിനെതിരെ ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിഷേധം രൂക്ഷമാകുകയുമാണ്.
അതേസമയം, ഓസ്‌ട്രേലിയയില്‍ ദേശീയ പതാകയുടെ വാണിജ്യ ഉപയോഗം പൂര്‍ണമായും അനുവദനീയമാണ്.
വാണിജ്യ ആവശ്യത്തിന് ദേശീയ പതാക ഉപയോഗിക്കാന്‍ പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യം പോലുമില്ല എന്നാണ് 1953ലെ പതാക നിയമം പ്രകാരമുള്ള പറയുന്നത്.
Australian flag on sandals
Source: Photo by Nat Tung, CC By NC-2.0
എന്നാല്‍, പതാക ഉപയോഗത്തിനുള്ള മറ്റു മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം എന്നു മാത്രം.

മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പരസ്യങ്ങളില്‍ പോലും ദേശീയ പതാക ഉപയോഗിക്കാം.

2. കാറുകളിലെ പതാക ഉപയോഗം

ഓസ്‌ട്രേലിയ ഡേയിലെ മറ്റൊരു കാഴ്ചയാണ് കാറുകളുടെ മുകളില്‍ പാറിപ്പറക്കുന്ന ദേശീയ പതാക. വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാമോ എന്ന കാര്യത്തില്‍ ഓസ്‌ട്രേലിയയില്‍ പ്രത്യേക വ്യവസ്ഥകളൊന്നുമില്ല.

മാത്രമല്ല, പ്രമുഖ വ്യാപാര സ്ഥാപനങ്ങളെല്ലാം കാറുകളില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ദേശീയ പതാകകള്‍ വിപണിയിലെത്തിക്കാറുമുണ്ട്.

ഇങ്ങനെ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ താഴെ വീഴുമ്പോഴും, പറന്നുപോകുമ്പോഴുമെല്ലാം അത് പതാകയെ അപമാനിക്കലാകും എന്ന ഒരു വാദവുമുണ്ട്.

അതേസമയം, ഇന്ത്യയില്‍ എല്ലാവര്‍ക്കും കാറുകളില്‍ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.
ആരുടെയൊക്കെ കാറുകളില്‍ ദേശീയ പതാക അനുവദിക്കും എന്ന കാര്യം 2002ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് വ്യക്തമാക്കുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍മാരും, വിദേശരാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികള്‍, പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, ലോക്‌സഭാ, നിയമസഭാ സ്പീക്കര്‍മാര്‍, ജഡ്ജുമാര്‍ തുടങ്ങി നിര്‍ദ്ദിഷ്ട പദവികളിലുള്ളവര്‍ക്ക് മാത്രമാണ് ഈ അവകാശം.
India Flag
The Ripon Building is illuminated with the tricolors of the Indian flag on the eve of 73rd Republic Day, in Chennai, India, 25 January 2022. Source: EPA/IDREES MOHAMMED

3. മരണാനന്തര ചടങ്ങുകള്‍

മൃതദേഹത്തെ പുതപ്പിക്കാനായി ദേശീയ പതാക ഉപയോഗിക്കുന്നതിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മറ്റൊരു പ്രധാന വ്യത്യാസം.

ഇന്ത്യയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമ്പോള്‍ മാത്രമാണ് ദേശീയ പതാക പുതപ്പിക്കാന്‍ കഴിയുന്നത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെയോ അര്‍ദ്ധസൈനികരുടെയോ സംസ്‌കാരത്തിലും, അല്ലെങ്കില്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തുന്ന മറ്റു സംസ്‌കാരങ്ങളിലും ദേശീയ പതാക പുതപ്പിക്കാം. സംസ്‌കരിക്കും മുമ്പ് ദേശീയ പതാക മാറ്റിയിരിക്കണം.

എന്നാല്‍ ഏതൊരു ഓസ്‌ട്രേലിയന്‍ പൗരന്റെയും മരണാനന്തര ചടങ്ങുകളില്‍ ഓസ്‌ട്രേലിയന്‍ ദേശീയ പതാക പുതപ്പിക്കാന്‍ കഴിയും. പതാക പുതപ്പിക്കുന്നതിന് കൃത്യമായ രീതിയുണ്ട്.

പതാകയില്‍ യൂണിയന്‍ ജാക്ക് വരുന്ന ഇടത് മുകള്‍ ഭാഗം, മൃതദേഹത്തിന്റെ ഇടതു തോളിനോടു ചേര്‍ന്നാകണം പുതപ്പിക്കേണ്ടത്.
Flag on coffin
Source: Department of Prime Minister and Cabinet
ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഇത്.

എന്നാല്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകും മുമ്പ് ദേശീയ പതാക മാറ്റണം.

4. പതാക പകുതി താഴ്ത്തല്‍

ഇന്ത്യയില്‍ പ്രമുഖ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ മരണത്തിനു ശേഷം ദുഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്താറുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടും.

മറ്റേതെങ്കിലും വിദേശ രാജ്യത്തെ പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവുപ്രകാരവും ദേശീയപതാക പകുതി താഴ്ത്തും.

അതേസമയം ഓസ്‌ട്രേലിയയില്‍ ഇവിടത്തെ പൗരന്‍മാരുടെ മരണത്തിലെ ദുഖാചരണത്തേക്കാള്‍ കൂടുതല്‍ സമയം ദേശീയ പതാക താഴ്ത്തിക്കെട്ടുന്നത് ബ്രിട്ടീഷ് രാജ്ഞി (അല്ലെങ്കില്‍ രാജാവ്) മരിക്കുമ്പോഴാണ്.
രാജാവോ രാജ്ഞിയോ മരിച്ചു എന്ന പ്രഖ്യാപനം വരുന്നത് മുതല്‍, അടുത്ത കിരീടാവകാശി അധികാരം ഏറ്റെടുക്കുന്നതു വരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കണം.
ബ്രിട്ടീഷ് രാജകുകുടുംബത്തിലെ മറ്റംഗങ്ങള്‍ മരിക്കുമ്പോഴും ദേശീയ പതാക താഴ്ത്താന്‍ സര്‍ക്കാരിന് നിര്‍ദ്ദേശിക്കാം.

ഇതോടൊപ്പം, ഓസ്‌ട്രേലിയയിലെ ഗവര്‍ണ്ണര്‍ ജനറല്‍, മുന്‍ ഗവര്‍ണ്ണര്‍ ജനറല്‍, വിശിഷ്ട പദവികളുള്ള ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ എന്നിവരുടെ മരണത്തിലുമെല്ലാം പതാക താഴ്ത്തി ദു:ഖാചരണം നടത്തും.

5. പതാകയെ അപമാനിച്ചാല്‍

ദേശീയ പതാകയെ ബഹുമാനിക്കുക എന്നത് രണ്ടു രാജ്യങ്ങളിലും അടിസ്ഥാന നിയമമാണ്.

എന്നാല്‍, ദേശീയ പതാകയെ അപമാനിച്ചാല്‍ എന്തു ശിക്ഷ നല്‍കും എന്നതിന് വ്യക്തമായ നിയമമുള്ളത് ഇന്ത്യയില്‍ മാത്രമാണ്.

1971ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയല്‍ നിയമം ഏതൊക്കെ സാഹചര്യങ്ങളില്‍ ശിക്ഷ നല്കാം എന്ന് വ്യക്തമായി നിര്‍വചിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ അത്തരമൊരു നിയമമില്ല. പല തവണ ഇതിനായി നിയമം കൊണ്ടുവരാന്‍ ശ്രമമുണ്ടായെങ്കിലും ഒന്നും ഇതുവരെ പാസായിട്ടില്ല.

എന്നാല്‍, ദേശീയ പതാകയെ അപമാനിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കില്ല എന്നല്ല അതിനര്‍ത്ഥം. സംസ്ഥാനങ്ങളിലെ മറ്റു പല നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കാനും ശിക്ഷിക്കാനും കഴിയും.


Share

Published

Updated

By Deeju Sivadas

Share this with family and friends