സർക്കാരുമായി തർക്കം മുറുകുന്നു: ഓസ്ട്രേലിയയിൽ ഫേസ്ബുക്കിൽ വാർത്തകൾ നിരോധിക്കുമെന്ന് മുന്നറിയിപ്പ്

മാധ്യമസ്ഥാപനങ്ങളുമായി ഫേസ്ബുക്കും ഗൂഗിളും വരുമാനം പങ്കുവയ്ക്കണം എന്ന നിയമം നടപ്പിൽ വന്നാൽ ഓസ്ട്രേലിയൻ അക്കൗണ്ടുടമകൾ വാർത്തകൾ ഷെയർ ചെയ്യുന്നത് നിരോധിക്കുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകി.

Facebook CEO Mark Zuckerberg

Facebook CEO Mark Zuckerberg Source: AAP

ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ പങ്കുവയ്ക്കുന്നത് മാധ്യമസ്ഥാപനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ പുതിയ മീഡിയ ബാർഗൈനിംഗ് കോഡ് പ്രഖ്യാപിച്ചത്.

വാർത്തകൾ ഷെയർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഗൂഗിളും ഫേസ്ബുക്കും പോലുള്ള ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ മാധ്യമസ്ഥാപനങ്ങളുമായി പങ്കുവയ്ക്കണം എന്നാണ് ഈ ബാർഗൈനിംഗ് കോഡിന്റെ കരടു രൂപം പറയുന്നത്.

മൂന്നു മാസത്തിനകം മാധ്യമസ്ഥാപനങ്ങളുമായി ചർച്ച നടത്തി വരുമാനം പങ്കുവയ്ക്കുന്നതിനുള്ള രീതികൾ തീരുമാനിക്കണം എന്നും ACCC നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വരികയാണെങ്കിൽ, ഓസ്ട്രേലിയയിൽ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്ക് മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ ഈ പ്ലാറ്റ്ഫോമുകൾ വഴി ഷെയർ ചെയ്യാൻ കഴിയില്ല എന്നാണ് ഫേസ്ബുക്ക് ഓസ്ട്രേലിയ മേധാവി വിൽ ഈസ്റ്റൻ പ്രഖ്യാപിച്ചത്.

മാധ്യമസ്ഥാപനങ്ങൾക്കും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വഴി വാർത്തകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല.

ഇത് മാധ്യമസ്ഥാപനങ്ങളെയാകും ഏറ്റവുമധികം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതല്ല ഫേസ്ബുക്കിന്റെ പ്രഥമ പരിഗണനയെന്നും, എന്നാൽ കോഡ് നടപ്പായാൽ അതിലേക്ക് നീങ്ങുമെന്നും വിൽ ഈസ്റ്റൻ പറഞ്ഞു.

വാർത്തകൾ ഷെയർ ചെയ്യുന്നതിലൂടെ ഫേസ്ബുക്കിന് കൂടുതൽ വരുമാനം ലഭിക്കുന്നു എന്ന സർക്കാരിന്റെ വിലയിരുത്തൽ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈവർഷം ആദ്യ അഞ്ചു മാസങ്ങളിൽ മാത്രം 2.3 ബില്യൺ ക്ലിക്കുകൾ സൗജന്യമായി ഫെസ്ബുക്ക് വഴി മാധ്യമസ്ഥാപനങ്ങൾക്ക് ലഭിച്ചുവെന്നും, 200 മില്യൺ ഡോളറാണ് ഇതിലൂടെ മാധ്യമങ്ങൾക്ക് വരുമാനം കിട്ടിയതെന്നും വിൽ ഈസ്റ്റൻ പറഞ്ഞു.

നേരത്തേ ഗൂഗിളും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

കോഡ് നടപ്പായാൽ ഓസ്ട്രേലിയൻ ഉപയോക്താക്കൾക്ക് ഗൂഗിളിലും യൂട്യൂബിലും ലഭിക്കുന്ന സെർച്ച് ഫലങ്ങളെ അത് കാര്യമായി ബാധിക്കും എന്നാണ് ഗൂഗിൾ നൽകിയ മുന്നറിയിപ്പ്.

അതേസമയം, ഇത്തരം “ഭീഷണി”കൾ കൊണ്ട് ഓസ്ട്രേലിയൻ സർക്കാരിന്റെ നിലപാട് മാറ്റാൻ കഴിയില്ലെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് പ്രതികരിച്ചു.
ദേശീയ താൽപര്യം മുൻനിർത്തിയാണ് ഓസ്ട്രേലിയൻ സർക്കാർ നിയമങ്ങൾ നിർമ്മിക്കുന്നതെന്നും, ഭീഷണികൾ കൊണ്ട് അതിനെ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിന്റെ നിലപാട് നീതീകരിക്കാവുന്നതല്ലെന്ന് ACCCയും പ്രതികരിച്ചു.


Share
Published 1 September 2020 4:38pm
Source: AAP, SBS


Share this with family and friends