നിങ്ങളുടെ ഓസ്ട്രേലിയൻ വിസ റദ്ദായാൽ എന്തു ചെയ്യാം?

ഓസ്ട്രേലിയയിലേക്ക് എത്തിയവരുടെ വിസ പല കാരണങ്ങളാൽ റദ്ദാക്കപ്പെടാറുണ്ട്. ഏതെങ്കിലും കാരണങ്ങളാൽ വിസ റദ്ദായാൽ എന്താണ് ചെയ്യാൻ കഴിയുക എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

Scales and gavel

Source: Getty Images/boonchai wedmakawand

Highlights:

  • ആഭ്യന്തരമന്ത്രിക്കോ, കുടിയേറ്റമന്ത്രിക്കോ, അവരുടെ പ്രതിനിധിക്കോ മാത്രമേ വിസ റദ്ദാക്കാൻ അധികാരമുള്ളൂ
  • കുടിയേറ്റ നിയമത്തിലെ 501ാം വകുപ്പ് പ്രകാരമാണ് വിസ റദ്ദാക്കുന്നതെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് അപ്പീൽ ട്രൈബ്യൂണലിനെ സമീപിക്കാൻ കഴിയും

നിരവധി കാരണങ്ങൾ കൊണ്ട് വിസ റദ്ദാകാം എന്ന് ക്വീൻസ്ലാന്റിലെ റെഫ്യൂജീ ആന്റ് ലീഗൽ സർവീസിലെ സോളിസിറ്ററും മൈഗ്രേഷൻ ഏജന്റുമായ ടീം മാഡിഗൻ ചൂണ്ടിക്കാട്ടുന്നു.

വിസ വ്യവസ്ഥകളുടെ ലംഘനം, സ്വഭാവ മാനദണ്ഡങ്ങൾ പാലിക്കാതെ വരിക, വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതായി തെളിയുക തുടങ്ങിയ കാരണങ്ങളാലാണ് പ്രധാനമായും വിസകൾ റദ്ദാക്കുന്നത്.

വിസ റദ്ദാകുന്നതോടെ ഒരാൾ “നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരനാ”കും.
ഇതോടെ അയാളെ ഇമിഗ്രേഷൻ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കാനും, രാജ്യത്ത് നിന്ന് പുറത്താക്കാനും കഴിയും.
വിസ റദ്ദാക്കുന്നതിനെക്കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ അന്നു തന്നെ നിയമോപദേശം തേടുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യമെന്ന് ടിം മാഡിഗൻ പറഞ്ഞു.

കാരണം, ഇത്തരം നോട്ടീസുകൾക്ക് മറുപടി നൽകാൻ പലപ്പോഴും രണ്ടു ദിവസം മാത്രമാകും പരമാവധി ലഭിക്കുക.

തെറ്റായ വിവരങ്ങൾ സമർപ്പിച്ച് വിസ ലഭിച്ചതാണെങ്കിൽ ഏറെക്കാലം കഴിഞ്ഞും ആ വിസ റദ്ദാകാം.

പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ വരെ വിസ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് ലീഗൽ എയ്ഡ് ന്യൂ സൗത്ത് വെയിൽസിലെ സോളിസിറ്റർ കേറ്റ് ബോൺസ് പറയുന്നു.
Asylum seekers in detention
Source: AAP Image/Darren England
സമീപകാലത്തായി വിസ റദ്ദാക്കുന്ന നടപടി കൂടുകയുമാണ്. മുമ്പ് വിസക്കായി സമർപ്പിച്ച രേഖകൾ സൂക്ഷ്മമായി പരിശോധിക്കുന്ന നടപടി ആഭ്യന്തര വകുപ്പ് ഊർജ്ജിതപ്പെടുത്തിയിരിക്കുകയാണെന്ന് കേറ്റ് ബോൺസ് പറഞ്ഞു.

രേഖകൾ തെറ്റാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടിയാലും പലപ്പോഴും അതിന് തൃപ്തികരമായ മറുപടി നൽകാൻ അവസരമുണ്ടാകുമെന്ന് കേറ്റ് ബോൺസ് പറയുന്നു.
രേഖകൾ നഷ്ടപ്പെട്ടുപോയതോ, ചില രാജ്യങ്ങളിൽ ചില തരം രേഖകൾ നൽകാൻ സംവിധാനമില്ലാത്തതോ ഒക്കെ കാരണമാകാം.
അല്ലെങ്കിൽ, പല സംസ്കാരങ്ങളിലും ജനനത്തീയതി ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്ന രീതിയില്ലാത്തതും ഒക്കെ ചൂണ്ടിക്കാട്ടാൻ കഴിയുമെന്ന് കേറ്റ് ബോൺസ് പറഞ്ഞു.

ഓസ്ട്രേലിയയിൽ ഏതെങ്കിലും കേസുകളിൽ ശിക്ഷിക്കപ്പെടുമ്പോഴാണ് വിസ റദ്ദാക്കപ്പെടാനുള്ള മറ്റൊരു സാധ്യത. 12 മാസമോ അതിൽ കൂടുതലോ ജയിൽശിക്ഷക്ക് വിധിക്കപ്പെട്ടാൽ വിസ റദ്ദാക്കാമെന്ന് മക്വാറാ യൂണിവേഴ്സിറ്റി സോഷ്യൽ ജസ്റ്റിസ് ക്ലിനിക്കിന്റെ ഡയറക്ടർ ഡോ. ഡാനിയൽ ഗെസൽബാഷ് സൂചിപ്പിച്ചു.
Refugee camp
Source: AAP Image/EPA/BORIS ROESSLER
വിസ റദ്ദാക്കിയാൽ പുതിയ വിസയ്ക്കായി കുടിയേറ്റകാര്യമന്ത്രിക്ക് തന്നെ അപേക്ഷ നൽകാനുള്ള അവസരമുണ്ട്.

പക്ഷേ അങ്ങനെ അപേക്ഷ നൽകിയാൽ, അതിൻമേൽ തീരുമാനമുണ്ടാകും വരെ ഇമിഗ്രേഷൻ ഡിറ്റൻഷൻ കേന്ദ്രത്തിൽ കഴിയേണ്ടി വരും.

പലപ്പോഴും രണ്ടു വർഷം വരെ അത് നീണ്ടുപോകാമെന്നും ഡോ. ഗെസൽബാഷ് പറഞ്ഞു.

വിസ റദ്ദാകുന്നത് മാത്രമല്ല, വിസ റദ്ദാക്കും എന്ന ഭീഷണികളും ഇതുപോലെ ശ്രദ്ധിക്കേണ്ട വിഷയമാണ്.

ഗാർഹിക പീഡനക്കേസുകളിലും മറ്റും പലപ്പോഴും ഇരകൾ മുന്നോട്ടുവരാൻ മടിക്കുന്നത് വിസ റദ്ദാക്കും എന്ന പങ്കാളിയുടെ ഭീഷണിയെത്തുടർന്നാണ്.
എന്നാൽ അത്തരത്തിൽ വിസ റദ്ദാക്കണം എന്നാവശ്യപ്പെടാൻ പങ്കാളിക്ക് നിയമപരമായ അവകാശമില്ലെന്ന് കേറ്റ് ബോൺസ് ചൂണ്ടിക്കാട്ടി.
ഗാർഹികപീഡനം നേരിടുന്നത് മൂലം താൽക്കാലിക വിസയിലുള്ള ഒരാൾ പങ്കാളിയെ ഉപേക്ഷിച്ച് പോകേണ്ടിവന്നാൽ, അയാളുടെ വിസ റദ്ദാക്കില്ല എന്നതാണ് കുടിയേറ്റകാര്യ വകുപ്പിന്റെ നയമെന്നും അവർ പറഞ്ഞു.
Red Cross
Source: AAP Image/EPA/Alejandro Garcia
ഇക്കാര്യം കുടിയേറ്റകാര്യ വകുപ്പിനെ ഉടൻ അറിയിക്കുക എന്നതാണ് ഏറ്റവും പ്രധാനം

എവിടെ ചോദ്യം ചെയ്യാം?

വിസ റദ്ദാക്കിയാൽ അതിനെ ചോദ്യം ചെയ്യാൻ പല മാർഗ്ഗങ്ങളാണ് ഓസ്ട്രേലിയയിൽ ഉള്ളതെന്ന് ഡോ. ഗെസൽബാഷ് പറയുന്നു.

ഏതു തരത്തിലാണ് വിസ റദ്ദാക്കിയത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാകും അത്.

കുടിയേറ്റ നിയമത്തിന്റെ 501ാം വകുപ്പ് പ്രകാരമാണ് വിസ റദ്ദാക്കുന്നതെങ്കിൽ, സമീപിക്കുക എന്നതാണ് പ്രധാന നടപടി.

വിസയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പരിശോധിക്കുന്ന സ്വതന്ത്ര ട്രൈബ്യൂണൽ അംഗങ്ങൾ, വിസ റദ്ദാക്കുകയോ നിരസിക്കുകയോ ചെയ്ത നടപടി സാധുവാണോ എന്ന് തീരുമാനിക്കും.

AATയുടെ തീരുമാനത്തിൽ നിയമപരമായ പാളിച്ചകളുണ്ടെന്ന് സംശയമുണ്ടെങ്കിൽ, അക്കാര്യം ചൂണ്ടിക്കാട്ടി ഫെഡറൽ സർക്യൂട്ട് കോടതിയെ സമീപിക്കാനും കഴിയുമെന്ന് ഡോ. ഗെസൽബാഷ് പറഞ്ഞു. പക്ഷേ അത് വളരെക്കുറച്ച് സാഹചര്യങ്ങളിൽ മാത്രമേ കഴിയൂ.
Legal consultation
If your visa is canceled, it is recommended to seek legal assistance immediately. Source: Getty Images/Maskot


നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്ന AAT അംഗത്തിന് അനുസരിച്ച് തീരുമാനമങ്ങൾ മാറാമെന്ന് ഡോ. ഗെസൽബാഷ് പറഞ്ഞു. 50ലേറെ കേസുകൾ പരിഗണിച്ചിട്ടുള്ള ട്രൈബ്യൂണൽ അംഗങ്ങളെക്കുറിച്ച് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്.

ട്രൈബ്യൂണലിലെ ചില അംഗങ്ങൾ അഭയാർത്ഥി അപേക്ഷകളിൽ ഒരിക്കലും അനുകൂല തീരുമാനമെടുത്തിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. എന്നാൽ ഒരംഗം 86 ശതമാനം കേസുകളിലും അഭയാർത്ഥികൾക്ക് അനുകൂലമായ തീരുമാനമെടുത്തു.

എന്നാൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്, 52 ശതമാനം അപേക്ഷകരെയും പ്രതിനിധീകരിക്കാൻ ട്രൈബ്യൂണലിൽ അഭിഭാഷകർ ആരും ഉണ്ടാകാറില്ല എന്നതാണ്.

കേസ് വാദിക്കാൻ ഒരു അഭിഭാഷകനുണ്ടെങ്കിൽ വിജയസാധ്യത ഏഴു മടങ്ങ് ഉയരും എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.


പ്രത്യേക ശ്രദ്ധയ്ക്ക്: പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഇതു ബാധകമാകണമെന്നില്ല. നിങ്ങളുടെ വിസ സാഹചര്യത്തെക്കുറിച്ച് ആശങ്കകളുണ്ടെങ്കിൽ എത്രയും വേഗം നിയമോപദേശം തേടേണ്ടതാണ്.


 

സൗജന്യ നിയമോപദേശത്തിന് നിങ്ങളുടെ സംസ്ഥാനത്തെ ലീഗൽ എയ്ഡിനെ ബന്ധപ്പെടാവുന്നതാണ്.

ക്വീൻസ്ലാന്റിൽ സൗജന്യമായ നിയമോപദേശം നൽകുന്ന സ്ഥാപനമാണ് അഥവാ RAILS. നമ്പർ: (07) 3846 9300.

അല്ലെങ്കിൽ ബുധനാഴ്ചകളിലും വെള്ളിയാഴ്കളിലും 10 മണി മുതൽ 2 മണി വരെ സൗജന്യ നിയമോപദേശത്തിനായി ബന്ധപ്പെടാം: (03) 9413 0100 

സൗജന്യ പരിഭാഷാ സേവനത്തിന് 13 14 50 ൽ ബന്ധപ്പെടാം

താൽക്കാലിക വിസകളിലുള്ളവർക്ക് സഹായങ്ങൾ എത്തിക്കുന്നുണ്ട്. റെഡ് ക്രോസ് വെബ്സൈറ്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും.

 

 

Share
Published 13 July 2020 3:42pm
Updated 12 August 2022 3:14pm
By Amy Chien-Yu Wang, SBS Malayalam
Source: SBS


Share this with family and friends